കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Monday, September 12, 2022

രോഗം അവസാനമല്ല ISBN 9789356808386

രോഗം അവസാനമല്ല Malayalam | Motivational | Health 

ROGAM   AVASANAMALLA

Editor | Manoj Manayil

First Edition | September 2022

Rights Reserved

Publishers: 

AGASTHYA BOOKS,

Sree Swami Vaidya Gurukulam,

Perumbavoor, Ernakulam

e-mail: agasthyabooks@gmail.com

Cover: Niranjana Manayil

Printed at: Print ExPress, Kaloor, Cochin

ISBN-9789356808386

Price: 100/-

Thursday, May 19, 2016

രാമകഥാരസം - ഭാഗം 11

ശബരിയുടെ ഭക്തി

May 20, 2016


സീതാവിരഹം മൂലം ദുഃഖപരവശനായി നടന്ന ശ്രീരാമന്‍ ഒരു ദിവസം ‘ഭക്തയായ ശബരി എന്ന സ്ത്രീയുടെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നു. രാമലക്ഷ്മണന്മാരെ ശബരി യഥായോഗ്യം സ്വീകരിച്ചു. ഇരിപ്പിടം നല്‍കി സല്‍ക്കരിച്ചു. കുശലാന്വേഷണം നടത്തി. തന്റെ ഗുരുവിന്റെ നിര്‍ദേശപ്രകാരം താന്‍ ശ്രീരാമചന്ദ്രന്റെ ആഗമനം പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നെന്ന് ശബരി അവരോടു പറഞ്ഞു.
തുടര്‍ന്ന് ശബരി ചോദിച്ചു:
ഭഗവാനേ! മൂഢസ്ത്രീയായ ഞാന്‍ ഹീനജാതിയില്‍ പിറന്നിട്ടും അവിടുത്തെ ദര്‍ശന‘ഭാഗ്യത്തിന് യോഗ്യയായിത്തീര്‍ന്നത് എങ്ങനെയാണെന്നു പറഞ്ഞാലും.”
ശ്രീരാമചന്ദ്രന്‍ പറഞ്ഞു:
“അല്ലയോ സ്ത്രീ രത്‌നമേ! പുരുഷത്വം, സ്ത്രീത്വം, കുലം, ജാതി, നാമം, ആശ്രമംതുടങ്ങിയവയ്‌ക്കൊന്നും യാതൊരു പ്രാധാന്യവുമില്ല. ‘ഭക്തി തന്നെയാണ് എല്ലാറ്റിലുംശ്രേഷ്ഠമായിട്ടുള്ളത്. നിന്നിലുള്ള അകളങ്കമായ ‘ഭക്തി തന്നൊണ് നിന്റെ മഹത്വം.”തുടര്‍ന്ന് ശ്രീരാമചന്ദ്രന്‍ ശബരിയ്ക്ക് നവവിധ ഭക്തിമാര്‍ഗത്തെ ഉപദേശിച്ചു.

രാമകഥാരസം - ഭാഗം 10

ഹൃദയനിവാസി

May 19, 2016

സീതാദേവിയെ ലങ്കയില്‍ നിന്നും വീണ്ടെടുക്കാനുള്ള ആലോചന നടക്കുന്ന സമയം. ഒരു ദിവസം രാത്രിയില്‍ ശ്രീരാമചന്ദ്രന്‍ ഭക്തനായ സുഗ്രീവന്റെ മടിയില്‍ തലവെച്ചു കിടന്ന് വിശ്രമിക്കുകയായിരുന്നു.
ഭക്തഹനുമാനും അംഗദനും ആ സമയം ഭഗവാന്റെ പാദങ്ങള്‍ തഴുകിക്കൊണ്ടിരുന്നു. കിടക്കുകയായിരുന്ന ശ്രീരാമചന്ദ്രന്റെ ദൃഷ്ടി ആകാശത്ത് ഉദിച്ച് നില്‍ക്കുന്ന ചന്ദ്രനില്‍ പതിഞ്ഞു. ഉടന്‍ ശ്രീരാമചന്ദ്രന്‍ ചോദിച്ചു: ചന്ദ്രനില്‍ കാണുന്ന കറുത്ത അടയാളെമെന്തെനന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?”
ഒരു നിമിഷത്തെ നിശ്ശബദയ്ക്കുശേഷം ഹനുമാന്‍ പറഞ്ഞു: ഭഗവാനെ! നീലമേഘശ്യാമവര്‍ണനായ ഭഗവാന്‍ മഹാവിഷ്ണുവിന്റെ പരമഭക്തനാണ് ചന്ദ്രന്‍. പരമാത്മസ്വരൂപനായ ഭഗവാന്‍ സദാസമയവും ഭക്തഹൃദയങ്ങളിലാണല്ലോ വസിക്കുന്നത്! അതിനാല്‍ ശ്യാമവര്‍ണനായ ഭഗവാന്‍ മഹാവിഷ്ണു ചന്ദ്രനെ ഹൃദയത്തില്‍ വസിക്കുന്നതുകൊണ്ടാണ് ചന്ദ്രനില്‍ കറുത്ത അടയാളം കാണുന്നത്.”
‘ഭഗവാന്‍ മഹാവിഷ്ണുവിന്റെ അവതാരമായ സാക്ഷാല്‍ ശ്രീരാമചന്ദ്രന്‍ തന്നെയാണ് ചന്ദ്രന്റെ ഹൃദയത്തില്‍ വസിക്കുന്നതെന്ന് ഹനുമാന്‍ പരോക്ഷരൂപത്തില്‍ സൂചിപ്പിക്കുകയായിരുന്നു.

രാമകഥാരസം - ഭാഗം 9

ചണ്ഡീദേവി

May 18, 2016

വിഭീഷണന്‍ ലങ്കാധിപതിയായി വാഴുന്ന കാലം. രാമരാവണ യുദ്ധത്തില്‍ കൊല്ലപ്പെട്ട കുംഭകര്‍ണന്റെ പുത്രന്‍ മൂലകാസുരന്‍ എന്നുപേരായ അസുരന്‍ വിഭീഷണനെ യുദ്ധത്തില്‍ തോല്‍പ്പിച്ച് ലങ്കയില്‍ നിന്ന് പുറത്താക്കി. രാജ്യത്തില്‍ നിന്ന് നിഷ്‌കാസിതനായ വിഭീഷണന്‍ ശ്രീരാമസമീപം വന്ന് സങ്കടമുണര്‍ത്തിച്ചു.
വിവരം ഗ്രസിച്ച ശ്രീരാമന്‍ സൈന്യത്തേയും കൂട്ടി ലങ്കയിലെത്തി മൂലകാസുരനുമായി യുദ്ധത്തിലേര്‍പ്പെട്ടു.
എത്രതന്നെ ശ്രമിച്ചിട്ടും മൂലകാസുരനെ വധിക്കാന്‍ ശ്രീരാമനായില്ല. ഈ സമയം ബ്രഹ്മാവ് പ്രത്യക്ഷപ്പെട്ടു പറഞ്ഞു: അല്ലയോ ശ്രീരാമ! ഒരു വീരന്റേയും കൈകൊണ്ട് മരിക്കുകയില്ലെന്ന് മൂലകാസുരന്‍
വരം നേടിയിട്ടുണ്ട്. എന്നാല്‍ മൂലകാസുരന്റെ മരണം സീതയുടെ കൈകള്‍ കൊണ്ടായിരിക്കുമെന്ന് ഒരു മഹര്‍ഷിയുടെ ശാപവും മൂലകാസുരനു ലഭിച്ചിട്ടുണ്ട്. അതിനാല്‍
സീതയെ വരുത്തിയാലും.”ബ്രഹ്മാവിന്റെ വാക്ക്പ്രകാരം അയോധ്യയില്‍ നിന്ന് സീതയെ വരുത്തിച്ചു. സീത ലങ്കയിലെത്തി തന്റെ തമോരൂപത്തെ യുദ്ധത്തിനായി പ്രേരിപ്പിച്ചു.
ഇതിനിടയില്‍ വാനരന്മാര്‍ മൂലകാസുരന്‍ നടത്തിയിരുന്ന യാഗം മുടക്കുകയും ചെയ്തു. സീതയുടെ തമോരൂപം ചണ്ഡിയുടെ വേഷം ധരിച്ച് മൂലകാസുരനുമായി യുദ്ധത്തിലേര്‍ പ്പെട്ടു. ഏഴുദിവസം നീണ്ട്‌നിന്ന യുദ്ധത്തില്‍ സീതയുടെ കൈകളാല്‍ മൂലകാസു രന്‍ കൊല്ലപ്പെട്ടു. അന്നുമുതല്‍ ജനങ്ങള്‍ സീതാദേവിയെ ചണ്ഡീദേവിയായും ആരാധിച്ചു വരുന്നു.

രാമകഥാരസം - ഭാഗം - 8


രാമകഥാരസം - ഭാഗം 07

ശ്രീരാമനും കാക്കയും

May 16, 2016

രാവണന്‍ അപഹരിച്ചുകൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ച് ശ്രീരാമചന്ദ്രന്‍വനത്തിലൂടെ അലഞ്ഞു നടന്നു. ഈ സമയം ഭഗവാന്‍ കണ്ടുമുട്ടിയ മുനിമാര്‍ക്കുംപക്ഷിമൃഗാദികള്‍ക്കുമെല്ലാം തന്റെ അനുഗ്രഹവും മോക്ഷവും നല്‍കി. ഭഗവാന്‍ വനത്തിലൂടെ സഞ്ചരിക്കുന്നതും മുനിമാര്‍ക്കും പക്ഷിമൃഗാദികള്‍ക്കുമെല്ലാം മോക്ഷം കൊടുക്കുന്നതും ഭൂശുണ്ഡി എന്നുപേരായ ഒരു കാക്ക നിരീക്ഷിക്കുന്നുണ്ടായിരുന്നു. വനത്തിലൂടെ സീതാദേവിയെ അന്വേഷിച്ചു നടക്കുന്ന ശ്രീരാമചന്ദ്രന്‍ ഈശ്വരന്‍ തന്നെയാണോ എന്ന് കാക്കയ്ക്ക് സംശയമായി.
ഒരു ദിവസം ശ്രീരാമചന്ദ്രന്‍ വനത്തിലൂടെ സഞ്ചരിക്കുമ്പോള്‍ ഭൂശുണ്ഡി എന്ന ഈകാക്ക ഒരു മരത്തിലിരുന്ന് ഭഗവാനെ വായില്‍ത്തോന്നിയ അസഭ്യവാക്കുകള്‍പറയാന്‍ തുടങ്ങി. കാക്കയുടെ അധികപ്രസംഗം നിര്‍ത്തിക്കൊടുക്കാമെന്ന് വിചാരിച്ച് ശ്രീരാമചന്ദ്രന്‍ തന്റെ ആവനാഴിയില്‍ നിന്ന് ഒരു അമ്പെടുത്ത് കാക്കയ്ക്ക് നേരെതൊടുത്തു. തന്റെ നേരെ പാഞ്ഞുവരുന്ന അമ്പ് കണ്ട് കാക്ക പ്രാണനും കൊണ്ട്പറക്കാന്‍ തുടങ്ങി. എവിടെയൊക്കെ കാക്ക പറന്നുപോയോ അവിടെയൊക്കെ അസ്ത്രവും ചെന്നു.ഒടുവില്‍ ഗത്യന്തരമില്ലാതെ കാക്ക ശ്രീരാമചന്ദ്രനെത്തന്നെ അഭയം പ്രാപിച്ചു.
തന്റെമുന്നില്‍ അന്വേഷിച്ചെത്തിയ കാക്കയെ ശ്രീരാമചന്ദ്രന്‍ കൈയിലെടുത്ത് വിഴുങ്ങിക്കളഞ്ഞു! ശ്രീരാമചന്ദ്രന്റെ ജഠരത്തിലെത്തിയ കാക്കയ്ക്ക് ഈ പ്രപഞ്ചം അവിടെദൃശ്യമായി. ആകാശം, സൂര്യന്‍, ചന്ദ്രന്‍, സാഗരങ്ങള്‍, നദികള്‍, മനുഷ്യര്‍,മൃഗങ്ങള്‍, പക്ഷികള്‍, വൃക്ഷങ്ങള്‍ എന്നുവേണ്ട സകലതും അവിടെക്കണ്ടു.ഇതോടെ കാക്കയുടെ അഹങ്കാരം ശമിക്കുകയും ശ്രീരാമചന്ദ്രന്‍ സാക്ഷാല്‍ ഈശ്വരനാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.അല്‍പ്പനേരത്തിനകം കാക്ക ശ്രീരാമചന്ദ്രന്റെ വയറ്റില്‍ നിന്നും പുറത്തേക്കു വന്നു.അഹങ്കാരം ശമിച്ച കാക്ക ഭഗവാന്റെ കാല്‍ക്കല്‍ വീണ് നമസ്‌കരിച്ചു.

രാമകഥാരസം - ഭാഗം 06

ശത്രുത 

May 15, 2016

രാമ രാവണ യുദ്ധത്തില്‍ രാവണന്‍ കൊല്ലപ്പെട്ടു. രാവണനിഗ്രഹത്തിന് ശേഷം ശ്രീരാമചന്ദ്രന്‍ സഹോദരനായ വിഭീഷണന്റെ സമീപം ചെന്ന് പറഞ്ഞു:
‘വിഭീഷണ! ജ്യേഷ്ഠനായ രാവണന് യഥാവിധി സംസ്‌കാര കര്‍മങ്ങള്‍ നടത്തിയാലും.’
ശ്രീരാമവാക്യം കേട്ട് വിഭീഷണന്‍ പറഞ്ഞു:’പ്രഭോ! ധര്‍മം ഉപേക്ഷിച്ച മഹാക്രൂരനും അന്യസ്ത്രീകളെ ഗ്രസിച്ചവനുമായ രാവണന്റെ സംസ്‌കാര കര്‍മങ്ങള്‍ ചെയ്യാന്‍ ഞാന്‍ സന്നദ്ധനല്ല. സഹോദര രൂപത്തിലുള്ള ശത്രുവാണ് എനിക്കിപ്പോഴും അദ്ദേഹം.’ഇതുകേട്ട് മന്ദഹാസത്തോടെ ധര്‍മ്മമൂര്‍ത്തിയായ ശ്രീരാമചന്ദ്രന്‍ പറഞ്ഞു:
‘വിഭീഷണ! രാവണന്‍ അധാര്‍മികനെങ്കിലും തേജസ്വിയും ബലവാനുമാണ്. മഹാശക്തനും മഹാത്മാവുമാണ്. അല്ലയോ വിഭീഷണ! ശത്രുത മരിക്കുന്നതുവരെയേ ഉള്ളൂ.അതിനാല്‍ അങ്ങയുടെ കൈകളാല്‍ രാവണന് സംസ്‌കാരകര്‍മങ്ങള്‍ നടത്തണം.’
മരണത്തോടെ ശത്രുതയും മരിക്കുന്നു എന്ന ശ്രീരാമചന്ദ്രന്റെ വിവേകപൂര്‍ണമായ വാക്കുകള്‍ വിഭീഷണന്റെ മനസ്സു തുറപ്പിച്ചു.
(തുടരും)

ആത്മാവിലെ മൂന്ന് നിലവിളികള്‍

തൃശൂര്‍ അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാനോല്‍സവം 2016 ന്‍റെ ഭാഗമായി പുറത്തിറക്കിയ 'അമൃതരാഗം-2016' സോവനീറില്‍ ഞാന്‍ എഴുതിയ ലേഖനം.

ഇരുട്ടിന്റെ ഗര്‍വം നിലയ്ക്കാന്‍ ഒരു വിളക്കിന്റെ പ്രകാശം ചൊരിഞ്ഞു തുടങ്ങിയാല്‍ മതി. ഒരു കുഞ്ഞിന്റെ കരച്ചില്‍ നില്‍ക്കാന്‍ അമ്മയുടെ സമീപമെത്തിയാല്‍ മതി. അനുഭൂതിയെ അറിയണമെങ്കില്‍ പൂര്‍ണതയുടെ സവിധമണയുക തന്നെ വേണം. കാലങ്ങളായുള്ള കാത്തിരിപ്പിന്റെ അന്ത്യത്തിലാണ് ശിലപോലും അനുഭൂതിയെ സാക്ഷാത്കരിക്കുന്നത്! ആര്‍ഷഭൂമിയുടെ ആത്മസത്തയെ വെളിവാക്കാന്‍ കാലാകാലങ്ങളായി അവതാരം കൊള്ളുന്ന ഗുരുപരമ്പരയാണ് നമ്മെ അനുഭൂതിതലത്തിലേക്ക് ആനയിക്കുന്നത്. അവിടെ പണ്ഡിതപാമര ജന്തുജാല ഭേദഭാവങ്ങളില്ല തന്നെ. ഭാരതത്തിന്റെ ഈ സാര്‍വജനീനസങ്കല്‍പ്പത്തിനെ സാക്ഷാല്‍ക്കാരിക്കാനാകണം അമ്മയുടെ യാത്രകളോരോന്നും. ഒന്നുകൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍ ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍ നിന്നുയരുന്ന ആത്മാവിന്റെ നിലവിളികളെ നെഞ്ചേറ്റുവാനാണ് അമ്മയുടെ പാദസ്പര്‍ശം ഏതൊരു മണ്ണിലും പതിയുന്നത്.
അമ്മയോടൊപ്പം സഞ്ചരിക്കുക എന്നത് ഒരു പൂര്‍വപുണ്യം. ആ അനുഭവത്തിന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കുക എന്നത് അതിലേറെ അനുഭൂതി. ഓര്‍മകള്‍ പത്ത് വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് പിന്‍നടത്തത്തിലാണ്. 
2006. 
അക്കൊല്ലത്തെ അമ്മയുടെ ഭാരതയാത്രയില്‍ പങ്കെടുക്കാനുള്ള സൗഭാഗ്യം എനിക്കുമുണ്ടായി. വെറും യാത്രയല്ല. യാത്രയെക്കുറിച്ച് അമൃത ടിവിയില്‍ ഒരു പ്രോഗ്രാം നിര്‍മിക്കുക എന്നതായിരുന്നു എന്നിലുള്ള കര്‍ത്തവ്യം. പിന്നീട് അമൃതയില്‍ സംപ്രേഷണം ചെയ്ത അമ്മയോടൊപ്പം' എന്ന പരിപാടിയുടെ പിറവിയിലേക്കുള്ള യാത്രയായിരുന്നു ഇത്. ഈ സഞ്ചാരത്തിനിടയില്‍ വ്യതിരിക്തങ്ങളായ നിരവധി അനുഭവങ്ങളിലൂടെയും അനുഭൂതികളിലൂടെയുമായിരുന്നു അമ്മയോടൊപ്പം സഞ്ചരിച്ചു കൊണ്ടിരുന്നത്. ഈ യാത്രകളില്‍ നിന്നുള്ള ചില നിലവിളികള്‍, അത് ആത്മാവിന്റേതായിരുന്നെന്ന് ഇന്ന് തിരിച്ചറിയുന്നു. 
സോവനീറിന്‍റെ ഒന്നാം പേജ്


ഒന്നാം നിലവിളി
നാഗമ്മയുടെ അശ്രുപൂജ
2006 ഫെബ്രുവരി 8
ബാംഗ്ലൂര്‍

നാഗമ്മയെ എല്ലാവര്‍ക്കുമറിയാം. കാരണം, ഓരോ തവണ അമ്മ ബാംഗ്ലൂര്‍ ബ്രഹ്മസ്ഥാന മഹോത്സവത്തിനെത്തുമ്പോഴും നാഗമ്മ ആദ്യാവസാനക്കാരിയായി അവിടെയുണ്ടാകും. അമ്മയെ കണ്ടെത്തിയ കുഞ്ഞിനെപ്പോലെ നാഗമ്മ ആഹ്ലാദിച്ചു. അമ്മയെക്കാണാനെത്തുന്നവരോടു കുശലങ്ങള്‍ ചോദിച്ചറിഞ്ഞു. എങ്ങനെയാണ് നാഗമ്മ അമ്മയെ കണ്ടെത്തിയത്? ജീവിതത്തില്‍ സംഭവിച്ച വലിയൊരു ആകസ്മികതയാണ് നാഗമ്മയെ അമ്മയുടെ സവിധത്തിലെത്തിച്ചത്. 
അന്നും പതിവുപോലെ ജോലി കഴിഞ്ഞുവരുന്ന ഭര്‍ത്താവിനെക്കാത്ത് നാഗമ്മയിരുന്നു. ഭര്‍ത്താവ് വരുന്നതും കാത്തിരിക്കുമ്പോള്‍, നാഗമ്മയ്ക്ക് പഴയ തന്റെ കുട്ടിക്കാലം ഓര്‍ത്തെടുക്കുക ഒരു വിനോദമാണ്. അന്നും തന്റെ പിഞ്ഞിപ്പോയ പാവാടത്തുമ്പു പിടിച്ച് ചാണകവറളികള്‍ കൂട്ടിവെക്കുന്ന ബാല്യത്തിന്റെ ഗ്രാമവീഥിയിലൂടെ നാഗമ്മ സഞ്ചരിച്ചുകൊണ്ടിരുന്നു. ഏറെക്കഴിഞ്ഞിട്ടും ഭര്‍ത്താവ് തിരിച്ചെത്താതിരുന്നപ്പോള്‍ മനസ്സില്‍ നിറയെ ആധിയായി. ഒടുവില്‍ നാഗമ്മ ഒരു വാര്‍ത്തയറിഞ്ഞു. ജോലികഴിഞ്ഞ് വരുന്നതിനിടയില്‍ ഭര്‍ത്താവ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചപ്പിക്കുകയും ചെയ്തു. 
ഒരാര്‍ത്തനാദംപോലെ നാഗമ്മ ആശുപത്രിയിലെത്തി. പരിക്കുകളുടെ സങ്കീര്‍ണത കാരണം അയാളുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ നേരിയ പ്രതീക്ഷപോലും വെച്ചുപുലര്‍ത്തിയോ എന്നു സംശയമായിരുന്നു. നാഗമ്മ അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചിരിക്കണം. ജീവിതത്തിന്റെ സകലപ്രതീക്ഷകളും നഷ്ടപ്പെട്ടു പോകുന്നതുപോലെ നാഗമ്മയ്ക്ക് തോന്നി. എന്താണു ചെയ്യേണ്ടതെന്നു ഒരു പിടിയും കിട്ടുന്നില്ല. പെട്ടെന്നാണു പലരും പറഞ്ഞുകേട്ടിട്ടുള്ള അമ്മയുടെ രൂപം നാഗമ്മയുടെ ഉള്ളില്‍ പ്രത്യക്ഷപ്പെട്ടത്. പരിചയക്കാര്‍ പലരും അമ്മയെക്കാണാനും ദര്‍ശനത്തിനും പോയിരുന്നെങ്കിലും നാഗമ്മ പോയിരുന്നില്ല. 
പിന്നീട് മറ്റൊന്നും നാഗമ്മ ആലോചിച്ചില്ല. തന്റെ പരിചയക്കാരില്‍ നിന്നും അമ്മയുടെ ഒരു പടം സംഘടിപ്പിച്ചു. അതിനു മുന്നില്‍ വിളക്കുകൊളുത്തി പ്രാര്‍ഥിക്കാന്‍ തുടങ്ങി. ഹൃദയംനൊന്തുള്ള പ്രാര്‍ഥന ദിവസങ്ങള്‍ നീണ്ടുപോയി. ഒടുവില്‍ ആ പ്രാര്‍ഥന ഫലം കണ്ടു. അല്‍പ്പദിവസം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞറിഞ്ഞു, ഭര്‍ത്താവിനെ ജീവിതത്തിലേക്കു തിരികെക്കൊണ്ടു വരാന്‍ പറ്റും എന്ന്! ഡോക്ടര്‍മാരുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ നാഗമ്മയ്ക്ക് അമ്മയുടെ സമീപത്തുവന്നു പൊട്ടിക്കരയണമെന്നു തോന്നി. ആയിടയ്ക്കാണ് അമ്മ ബാംഗ്ലൂരില്‍ വരുന്ന വിവരം നാഗമ്മ അറിഞ്ഞത്. നാഗമ്മ അമ്മയുടെ വരവിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു. ഒടുവില്‍ ആ ദിനം വന്നെത്തി. അമ്മയുടെ ദര്‍ശനത്തിനായി ക്യൂ നില്‍ക്കുമ്പോള്‍ നാഗമ്മയുടെ ഹൃദയം പടപടാ മിടിച്ചുകൊണ്ടിരുന്നു. പ്രഥമ സമാഗമം തന്നിലേല്‍പ്പിച്ച സമ്മര്‍ദം ഓര്‍ക്കുമ്പോള്‍ നാഗമ്മ കണ്ണുതുടച്ചു കൊണ്ടു പറയും:
'ഭര്‍ത്താവിനെ ജീവനോടെ തന്ന അമ്മയോടു എന്താണു പറയേണ്ടതെന്നു ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. ആകെ ഒരു വല്ലാത്ത അവസ്ഥ. അമ്മയുടെ സന്നിധിയിലെത്തിയതും എന്റെ സകല നിയന്ത്രണങ്ങളും വിട്ടുപോയി. പൊട്ടിക്കരഞ്ഞു.'
അമ്മയുടെ ആലിംഗനത്തിലമര്‍ന്ന് നാഗമ്മ വീണ്ടും തന്റെ കുട്ടിക്കാലത്തേക്കു പോയി. ഗ്രാമത്തിലെ പരന്ന വയലുകള്‍. ചാണക വറളികള്‍ പെറുക്കിക്കൂട്ടുന്ന വിരലുകള്‍. ദൂരെ മലകളെ ആലിംഗനം ചെയ്തുപോകുന്ന മേഘക്കൂട്ടങ്ങള്‍. പേരറിയാത്ത ഒരു നിര്‍വൃതിയില്‍ നാഗമ്മ അലിഞ്ഞില്ലാതായി. 
അമ്മ പറഞ്ഞതെന്താണെന്നൊന്നും നാഗമ്മയ്ക്ക് മനസ്സിലായില്ല. എങ്കിലും... എങ്കിലും ആത്മാവിന്റെ ഏതോ ഒരു കോണില്‍ അടങ്ങാത്ത ഒരു നിലവിളിയായി നാഗമ്മ അമ്മയെ പിന്തുടരുന്നു. അമ്മയുടെ വാക്കുകള്‍, അവ മനസ്സിലായില്ലെങ്കിലും നാഗമ്മയുടെ സകലദുഃഖങ്ങളും മറഞ്ഞുപോകുന്നു. അതിലപ്പുറം നാഗമ്മയ്ക്ക് മറ്റൊന്നും വേണ്ട. 
ഓരോ തവണ കാണുമ്പോഴും നാഗമ്മ കണ്ണീരാല്‍ അമ്മയ്ക്ക് പാദപൂജ നടത്തുന്നു. അതിലപ്പുറം അവര്‍ക്ക് മറ്റൊരു കാര്യവും അറിയുകയും വേണ്ട. 
ലേഖനത്തിന്‍റെ രണ്ടാം പേജ്


രണ്ടാം നിലവിളി
മോക്ഷത്തിലേക്കൊരു കണ്ടുമുട്ടല്‍
2006 ഫെബ്രുവരി 14
ദരേശ്വര്‍ ബീച്ചിനു സമീപം, കര്‍ണാടക

കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മംഗലാപുരത്തെ ദര്‍ശനം സമാപിച്ചു. അടുത്ത സ്ഥലം കര്‍ണാടകയിലെ തന്നെ കാര്‍വാര്‍ എന്ന സ്ഥലമാണ്. അവിടേയ്ക്കുള്ള യാത്രയിലാണ് സംഘാംഗങ്ങള്‍ മുഴുവനും. മനോഹരമായ പ്രകൃതി ദൃശ്യങ്ങളിലൂടെയുള്ള സഞ്ചാരമാണിത്. യാത്രയ്ക്കിടയില്‍ ദരേശ്വര്‍ എന്ന സ്ഥലത്തെത്തി. ഉത്തരകന്നടയിലെ പ്രസിദ്ധമായ ഗോകര്‍ണം ശിവക്ഷേത്രത്തില്‍ നിന്നും ഏതാണ്ട് മുപ്പതു കിലോമീറ്റര്‍ അകലത്തിലായിരുന്നു ദരേശ്വര്‍ സ്ഥിതി ചെയ്തിരുന്നത്. ഗോകര്‍ണം ശിവക്ഷേത്രവുമായി ദരേശ്വര്‍ ഐതിഹ്യപരമായി ബന്ധപ്പെട്ടു കിടക്കുന്നു. ദരേശ്വറിലും പ്രസിദ്ധമായൊരു ശവക്ഷേത്രം സ്ഥിതിചെയ്യുന്നു. ദരേശ്വറിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ കടലോര പ്രദേശമാണ്. ദരേശ്വര്‍ ബീച്ച് മനോഹരമായ കാഴ്ചകളിലൊന്നാണ്. സമയം ഏതാണ്ട് വൈകുന്നേരത്തോടടുക്കുന്നു. പോകുന്ന വഴിക്ക് ദരേശ്വര്‍ ബീച്ചിലേക്കുള്ള വഴി കണ്ടുപിടിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ സംഘാംഗങ്ങള്‍ക്ക് ഉല്‍സാഹമായി. യാത്രയിലുടനീളം ഇടയ്ക്കുള്ള ഇത്തരം വേളകള്‍ പറഞ്ഞറിയിക്കാനാവാത്ത ആനന്ദമാണ് പകരുന്നത്. ദരേശ്വര്‍ ബീച്ചിലേക്കുള്ള വഴി കണ്ടുപിടിക്കുന്നതിനായി അമ്മയുടെ വാഹനം നിര്‍ത്തിയപ്പോള്‍ എവിടെ നിന്നോ ഒരു തെരുവു നായ ചിരപരിചിതനെപ്പോലെ വാലാട്ടിക്കൊണ്ട് അമ്മയുടെ വാഹനത്തിനകത്തേക്ക് നോക്കിക്കൊണ്ടിരുന്നു. 
തന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ആ നായയുടെ ഭാവംകണ്ട് അമ്മ പറഞ്ഞു:
'നോക്കൂ, പാവം! അതിനു വിശക്കുന്നുണ്ടാവും...'
അമ്മയുടെ വാക്കുകേട്ട് എല്ലാവരുടേയും ശ്രദ്ധ നായയിലേക്കായി. അപ്പോഴും അത് യാതൊരു പേടിയും അന്യഥാത്വവുമില്ലാതെ വാലാട്ടിക്കൊണ്ടിരുന്നു. 
തുടര്‍ന്ന് അമ്മ പറഞ്ഞു:
'...എന്തെങ്കിലും ഭക്ഷണം അതിനു കൊടുക്കൂ.'
ഉടന്‍ തന്നെ സ്വാമിജി (അമൃതസ്വരൂപാനന്ദപുരി സ്വാമികള്‍) കുറച്ച് മധുരപലഹാരങ്ങള്‍ എടുത്ത് ഒരു പ്ലേറ്റില്‍ വെച്ചു. ആ പ്ലേറ്റ് തന്റെ കൈകൊണ്ട് വാങ്ങി അമ്മ അത് മന്ത്രപൂരിതമാക്കി സ്വാമിജിക്ക് നല്‍കി. ആ പ്ലേറ്റില്‍ നിന്നും ആഹാരം നിലത്തിട്ടുകൊടുക്കാന്‍ തുനിഞ്ഞ സ്വാമിജിയോടു അമ്മ പറഞ്ഞു:
'വേണ്ട, വേണ്ട. ആ പാത്രത്തില്‍ നിന്നുതന്നെ അത് കഴിക്കട്ടെ.'
്അമ്മയുടെ നിര്‍ദേശമനുസരിച്ച് സ്വാമിജി പ്ലേറ്റോടെ നായയുടെ മുന്നില്‍ പിടിച്ചു. ആര്‍ത്തിയോടെ അത് നക്കിക്കഴിക്കാന്‍ തുടങ്ങി. 
പാത്രം മുഴുവന്‍ നക്കിത്തുടച്ചതിനു ശേഷം അത് വീണ്ടും അമ്മയുടെ കണ്ണിലേക്കു നോക്കി. അതുകണ്ട് അമ്മ പറഞ്ഞു:
'പാവം! അതിനു മതിയായില്ലെന്നു തോന്നുന്നു. ഇനിയെന്താണ് നമ്മുടെ കൈയിലുള്ളത്?'
അമ്മയുടെ വാക്കുകേട്ട് സ്വാമിജി പറഞ്ഞു:
'അപ്പുറത്തെ വണ്ടിയില്‍ പായസമിരിക്കുന്നുണ്ട്.'
ഉടന്‍തന്നെ പായസം കൊണ്ടുവരാന്‍ അമ്മ പറഞ്ഞു. ക്ഷണനേരം കൊണ്ട് പായസം വന്നെത്തി. അമ്മ തന്നെ പായസം പ്ലേറ്റില്‍ പകര്‍ന്ന് സ്വാമിജിയെ ഏല്‍പ്പിച്ചു. ആ പായസവും നായ ആര്‍ത്തിയോടെ നക്കിക്കഴിച്ചു. ഒടുവില്‍ ആ പാത്രത്തില്‍ ഉണ്ടായിരുന്ന പായസം മുഴുവനും നായയെ കഴിപ്പിച്ചപ്പോഴാണ് അമ്മയ്ക്കു തൃപ്തിയായത്. 
ലേഖനത്തിന്‍റെ മൂന്നാം  പേജ് 
ഏതൊരു കാലത്തിന്റെ ജന്മപ്രയാണത്തിലൂടെയാണ് ആ നായ അമ്മയെ കണ്ടെത്തിയിട്ടുണ്ടാവുക? 
കര്‍മത്തിന്റെ ഗതാനുഗതികക്രമമനുസരിച്ച് പ്രാണന്‍ പല പല ശരീരങ്ങളെ സ്വീകരിച്ചുകൊണ്ടുള്ള നാടകമാണ് പ്രപഞ്ച ജീവിതമെന്ന തിരിച്ചറിവില്‍ ഏതൊരു മുജ്ജന്മപാപ ശാപപരിഹാരാര്‍ത്ഥമായിരിക്കാം ഈ സമാഗമം? ശ്രീരാമചന്ദ്രന്‍ ശിലയില്‍ പാദപത്മങ്ങള്‍ പതിപ്പിച്ചപ്പോള്‍ ഉണര്‍ന്നത് ഏതൊരു പ്രകൃതിയാണ്!ശ്രീകൃഷ്ണന്‍ ഉരല്‍ വലിച്ചപ്പോള്‍ വിടുതല്‍ നേടിയത് ഏതൊരു ശാപവാക്കാണ്! 
ആത്മാവിന്റെ നിലവിളിയിലൂടെ മോക്ഷത്തിലേക്കൊരു കണ്ടുമുട്ടല്‍ എന്നല്ലാതെ ചമല്‍ക്കാരങ്ങളില്ലാതെ മറ്റെന്താണ് പറയുക?




മൂന്നാം നിലവിളി
പെയ്‌തൊഴിഞ്ഞ മേഘം
2006 ഫെബ്രുവരി 14
ദരേശ്വര്‍ ബീച്ച്, കര്‍ണാടക

അമ്മയും സംഘവും ദരേശ്വര്‍ ബീച്ചിലേക്ക് നീങ്ങി. 
സന്ധ്യ, അതിന്റെ കുങ്കുച്ചെപ്പു തുറന്നു അമ്മയെ സ്വീകരിച്ചു. 
കടല്‍ത്തിരകള്‍ തങ്ങളുടെ താളലയങ്ങളാല്‍ അമ്മയ്ക്ക് പരവതാനി വിരിച്ചു. 
അപ്പോഴേയ്ക്കും പ്രദേശവാസികള്‍ അമ്മയെ തിരിച്ചറിഞ്ഞു. അവര്‍ ഒന്നൊന്നായി കടപ്പുറത്തേക്ക് ഓടിയടുത്തു കൊണ്ടിരുന്നു. അമ്മയുടെ ദര്‍ശനത്തിനു വേണ്ടി അവര്‍ തിരക്കുകൂട്ടി. 
അമ്മയ്ക്കിരിക്കാന്‍ അവരൊരു കസേര കൊണ്ടുവന്നു. കുറച്ചധികം കുട്ടികള്‍ അമ്മയെത്തന്നെ സാകൂതം നോക്കിനിന്നു. അമ്മ അവരെ അടുത്തേക്ക് മാടിവിളിച്ചു. 
അമ്മയുടെ സമീപമെത്തിയ ഒരു പെണ്‍കുട്ടി സങ്കടത്തിന്റെ ആഴക്കയത്തിലായിരുന്നു. അവളുടെ കണ്ണില്‍ നിന്നും ദുഃഖത്തിന്റെ തിരമാലകള്‍ കണ്ണീരായി ഒഴുകിക്കൊണ്ടിരുന്നു. ആ ദുഃഖത്തിരമാലയെ അമ്മ ചേര്‍ത്തുപിടിച്ചു. 


Saturday, May 14, 2016

രാമ കഥാരസം -5

ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന രാമ കഥാരസം എന്ന കഥാ പരമ്പര

പാദസ്പര്‍ശം

May 14, 2016
ഭാഗം -5




















വാനരസൈന്യം ലങ്കയിലേക്ക് സേതു ബന്ധനം നടത്തുന്ന സമയം. വിവിധ സ്ഥലങ്ങളില്‍ നിന്ന് കൂറ്റന്‍ പാറക്കല്ലുകള്‍ കൊണ്ടുവന്ന് വാനരന്മാര്‍ നദിയില്‍ നിക്ഷേപിച്ചുകൊണ്ടിരുന്നു.
ഈ സമയം ചില വാനരന്മാര്‍ ഹനുമാന്റെ സമീപം വന്നു പറഞ്ഞു:
ആഞ്ജനേയ! നാം ഈ കല്ലുകള്‍ സാഗരത്തില്‍ നിക്ഷേപിക്കുന്നതിന് മുമ്പായി‘ഭഗവാന്റെ അനുഗ്രഹം വാങ്ങുന്നത് നല്ലതല്ലേ? ഓരോ കല്ലും ‘ഭഗവാന്റെ പാദത്തെക്കൊണ്ടു സ്പര്‍ശിച്ചാലോ?”
വാനരന്മാരുടെ അഭിപ്രായം കേട്ട് ഹനുമാന്‍ പറഞ്ഞു:
“കപീന്ദ്രരെ, നിങ്ങളുടെ ആഗ്രഹം നല്ലതു തന്നെ. പക്ഷെ, ശ്രീരാമചന്ദ്രന്‍ പണ്ട്‌യാഗരക്ഷചെയ്യാന്‍ വനത്തില്‍ പോയ സമയം ഒരു ശിലയെ തന്റെ പാദംകൊണ്ട് സ്പര്‍ശിച്ച കഥയറിയില്ലേ? ‘ഭഗവാന്റെ പാദസ്പര്‍ശമുണ്ടായ ഉടന്‍ ആ ശില സുന്ദരിയായ
ഒരു യുവതിയായി മാറി! നാം ചുമന്നു കൊണ്ടു വരുന്ന ഈ കല്ലുകള്‍ ‘ഭഗവാന്റെപാദസ്പര്‍ശത്താല്‍ ഓരോ യുവതികളായി മാറിയാല്‍ എങ്ങനെയാണ് സേതു ബന്ധനം നടക്കുക?”
ഹനുമാന്റെ മറുപടിയില്‍ വാനരന്മാര്‍ക്ക് ‘ഭഗവാന്റെ മായാവിലാസങ്ങള്‍ ബോധ്യമായി.

രാമ കഥാരസം -4

ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന രാമ കഥാരസം എന്ന കഥാ പരമ്പര

പദവി

May 13, 2016
ഭാഗം -4


രാവണന്റെ മരണത്തിനു ശേഷം ഭക്തനായ വിഭീഷണനെ ലങ്കയിലെ രാജാവായി വാഴിക്കാന്‍ ശ്രീരാമചന്ദ്രന്‍ തീരുമാനിച്ചു. എന്നാല്‍ ശ്രീരാമന്റെ ഈ തീരുമാനമറിഞ്ഞ് വിഭീഷണന്‍ പറഞ്ഞു:
‘പ്രഭോ! ഞാന്‍ ത്രിലോകനാഥനായ അങ്ങയെ നേടിയിരിക്കുന്നു! അങ്ങനെയുള്ള എനിക്കെന്തിനാണ് രാജപദവിയും രാജ്യവും? ‘വിഭീഷണന്റെ വാക്കുകേട്ട് ശ്രീരാമചന്ദ്രന്‍ പറഞ്ഞു:
‘വിഭീഷണാ! ലോകം ജ്ഞാനികളെന്നപോലെ അജ്ഞാനികളാലും നിറഞ്ഞതാണ്.
അവരുടെ അജ്ഞത തീര്‍ക്കാനെങ്കിലും അങ്ങീസിംഹാസനം സ്വീകരിക്കണം.’ഒന്നുനിര്‍ത്തി ശ്രീരാമന്‍ പറഞ്ഞു:
നാളെയൊരിക്കല്‍ അജ്ഞാനികളായ ആളുകള്‍ ചോദിക്കും; സ്വന്തം സഹോദരനെ വിട്ടുവന്ന് എന്നെ അഭയം പ്രാപിച്ച അങ്ങേയ്ക്ക് എന്താണ് ലഭിച്ചതെന്ന്? അവര്‍ക്കുള്ളമറുപടിയാണ് ഈ കിരീടവും ചെങ്കോലും! സ്വമനസ്സാലെ അതിനെ സ്വീകരിച്ചാലും.’ശ്രീരാമചന്ദ്രന്റെ യുക്തിപൂര്‍വമുള്ള വാക്കുകള്‍ കേട്ട് വിഭീഷണന്‍ ലങ്കയിലെ രാജാവായി അധികാരമേറ്റു.

Thursday, May 12, 2016

രാമ കഥാരസം -3

ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന രാമ കഥാരസം എന്ന കഥാ പരമ്പര

രാമനും കാമനും

May 12, 2016
ഭാഗം -3
















ഒരു ദിവസം ഭഗവാന്‍ മഹാവിഷ്ണു തന്റെ പാദുകങ്ങള്‍ പള്ളിയറയില്‍ വെച്ച് ശയിക്കാന്‍ തുടങ്ങി. എന്നാല്‍, പുറത്തു നിര്‍ത്തേണ്ട”പാദുകങ്ങളെ പള്ളിയറയില്‍ വെച്ചത് ഭഗവാന്റെ കിരീടത്തിന് തീരെ ഇഷ്ടപ്പെട്ടില്ല. കിരീടം പാദുകങ്ങളോടു പറഞ്ഞു:
എടോ, എന്റെ നിലയും വിലയും നിനക്കറിയില്ലേ? ഞാന്‍ ഭഗവാന്റെ ശിരസ്സിനെ അലങ്കരിക്കുന്നവനാണ്. ഞാനിരിക്കുന്നിടത്ത് കയറി വരാന്‍ നിനക്കെന്താണ് യോഗ്യത? ഓരോരുത്തരും ഇരിക്കേണ്ടിടത്ത് ഇരിക്കണം. വേഗം തന്നെ ഈ മുറിയില്‍ നിന്നു പുറത്തു പോകൂ.”
കിരീടത്തിന്റെ അവഹേളനം കേട്ട് പാദുകം പറഞ്ഞു: അല്ലയോ കിരീടമേ, നീ ഈ വിധം സംസാരിക്കരുത്. ഞങ്ങള്‍ ഭഗവാന്റെ പാദങ്ങള്‍ സംരക്ഷിക്കുന്നവരാണ്. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. ഭക്തന്മാര്‍ ഭഗവാന്റെ കീരീടം നോക്കിയല്ലല്ലോ പ്രാര്‍ത്ഥിക്കുന്നത്! പാദത്തില്‍ സാഷ്ടാംഗം നമസ്‌കരിച്ചല്ലേ സങ്കടങ്ങള്‍ പറയുന്നത്!
അങ്ങനെയുള്ള പാദങ്ങള്‍ സംരക്ഷിക്കുന്ന ഞങ്ങളെ മോശക്കാരായി ചിത്രീകരിക്കരുത്.”ഈ തര്‍ക്കത്തില്‍ ഭഗവാന്റെ ശംഖും ചക്രവും കൂട്ടു ചേര്‍ന്നു. അവരും പാദുകങ്ങളെ അധിക്ഷേപിച്ചു.
ഈ അധിക്ഷേപങ്ങളില്‍ മനംനൊന്ത് പാദുകങ്ങള്‍ ഭഗവാന്റെ സമീപം ചെന്ന് സങ്കടംപറഞ്ഞു. അവരുടെ സങ്കടമറിഞ്ഞ് ഭഗവാന്‍ പറഞ്ഞു: അല്ലയോ പാദുകങ്ങളേ, നിങ്ങള്‍ വിഷമിക്കാതിരിക്കൂ. നിങ്ങള്‍ക്കും നല്ല കാലംവരും. ഞാന്‍ ശ്രീരാമനായി ഭൂമിയില്‍ അവതാരമെടുക്കുന്ന ഒരു സമയമുണ്ടാകും.
അക്കാലത്ത് നിങ്ങളെ നിന്ദിച്ച കിരീടം പതിന്നാലു വര്‍ഷം നിങ്ങളുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നില്‍ക്കേണ്ടി വരും. കിരീടത്തിനോടു ചേര്‍ന്ന് നിങ്ങളെ അധിക്ഷേപിച്ച ശംഖും ചക്രവും നിങ്ങളെ പൂജിക്കുകയും ചെയ്യും.”‘ഭഗവാന്‍ പറഞ്ഞതുപോലെ സംഭവിച്ചു.
‘ഭൂമിയില്‍ ശ്രീരാമചന്ദ്രന്‍ അവതാരമെടുത്തു.
ഈ സമയം ഭരതനും ശത്രുഘ്‌നനുമായി അവതരിച്ചത് ശംഖും ചക്രവുമാണ്. ശ്രീരാമന്‍ പതിന്നാലു വര്‍ഷം വനവാസത്തിനായി യാത്രയായി. ഈ സമയം ശ്രീരാമസ്വാമിയുടെ പാദുകങ്ങള്‍ സിംഹാസനത്തില്‍ വെച്ചാണ് ഭരതനും ശത്രുഘ്‌നനും രാജ്യം ഭരിച്ചത്. ഈ സമയം സിംഹാസനത്തിന്റെ കീഴില്‍ ഒരു പീഠത്തിലാണ് കിരീടം വെച്ചിരുന്നത്. ശരിക്കും പാദുകങ്ങള്‍ക്ക് പാദസേവ ചെയ്യുന്നതുപോലെ.

രാമ കഥാരസം -2

ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന രാമ കഥാരസം എന്ന കഥാ പരമ്പര

രാമനും കാമനും

May 11, 2016
ഭാഗം -2















മഹാഭക്തനായിരുന്ന കബീര്‍ ഒരിക്കല്‍ തന്റെ ഇഷ്ടദേവനായ ശ്രീരാമചന്ദ്ര ഭഗവാന് ഒരു പട്ടുതുണി സമര്‍പ്പിക്കണമെന്ന് തീരുമാനിച്ചു. ഭഗവാന് സമര്‍പ്പിക്കാനുള്ള പട്ടുതുണി സ്വയം നെയ്‌തെടുക്കാനും കബീര്‍ തീരുമാനിച്ചു.
നല്ലൊരു സമയം നോക്കി കബീര്‍ പട്ടുതുണി നെയ്യാനാരംഭിച്ചു.
നെയ്തു കൊണ്ടിരിക്കുമ്പോള്‍ കബീര്‍ തന്റെ ഭഗവാന്റെ നാമമായ രാമമന്ത്രം ഉച്ചത്തില്‍ ഉരുവിട്ടുകൊണ്ടിരുന്നു.
ആ ഭക്തദാസന്‍ ഭഗവദ്‌സ്മരണയില്‍ സ്വയം മറന്ന് തുണി നെയ്യുമ്പോള്‍ അതിന്റെ വലിപ്പം ശ്രദ്ധിച്ചിരുന്നില്ല.
ഈശ്വര ഭജനവും നെയ്യുന്നതിലുള്ള ആനന്ദവും കൊണ്ട് പട്ടുതുണിയ്ക്ക് ആവശ്യത്തിലേറെ നീളമുണ്ടായി. കുറേ സമയം കഴിഞ്ഞപ്പോള്‍ കബീര്‍ നെയ്ത്ത് നിര്‍ത്തി പട്ടുതുണിയുമായി അടുത്തുള്ള ശ്രീരാമചന്ദ്ര ഭഗവാന്റെ ക്ഷേത്രസന്നിധിയിലെത്തി.
പൂജാരിയുടെ കൈയില്‍ പട്ടുതുണിയേല്‍പ്പിച്ച് ഭഗവാന്റെ വിഗ്രഹത്തില്‍ ചാര്‍ത്താന്‍ പറഞ്ഞു.
അല്‍ഭുതം!
കബീര്‍ നല്‍കിയ നീളമുള്ള പട്ടുതുണി വിഗ്രഹത്തില്‍ ചാര്‍ത്തിയപ്പോള്‍ അതിനു തക്ക പാകത്തില്‍ നീളവും വീതിയും ഉള്ളതായിത്തീര്‍ന്നു.
ഈ അല്‍ഭുതം കബീറിന്റെ കറകളഞ്ഞ ഈശ്വരഭക്തിയെ വെളിവാക്കി.

രാമ കഥാരസം -1

ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന രാമ കഥാരസം എന്ന കഥാ പരമ്പര

രാമനും കാമനും

May 10, 2016
ഭാഗം 1














സീതാദേവിയെ അപഹരിച്ചുകൊണ്ടുവന്ന രാവണന്‍, അശോകവനികയിലാണ് ദേവിയെ പാര്‍പ്പിച്ചത്. നിത്യവും രാവണന്‍ അശോകവനികയിലെത്തി സീതാദേവിയോട് തന്നെ കല്യാണം കഴിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നു. സീതാദേവിയാകട്ടെ സദാസമയവും ശ്രീരാമരൂപം ചിന്തിച്ചു കൊണ്ടിരുന്നു. തന്റെ ശിരസ്സ് ഉയര്‍ത്തി രാവണനെ നോക്കാന്‍ പോലും ദേവി തയ്യാറായില്ല. സീതാദേവിയെ വശംവദയാക്കുന്നതിന് പല തന്ത്രങ്ങളും ആലോചിച്ച് വിഷമിച്ചുകൊണ്ടിരുന്നു.
രാവണന്റെ വിഷമം കണ്ട് മന്ത്രി രാവണനോടു പറഞ്ഞു:
“പ്രഭോ! അങ്ങെന്തിനാണ് ഈ വിധം വിഷമിക്കുന്നത്? മായകൊണ്ട് അങ്ങേയ്ക്ക് ഏതു രൂപവും സ്വീകരിക്കാന്‍ കഴിയുമല്ലോ! അതിനാല്‍ ശ്രീരാമന്റെ രൂപമെടുത്ത് അങ്ങ് സീതയുടെ സമീപത്ത് ചെല്ലൂ. തീര്‍ച്ചയായും അവള്‍ സന്തോഷത്തോടെ അങ്ങയെ സ്വീകരിക്കും.”
ഇതുകേട്ട് രാവണന്‍ പറഞ്ഞു:
“വിഡ്ഢീ! രാമന്റെ രൂപം സ്വീകരിച്ചാല്‍പ്പിന്നെ പരസ്ത്രീ സംഗത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? രാമന്‍ വസിക്കുന്നിടത്ത് കാമന്‍ വസിക്കില്ലെന്ന് അറിയില്ലേ?”
കഥയുടെ  ലിങ്ക് 

Wednesday, August 19, 2015

തലേദിവസം രണ്ടു കുട്ടികൾ രണ്ടു സിലബസ്സിൽ

1.
സ്റ്റേറ്റ് ചെക്കൻ
കടിച്ചു തുപ്പിയ
നാട്ടുമാങ്ങയുടെ വ്യാകരണവും,
ഓടിക്കയറിയ
കുന്നുകളുടെയും
നീന്തിക്കടന്ന
പുഴകളുടെയും പെരുക്കൽ പട്ടികയും,
ഉച്ചി പൊള്ളിച്ച
വെയിലിന്റെയും
നനഞ്ഞ മഴകളുടെയും പദ്യശകലങ്ങളും
മറന്നു പോകല്ലേ
എന്ന് പ്രാർഥിച്ചു
നാളെയുടെ മുഷിപ്പൻ
യൂണിഫോമിനെ വെറുത്തു
ഇന്നലെയിലേക്ക് ഉറക്കം
തൂങ്ങുന്നവൻ ....

2.
സി.ബി .എസ്. ഇ. ബോയ്
ക്രയോണ്‍ കളറിന്റെ
പുതിയ സെറ്റ്,
ഡാഡിയോടൊപ്പം
നടത്തിയ വിദേശ യാത്ര,
വെക്കേഷനിൽ നടത്തിയ
അബാക്കസ് പരിശീലനം,
മാളിലെ 6 ഡി കാഴ്ച,
കോംബോ പാക്കേജിലെ ഡിന്നർ രുചി,
ഫ്ലാറ്റിൽ നിന്നും
വില്ലയിലേക്ക് മാറിയ
പലായന യാത്രക്കഥ,
സ്കോഡയുടെ പുതിയ പതിപ്പിലെ
സവാരിക്കാഴ്ചകൾ
വിശേഷങ്ങൾ വിളമ്പാൻ അവൻ
തന്റെ നഷ്ടപ്പെട്ടുപോയ
ഹൃദയം ബാഗിൽ തിരുകിവെച്ചു
പതിവ് പോലെ പാരെന്റ്സിനു
ഗുഡ് നൈറ്റ് പറഞ്ഞു
ചാറ്റിൽ ഗേൾ ഫ്രെണ്ടിനെ പരതി
നാളെയിലേക്ക് ചരിഞ്ഞു ........

കാത്തിരിപ്പ്

യൂനിഫോമണിഞ്ഞു
വര്‍ണക്കുടയെടുത്ത്
ബാഗ് തോളില്‍ തൂക്കി
ഷൂ ധരിച്ചു
അമ്മയ്ക്കും അച്ഛനും 
റ്റാറ്റാ പറഞ്ഞു
പാദസരം കൊണ്ട്
ചില്‍ .... ചില്‍ .... എന്ന് കേള്‍പ്പിച്ചു
ഒരു മഴത്തുള്ളി
സ്കൂള്‍ വണ്ടി വരുന്നതും കാത്തിരുന്നു...

ഇന്നും...

ഇന്നും ആ പഴകിയ
ചുമരിനോട് തന്നെയാണു
ഞാൻ എന്റെ സങ്കടത്തിന്റെ
നെറ്റിയിടിച്ചു കരയുന്നത്...
ഇന്നും ആ പഴകിയ
മറവിയിൽ തന്നെയാണു
ഞാനെന്റെ ഓർമകളെ
കുഴിച്ചു മൂടുന്നത് ...

ഒരു യുഗ്മഗാനം

കുറുമൊഴി മുല്ലേ... മധുവിധുവല്ലേ
കരളിലൊരായിരം കനവില്ലേ
പൗർണമി വന്നേ... മാർകഴിയല്ലേ
പുണരാനുള്ളിൽ കൊതിയില്ലേ 
(കുറുമൊഴി മുല്ലേ ...)
പുതുമഴ പെയ്യും നേരം നീയോ
കുളിരിൽ താനേ നീരാടി - 2
പുതുമണി മാരാ പുതിയ കിനാവിൻ
പുഴയിൽ മോഹം ആറാടി - 2
ഒരു കനവായ് ഒരു മനമായ്
വിരിയും മഴവില്ലഴകാലെ...
(കുറുമൊഴി മുല്ലേ ...)
കിളിമൊഴിയീണം ചൂളക്കാറ്റിൽ
ഇണയെ തേടും ഈരാവിൽ - 2
കനക മയൂരം പീലിക്കണ്ണാൽ
ഹൃദയം ചേരും പൂങ്കാവിൽ -2
ഇതളിതളായ് സുഖലയമായ്
അലിയും മധുപൗർണമി പോലെ
(കുറുമൊഴി മുല്ലേ ...)

ചിലപ്പോഴെല്ലാം...

ചിലപ്പോഴെല്ലാം നിന്‍റെ
നിഴലിന്‍ മറപറ്റി
ചിരിക്കാറുണ്ടോ പൂര്‍വ
കാമുകന്‍ , മരിച്ചവന്‍
ചിലപ്പോഴെല്ലാം വാക്കിന്‍
മൂര്‍ച്ചയില്‍ കുടുങ്ങിയോ
ലോലമായ്‌ നാം തീര്‍ത്തൊരു
ജീവിതക്കശേരുക്കള്‍
ഒറ്റുകാരാവാറുണ്ടോ
ചിലപ്പോഴെല്ലാം നമ്മള്‍
അകമേയോളിപ്പിച്ച
സ്വപ്നത്തിന്നാഴങ്ങളില്‍
ഒരിയ്ക്കല്‍പ്പോലും കാണാന്‍
കണ്ണുകള്‍ക്കായില്ലെന്നോ
ചിലപ്പോഴെല്ലാം നമ്മള്‍
മറയ്ക്കും സന്ദേഹങ്ങള്‍
വെറുക്കാന്‍ മാത്രം വേണ്ടി
വെറുതേ പിണക്കങ്ങള്‍
വെറുപ്പായിരുന്നുവോ
ചിലപ്പോഴെല്ലാം ഞാനും
വാടകക്കൂട്ടാളിക-
ളെങ്കിലും ഞാനും നീയും
ചിലപ്പോഴെല്ലാം തമ്മില്‍
ചേര്‍ച്ചയുണ്ടെന്നേ തോന്നല്‍ ...

കുടുംബാഷ്ടകം

വാവയ്ക്കുണ്ട് പുസ്തകങ്ങള്‍
വായിക്കാനും വരയ്ക്കാനും,
ചായം തേയ്ക്കാന്‍ ക്രയോണിന്‍റെ
പായ്ക്കറ്റൊന്നുണ്ട് ...
ഭാര്യയ്ക്കുണ്ട് പൈങ്കിളിത്തം
നുരയുന്ന വാരികകൾ ,
കണ്ടു കണ്ടു കണ്ണീർ വാർക്കാൻ
സീരിയൽ നാലെണ്ണം ...
എനിയ്ക്കുണ്ട് ചിതൽ തിന്ന
നരയ്ക്കുന്ന വ്യാമോഹങ്ങൾ ,
കുടിയ്ക്കുവാൻ കുപ്പിയ്ക്കുള്ളിൽ
പെഗ്ഗ് രണ്ടെണ്ണം...

പുസ്തകം

തോന്നുമ്പോൾ തുറക്കാനും 
പേജുകൾ മറിക്കാനും
വരികൾക്കടിയിലായ്
വരയാലോർമിക്കാനും
വരികൾക്കിടയിലായ്
വെറുതെ വായിക്കാനും
ചുരുട്ടിപ്പിടിക്കാനും
മൂലയിലെറിയാനും
ഹൃദയം മിടിക്കുന്ന
നൂലിനാൽ തുന്നിച്ചേർത്ത
പുസ്തകമാകുന്നു ഞാൻ
മാന്യരേ മാറിപ്പോകിൻ !!

രസായനം

കേവലം കിനാവിന്‍റെ
ഉഷ്ണമാപിനികളില്‍
പാവനം സ്നേഹോല്‍ക്കര്‍ഷ
സാഗരം തുടിയ്ക്കുവാന്‍
ചേര്‍ത്തു വെച്ചതാരാണെന്‍
മനസ്സിന്‍ മടിത്തട്ടില്‍
നേര്‍ത്ത സംഗീതം പൊഴി-
യ്ക്കുന്നൊരു പുല്ലാങ്കുഴല്‍ !
ആയിരം വിരലിനാല്‍
മീട്ടുവാനതിന്‍ നെഞ്ചില്‍
ആരുടെ ഹൃദയത്തിന്‍
മിടിപ്പിന്‍ സുഷിരങ്ങള്‍
സുഖദം സ്വപ്നത്തേരില്‍
നിദ്ര കൊള്ളുവാനതില്‍
സുലഭം പ്രതീക്ഷ തന്‍
നിറവാര്‍ന്നഴകുകള്‍
അധരം ചേര്‍ക്കുന്നേരം
അറിയുന്നുണ്ടേനതില്‍
മധുരം ചോരും സ്നേഹ-
രാഗവായ്പ്പിന്‍ സംഗീതം
മൃതിയെപ്പോലും ദഹി-
പ്പിക്കുവാന്‍ കഴിയുന്നൊ-
രമൃതിന്‍ മഹാവൈദ്യ
പൂരണം രസായനം!!

രോഗം

വഴുക്കിപ്പോവുന്നു
പച്ചത്തെറി പോല്‍
രേതസ്സിന്‍ പുളിപ്പാര്‍ന്നൊരുടലുകള്‍
ബാറില്‍ /
ബസ്സില്‍ /
മുക്കില്‍ /
മൂത്രപ്പുരയില്‍ /
ഇരുളു കൊളുത്തിയ
ചാവു നിലങ്ങളില്‍ /
ഉടലാകാരം വിവശം പെണ്ണിന്‍
ചടുല നിശാവാതം പോലുള്ള കിതപ്പില്‍ /
അപരനില്‍ /
അന്യനില്‍ /
ദുര മായാത്തൊരയല്‍ക്കാരാ നിന്‍
'അളിയാ' വിളിയില്‍ /
അതില്‍ /
ഇതില്‍ /
അല്ലലലമ്പില്‍ ....
...........................
അല്ലല്ലാ...
ഞാനൊരു പുസ്തകാഹാരിയേ അല്ല,
സത്യം!!

അങ്ങനെ...

ഏറെയൊന്നും ഒളിപ്പിക്കാന്‍
വയ്യാത്തതുകൊണ്ടാവും
വാക്കുകള്‍ പതറിപ്പോകുന്നത്‌
അതുകൊണ്ടാവാം
നാമൊക്കെ മൌനത്തെ
ചങ്ങാതിയാക്കുന്നത്...
ഏറെയൊന്നും വെളിപ്പെടുത്താന്‍
ശേഷിയില്ലാത്തത് കൊണ്ടാവാം
പുറം കാഴ്ചകളെക്കാള്‍
അകക്കണ്ണിനു വെളിച്ചം തെളിഞ്ഞത് --
അതുകൊണ്ടാവാം
നാമൊക്കെ പരസ്പരം
കാണാതെ പോകുന്നത്...
ഏറെയൊന്നും തിരിച്ചറിയാന്‍
സമയമില്ലാത്തതിനാലാവാം
യാഥാര്‍ത്ഥ്യങ്ങളെക്കാള്‍
സ്വപ്നത്തിനു നിറം കൂടിയത് --
അതുകൊണ്ടാവാം
നാമൊക്കെ സ്വകാര്യമായി
ഉറങ്ങാന്‍ കൊതിക്കുന്നത്...
ഏറെയൊന്നും ഇളവേല്‍ക്കാന്‍
തണലും തണുപ്പുമില്ലാത്തതാവാം
വെയിലിനേക്കാള്‍
നിഴലുകള്‍ക്ക് നീളം കൂടിയത് --
അതുകൊണ്ടാവാം
നാമൊക്കെ പലപ്പോഴും
ഇരുട്ടിലേക്ക് നടന്നു പോകുന്നത്...

സ്പോണ്‍സേര്‍ഡ് പ്രോഗ്രാം

പടി കടന്നകലുമ്പോഴും
പിടയ്ക്കും മിഴിയില്‍
നോക്കി നില്‍ക്കാന്‍ 
ഒരു എപ്പിസോഡ്
മുഷിഞ്ഞു പോയ ജീവിതത്തിനു
ഇളവേല്‍ക്കാന്‍
ചമല്‍ക്കാരങ്ങളുടെ
ഒരു സീന്‍
ഒറ്റ വാക്കിന്‍
സ്ഫടിക ജലത്തില്‍
മുങ്ങിത്താഴാന്‍
ഒരു ഷോട്ട്
ഗദ്ഗദം കൊണ്ട മൌനത്തിനു
വീര്‍പ്പടക്കാന്‍
ഒരു ക്ലോസ് - അപ്
സ്വപ്നങ്ങളില്‍
അര്‍ബുദം പടരുമ്പോള്‍
കീമോ തെറാപ്പി നല്‍കാന്‍
ഒരു ഷോര്‍ട്ട് ബ്രേക്ക്
സിഗ്നല്‍ കിട്ടാതെ
പ്രാണന്‍ പിടയുമ്പോള്‍
ദയാ വധത്തിനു
ഒരു റിമോട്ട്
.... ക്ഷമിക്കണം
നമ്മെയെല്ലാം
ആരാണ്
സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ....?!

ഉൾക്കണ്ണൻ

കൃഷ്ണജയന്തി കഴിഞ്ഞു - കംസ 
ചിത്തം കലങ്ങി മറിഞ്ഞു 
മണ്ണിലും വിണ്ണിലുമൊപ്പം - കൃഷ്ണ -
നാമസങ്കീർത്തനം കേട്ടു
അമ്പാടിപ്പൈയ്ക്കളുണർന്നു - തിരു-
വമ്പാടി ധന്യതയാർന്നു
അമ്മ യശോദ കണ്‍കണ്ടു - മെല്ലെ-
യുമ്മ വെച്ചങ്ങു കുഴഞ്ഞു
കണ്ണിനു കണ്ണായൊരുണ്ണി - നാവിൽ
കണ്ണനെന്നല്ലോ വിളങ്ങി
നല്ല മയിൽ‌പ്പീലി വെച്ചു - ചുണ്ടി -
ലോടക്കുഴലും തിരുകി
പീതംബരപ്പട്ടണിഞ്ഞു - സ്നേഹ -
മേഘവർണ്ണം മെയ്യണിഞ്ഞു
ചിഞ്ചിലം പാദസരങ്ങൾ - കൊഞ്ചി -
ചന്ദനപ്പൂനിലാവായി
ഗോപികാ ചിത്തം തളിർത്തു - പ്രേമ -
ഗോരോചനം കണ്ണെഴുതി
കൂട്ടരായ് ഗോപകുമാരർ - ചേർന്നു -
കാട്ടിലും കേറി നടന്നു
കണ്ണന്റെ പാദം പതിഞ്ഞ - മണ്ണും
കല്മഷം തീർന്നു തെളിഞ്ഞു
കണ്ണനെ കാണുവാനായ - കണ്ണിൻ -
ഭാഗ്യമെന്തെന്നു ചൊല്ലേണ്ടു
കണ്‍നട്ടു കാത്തിരുന്നാലോ - കാണാം -
ഉൾക്കണ്ണിലാ ദിവ്യ രൂപം
കണ്ണനെ നാം പിടിച്ചാലോ - കണ്ണൻ
നമ്മെയും ചേർത്തു പിടിക്കും 

ശാരദ്വതന്റെ സങ്കടം

(ഗർഭിണിയാണെന്നറിഞ്ഞ ശകുന്തളയെ ദുഷ്യന്തന്റെ രാജധാനിയിലേക്ക് അനുഗമിച്ച ഒരു താപസൻ ശാരദ്വതൻ ആയിരുന്നു)
കണ്വാശ്രമത്തിലെ താപസ നോവിന്റെ
വഴികളിൽ കണ്ണുനീർ പുണ്യാഹമാകയോ?
സുകൃതക്ഷയങ്ങളിൽ ശാപവാക്കിയലുന്നൊ-
രാശ്രമ കന്യകേ നീ മറന്നീടുക!
അഭയം തിരക്കി നീ യാത്രയാകുന്നോരീ
അപശകുന വേളയിൽ വഴികാട്ടിയല്ലൊ ഞാൻ !
ഇനി നിനെക്കെന്തിനീ സ്മേര സായന്തനം,
ഇനി നിനെക്കെന്തിനീയാർദ്ര ശാകുന്തളം!
പിന്നിൽ കൊരുക്കേണ്ട നിന്റെ കണ്മുനകളിൽ -
തുന്നിയ സ്വപ്‌നങ്ങൾ , മുന്നേ നടക്ക നീ ...
മുനി കവാടങ്ങൾ, ശ്രുതി ചേർന്ന പകലുകൾ ,
മൃതി കടക്കാ തപസ്സിൻ യാഗശാലകൾ ,
അരണികൾ കടയുന്ന കാറ്റിന്റെ സീൽക്കാര-
മവിരാമമായ് പൊങ്ങിയുയരും പ്രസന്നത,
ചമതയെരിയുന്ന ഹോമ കുണ്ഡങ്ങളിൽ
ചമയമഴിയും ഹവിസ്സിന്റെ സ്നിഗ്ധത,
കണ്ണെഴുതിക്കളിക്കുന്ന മാൻ പേടകൾ ,
പർണ്ണ ശാലയ്ക്കലങ്കാര ഭൂഷകൾ
അവിടെയാരും കൊതിക്കുന്ന ജ്യോത്സ്നയായ്
തോഴിമാരൊത്തു നീ വളർന്നംബികേ ...
ഒരു വേള,യൊരു വേള തങ്ങളിൽ തങ്ങളിൽ
ഇണചേർന്നു നീങ്ങുന്ന ഹരിണങ്ങൾ മാതിരി ,
ഭൂർജ പത്രങ്ങളിൽ കാമലിഖിതങ്ങൾക്കു
ഭാഷണം തേടുന്ന ശിശിരങ്ങൾ മാതിരി ,
നിറനിലാവണി ചേർത്തൊരാമ്പലിൻ പൊയ്കയിൽ
കളഹംസ ഗീതികൾ പൊഴിയുന്ന മാതിരി ,
നീ മനസ്സിൽ ചാപ ബാണം കുലച്ചുവോ,
നീ നഭസ്സിൽ സ്നേഹ താരം കൊരുത്തുവോ?
ദയിത, നീയെപ്പൊഴോ നഗര കാമനകൾക്കു
ദർഭ മുനയാൽ കടക്കണ്ണെറിഞ്ഞുവോ?
പഴയതെല്ലാം കടങ്കഥ കന്യകേ,
ചുഴികളലയുന്ന ജീവിതത്തിൻ പൊരുൾ -
ഇവിടെയാര്‍ക്കും നിരൂപിച്ചു തങ്ങളില്‍
ഉപസംഹരിക്കാന്‍ കഴിഞ്ഞില്ലിതു വരെ!
ഇനി നിനെക്കെന്തിനീ സ്മേര സായന്തനം,
ഇനി നിനെക്കെന്തിനീയാർദ്ര ശാകുന്തളം!
വേദങ്ങളും വാദ്യഘോഷങ്ങളും വെറുതെ
മന്ത്രങ്ങളും ശാന്തി കർമങ്ങളും വെറുതെ
കാവിപ്പുതപ്പിന്റെയന്തരംഗങ്ങളിൽ
കാമനകൾ സ്വപ്‌നങ്ങൾ നെയ്യുന്നതും വെറുതെ
അറിവിന്റെയുന്മത്ത നാരായ ലിപികളിൽ
അറിയാമപരനെയെന്നതെല്ലാം വെറുതെ
സ്വപ്നങ്ങളും വെറുതെ, ബന്ധങ്ങളും വെറുതെ
സ്വർഗങ്ങൾ മോഹിച്ച യജ്ഞങ്ങളും വെറുതെ
നാലു വേദങ്ങ,ളസംഖ്യം പുരാണങ്ങൾ
നാട്ടു നടപ്പിന്റെ പാഠങ്ങളും വെറുതെ
നാവിൽ രുചിയ്ക്കാത്ത സ്മാർത്ഥങ്ങളും വെറുതെ
നോവിൽ ചിരം മൂകസാക്ഷിയോ ജീവിതം?
ഇവിടെയിളവേൽക്കാം നമുക്കിനിയൊരു മാത്ര
ഇനിയുണ്ടു താണ്ടുവാൻ കാതങ്ങൾ മുന്നിലായ്
ഇനി മറന്നേക്കാം, മനസ്സിന്റെ ജാലകം
ഇരുളിനാൽ ബന്ധിച്ചു ഞാനുമലഞ്ഞിടാം ....

പ്രണയതാരകം

ഏതു ജന്മാന്തര സന്ധ്യയിൽ വെച്ചു നാം 
കണ്ടു പിരിഞ്ഞവരെന്നോ 
വീണ്ടുമീ ജീവിത സൂര്യോദയത്തിൽ നാം 
കണ്ടു കൈ ചേർത്തവരെന്നോ 
ആരറിയുന്നതിന്നാത്മാവിനുള്ളിലെ-
യാലേഖനത്തിൻ രഹസ്യം!
ആരറിയുന്നതിന്നാകസ്മികം കൊണ്ട
ജീവതത്തിൻപ്പൊരുൾ ചിത്രം
നോവല്ല, നോവുപോൽ ഉള്ളിൽ കലമ്പുന്ന
നേര,താണത്രേ പ്രണയം,
പൂവല്ല, പൂവു പോൽ ഉള്ളിൽ ചുരത്തുന്ന
സൌരഭ്യമത്രേ പ്രണയം
എങ്കിലും നാമറിയുന്നതിന്നാകാശ-
സ്വച്ഛന്ദ സഞ്ചാര മാർഗം,
താനേ തുറക്കുന്നൊരിന്ദ്ര ജാലത്തിന്റെ
പേരതാണത്രേ പ്രണയം!
ഏതു ജന്മാന്തര സന്ധ്യയിൽ വെച്ചു നാം
കണ്ടു പിരിഞ്ഞവരെന്നോ
വീണ്ടുമീ ജീവിത സൂര്യോദയത്തിൽ നാം
കണ്ടു കൈ ചേർത്തവരെന്നോ
നമ്മൾ പരസ്പരം കണ്ണിൽ നിലാവിനെ
കോർക്കുന്ന രണ്ടു നക്ഷത്രം!!

കാവ്യകം

എന്‍റെ ജന്മത്തിന്‍റെ സന്ധ്യയില്‍ പൂത്തൊരു 
ചന്ദ്രികാ സുസ്മിതം നീയല്ലേ 
എന്‍റെ കിനാവുകള്‍ക്കൊക്കെയും പാടുവാന്‍ 
സംഗീതമായതും നീയല്ലേ 
എന്‍റെ സ്വപ്നങ്ങളെയാലോലമാട്ടുവാന്‍
തൊട്ടിലായ്ത്തീര്‍ന്നതും നീയല്ലേ
എന്‍റെ കണ്ണീരിന്‍റെയുള്ളം തുടയ്ക്കുവാന്‍
വിരല്‍ നീട്ടി നിന്നതും നീയല്ലേ
കൈപിടിച്ചെന്നെ നടത്തുവാന്‍ നിഴലായി
കൂടെ നടപ്പതും നീയല്ലേ
ഉള്ളു പൊള്ളുന്ന നേരത്തു സ്നേഹത്തിന്‍റെ
ചന്ദനം തൊട്ടതും നീയല്ലേ
എന്നിലെയെന്നെയറിയുവാന്‍ ജീവന്‍റെ
നന്മയായ്ത്തീര്‍ന്നതും നീയല്ലേ
ഏറെത്തളര്‍ന്നു ഞാന്‍ നില്‍ക്കവെ, നെഞ്ചിലെ-
ച്ചുടു പകര്‍ന്നതും നീയല്ലേ
ആരുമില്ലാതലയുന്ന നേരത്തെന്‍റെ
ചാരെ നടന്നതും നീയല്ലേ
എന്നെ ‍ഞാനാക്കുവാ,നെന്നോടു ചേരുവാ-
നെന്നുമെന്നുള്ളിലോ നീയല്ലേ
നീയാണു ‍ജീവിത,മെന്‍റെ പ്രതീക്ഷകള്‍
നീ തന്നെ ഞാനെന്നതല്ലെ സത്യം!
മൃത്യുവെന്നെപ്പിടികൂടും വരേയക്കുമീ
സത്യമാം ജീവിതം നിന്‍റെയൊപ്പം! 

ഒരു ഗാനം

ഉത്ര നിലാവിന്‍റെ പുഞ്ചിരി കൊണ്ടൊരു
അത്തത്തിന്‍ പൂക്കളം തീര്‍ത്തു
പൂക്കളം കാണുവാന്‍ തൃക്കാക്കരത്തേവര്‍
തുമ്പച്ചിരിയുമായ് വന്നു 
തുമ്പിച്ചിറകില്‍ വന്നു
(ഉത്ര നിലാവിന്‍റെ ...)
കോടിക്കസവിന്‍റെ പൊന്നാട ചാര്‍ത്തിയ
കാതര മിഴികളില്‍ കണ്ടു
കാത്തിരിപ്പിന്‍ കണിപ്പൂക്കളം തീര്‍ക്കുന്ന
കാഞ്ചനപ്പൂവിന്‍റെ സ്വപ്നം
ശ്രാവണ സംഗീത ചിത്തം
(ഉത്ര നിലാവിന്‍റെ ...)
ഊഞ്ഞാലിലാടുന്ന മാനസം പാടിയ
ഓണ വായ്ത്താരികള്‍ കേട്ടു
ആ ഗാനശീലുകള്‍ മാരന്‍റെ നെഞ്ചിലെ
ആലോല മോഹം പകര്‍ന്നു
ആനന്ദമായിപ്പടര്‍ന്നു
(ഉത്ര നിലാവിന്‍റെ ...)

ഒരു ഗാനം

തുമ്പച്ചിരി കണ്ടില്ലെ,ന്നുള്ളിൽക്കൊതി പൂക്കുന്ന
തുമ്പിപ്പാട്ടിന്നീണം കേട്ടതില്ലാ...
മുക്കുറ്റിപ്പൂവിന്നണി വൈരച്ചിരി ചാർത്തുന്ന
മുന്നാഴിപ്പൂവെയിലും കണ്ടതില്ലാ... 
(തുമ്പച്ചിരി...)
കാഴ്ചക്കുല നിവേദിക്കുവാനണ്ണാറ-
കണ്ണനും പൂമുഖം വന്നതില്ലാ
പുളിയിലക്കരമുണ്ടിൽ കോർക്കുവാൻ കസവുമായ്
ഓണനിലാവും ചിരിച്ചതില്ലാ...
പരിഭവം ഞാനൊന്നും പറഞ്ഞതില്ല
(തുമ്പച്ചിരി...)
ഊഞ്ഞാലിലാടിയൊരോർമയിൽ പണ്ടത്തെ
ഓണവിൽ പാട്ടെന്നെ മയക്കിയില്ലാ...
അമ്പെയ്ത്തും പൂക്കളവും അൻപോടെ പൂവിളിയും
അരുമയായൊന്നും ഞാനറിഞ്ഞതില്ലാ
പരിഭവം ഞാനൊന്നും പറഞ്ഞതില്ല
(തുമ്പച്ചിരി...)
ദാവണിക്കസവാട ചാർത്തിയൊരെൻ സ്വപ്ന-
ദേവാങ്കണം പൂത്തുലഞ്ഞതില്ലാ ...
ആരെയോ തേടിത്തിരഞ്ഞൊരെൻ ജീവനിൽ
ശ്രാവണം സാന്ത്വനമേകിയില്ലാ....
ശാരികപ്പൈതലും പാടിയില്ല
(തുമ്പച്ചിരി...)

വിപരിണാമം

നോക്കൂ ...
ഈ റാന്തലിന്‍റെ
കണ്ണില്‍ നിന്നു
ഇരുളിന്‍ ചുഴിപോലെ ഒന്ന്‍
വിതുമ്പി വീഴുന്നുണ്ട്‌
ഈ പകലിന്‍ നെഞ്ചില്‍ നിന്നു
അസ്തമിച്ചുപോയ
സൂര്യന്‍റെ സീല്‍ക്കാരം പോലൊന്ന്
ചുമച്ചു കിതയ്ക്കുന്നുണ്ട്
ഈ കടല്‍ത്തിരകളുടെ
വ്യഗ്രതയില്‍
നുരകളുടെ നെഞ്ചില്‍
കര പോലൊന്ന്
നീലിച്ചു കാണുന്നുണ്ട്
ഈ ഹൃദയം
നിലച്ചു പോകുമ്പോഴും
പറയാന്‍ ഒരുങ്ങിപ്പുറപ്പെട്ട
വാക്കു പോലൊന്ന്
തൊണ്ടക്കുഴിയില്‍
കുരുങ്ങി നില്‍ക്കുന്നുണ്ട്
എനിക്കറിയാം
ഈ ശവപ്പറമ്പുകളില്‍
എന്നെക്കാത്ത്
വിഭൂതിയണിയാന്‍
ഇത്തിരി ചാരമോ
അടയാള രൂപമായ്‌
ഒരു മീസാന്‍ കല്ലോ
തലമുറകള്‍ക്ക് വര്‍ഷ പ്രാര്‍ത്ഥന നടത്താന്‍
കുരിശു വരയ്ക്കും കല്ലറയോ
കാത്തിരിക്കുന്നെന്നു....!!

ഒരു ഗാനം

കല്ലോലിനീ മൃദു തരംഗമായാല്‍ നീ
കല്‍ഹാരമായ് ഞാന്‍ വിടര്‍ന്നു നില്‍ക്കാം
കാഞ്ചന മണിമയ സുഗന്ധമായാല്‍ നീ
കാല്‍ത്തള പോലെ ഞാന്‍ പുണര്‍ന്നു നില്‍ക്കാം 
(കല്ലോലിനീ...)
കദംബമരം ചൂടും സൂനമായാല്‍ നീ
കളിവേണുവില്‍ ഞാന്‍ പാട്ടു പാടാം
കപാലമാലിനി ധ്യാനമായാല്‍ നീ
കമണ്ഡലുവില്‍ ജല തീര്‍ത്ഥമാകും ഞാന്‍
(കല്ലോലിനീ...)
കര്‍ണികാരം പോലെ പൂത്തുലഞ്ഞാല്‍ നീ
കണിത്താല മംഗളം ഞാന്‍ ജപിക്കാം
കാദംബരീ സ്നിഗ്ധ ലീനമായാല്‍ നീ
കാമ്യക തല്പം ഞാന്‍ വിരിക്കാം
(കല്ലോലിനീ...)

വിദ്യാരംഭം (ഒരു ന്യു ജനറേഷന്‍ പതിപ്പ്)

ടച്ച് സ്ക്രീനില്‍ 
ഹരിശ്രീ എന്നെഴുതി
പ്ലേ സ്റ്റോറില്‍ നിന്ന്
ചന്ദനക്കുറിയുടെ ഒരു ആപ്
ഡൌണ്‍ലോഡ് ചെയ്തു കുറി വരച്ച്
ഗൂഗിള്‍ ബുക്ക്‌ ഷെല്‍ഫില്‍
പൂജക്ക്‌ വെച്ച പുസ്തകം എടുത്ത്
നാവിഗേഷന്‍ ക്ലിക്ക് ചെയ്തു
വീട്ടിലേക്ക് ഒറ്റ നടത്തം......

ഒടുവിൽ

എന്തിനേറെ കൊതിക്കുന്നു നാം വൃഥാ 
വെന്തു പോകും പ്രാണനുമങ്ങനെ 
പന്തു തട്ടുന്ന ജീവ പ്രതീക്ഷകൾ 
അന്തമില്ലാ തെ പായുന്നു നിഷ്ക്രിയം

വെളി(ച്ച)പാട്


1. 
കണ്ണീരു കാരണം 
നന്നായ് കരയുവാൻ 
കണ്ണിനു പോലും 
ശേഷിയില്ലാതായ് !
2.
ജനനം കൊണ്ടു നാം
നേടാത്തതൊക്കെയും
മരണം കൊണ്ടു നാം
നേടുന്നു ഭൂമിയിൽ!
3.
കാറ്റിനെപ്പോലെ നിൻ പ്രണയവും:
വന്നതും പോയതും ആരുമേ കണ്ടില്ല!
4.
കരഞ്ഞു പെയ്താൽ കണ്ണീര്
മേഘം പെയ്താൽ തണ്ണീര്!
5.
അൽപ്പനു നെറ്റ് കണക്ഷൻ കിട്ടിയാൽ
അർദ്ധരാത്രിക്കും ഫേസ് ബുക്ക്‌ തുറക്കും!
6.
ഇന്നലെയായിരുന്നു മരിക്കാൻ ഒരുങ്ങിയത്
ഇന്നായിരുന്നു ജീവിക്കാൻ കരുതിയത്‌
നാളെയായിരുന്നു ജനിക്കാൻ തീരുമാനിച്ചത്
7.
കാമുകീ കാമുകന്മാർക്കെല്ലാം
ഒരേ ഗന്ധമാണ്;
കാമത്തിന്റെ.......!!
8
ദൈവത്തിന്റെ ജനനം
അവതാരമായി
ചെകുത്താന്റെ ജനനം
അവതാളമായി
9
വെളിച്ചം കണ്ട പാടെ നാമെല്ലാം
വെളിച്ചപ്പാടന്മാരായി!!
10
വിത്തെടുത്തു കുത്തിയവനെല്ലാം
പത്തു മേനി വിളഞ്ഞു നില്ക്കയാം....!!