കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Wednesday, August 19, 2015

പ്രണയതാരകം

ഏതു ജന്മാന്തര സന്ധ്യയിൽ വെച്ചു നാം 
കണ്ടു പിരിഞ്ഞവരെന്നോ 
വീണ്ടുമീ ജീവിത സൂര്യോദയത്തിൽ നാം 
കണ്ടു കൈ ചേർത്തവരെന്നോ 
ആരറിയുന്നതിന്നാത്മാവിനുള്ളിലെ-
യാലേഖനത്തിൻ രഹസ്യം!
ആരറിയുന്നതിന്നാകസ്മികം കൊണ്ട
ജീവതത്തിൻപ്പൊരുൾ ചിത്രം
നോവല്ല, നോവുപോൽ ഉള്ളിൽ കലമ്പുന്ന
നേര,താണത്രേ പ്രണയം,
പൂവല്ല, പൂവു പോൽ ഉള്ളിൽ ചുരത്തുന്ന
സൌരഭ്യമത്രേ പ്രണയം
എങ്കിലും നാമറിയുന്നതിന്നാകാശ-
സ്വച്ഛന്ദ സഞ്ചാര മാർഗം,
താനേ തുറക്കുന്നൊരിന്ദ്ര ജാലത്തിന്റെ
പേരതാണത്രേ പ്രണയം!
ഏതു ജന്മാന്തര സന്ധ്യയിൽ വെച്ചു നാം
കണ്ടു പിരിഞ്ഞവരെന്നോ
വീണ്ടുമീ ജീവിത സൂര്യോദയത്തിൽ നാം
കണ്ടു കൈ ചേർത്തവരെന്നോ
നമ്മൾ പരസ്പരം കണ്ണിൽ നിലാവിനെ
കോർക്കുന്ന രണ്ടു നക്ഷത്രം!!

കാവ്യകം

എന്‍റെ ജന്മത്തിന്‍റെ സന്ധ്യയില്‍ പൂത്തൊരു 
ചന്ദ്രികാ സുസ്മിതം നീയല്ലേ 
എന്‍റെ കിനാവുകള്‍ക്കൊക്കെയും പാടുവാന്‍ 
സംഗീതമായതും നീയല്ലേ 
എന്‍റെ സ്വപ്നങ്ങളെയാലോലമാട്ടുവാന്‍
തൊട്ടിലായ്ത്തീര്‍ന്നതും നീയല്ലേ
എന്‍റെ കണ്ണീരിന്‍റെയുള്ളം തുടയ്ക്കുവാന്‍
വിരല്‍ നീട്ടി നിന്നതും നീയല്ലേ
കൈപിടിച്ചെന്നെ നടത്തുവാന്‍ നിഴലായി
കൂടെ നടപ്പതും നീയല്ലേ
ഉള്ളു പൊള്ളുന്ന നേരത്തു സ്നേഹത്തിന്‍റെ
ചന്ദനം തൊട്ടതും നീയല്ലേ
എന്നിലെയെന്നെയറിയുവാന്‍ ജീവന്‍റെ
നന്മയായ്ത്തീര്‍ന്നതും നീയല്ലേ
ഏറെത്തളര്‍ന്നു ഞാന്‍ നില്‍ക്കവെ, നെഞ്ചിലെ-
ച്ചുടു പകര്‍ന്നതും നീയല്ലേ
ആരുമില്ലാതലയുന്ന നേരത്തെന്‍റെ
ചാരെ നടന്നതും നീയല്ലേ
എന്നെ ‍ഞാനാക്കുവാ,നെന്നോടു ചേരുവാ-
നെന്നുമെന്നുള്ളിലോ നീയല്ലേ
നീയാണു ‍ജീവിത,മെന്‍റെ പ്രതീക്ഷകള്‍
നീ തന്നെ ഞാനെന്നതല്ലെ സത്യം!
മൃത്യുവെന്നെപ്പിടികൂടും വരേയക്കുമീ
സത്യമാം ജീവിതം നിന്‍റെയൊപ്പം! 

ഒരു ഗാനം

ഉത്ര നിലാവിന്‍റെ പുഞ്ചിരി കൊണ്ടൊരു
അത്തത്തിന്‍ പൂക്കളം തീര്‍ത്തു
പൂക്കളം കാണുവാന്‍ തൃക്കാക്കരത്തേവര്‍
തുമ്പച്ചിരിയുമായ് വന്നു 
തുമ്പിച്ചിറകില്‍ വന്നു
(ഉത്ര നിലാവിന്‍റെ ...)
കോടിക്കസവിന്‍റെ പൊന്നാട ചാര്‍ത്തിയ
കാതര മിഴികളില്‍ കണ്ടു
കാത്തിരിപ്പിന്‍ കണിപ്പൂക്കളം തീര്‍ക്കുന്ന
കാഞ്ചനപ്പൂവിന്‍റെ സ്വപ്നം
ശ്രാവണ സംഗീത ചിത്തം
(ഉത്ര നിലാവിന്‍റെ ...)
ഊഞ്ഞാലിലാടുന്ന മാനസം പാടിയ
ഓണ വായ്ത്താരികള്‍ കേട്ടു
ആ ഗാനശീലുകള്‍ മാരന്‍റെ നെഞ്ചിലെ
ആലോല മോഹം പകര്‍ന്നു
ആനന്ദമായിപ്പടര്‍ന്നു
(ഉത്ര നിലാവിന്‍റെ ...)

ഒരു ഗാനം

തുമ്പച്ചിരി കണ്ടില്ലെ,ന്നുള്ളിൽക്കൊതി പൂക്കുന്ന
തുമ്പിപ്പാട്ടിന്നീണം കേട്ടതില്ലാ...
മുക്കുറ്റിപ്പൂവിന്നണി വൈരച്ചിരി ചാർത്തുന്ന
മുന്നാഴിപ്പൂവെയിലും കണ്ടതില്ലാ... 
(തുമ്പച്ചിരി...)
കാഴ്ചക്കുല നിവേദിക്കുവാനണ്ണാറ-
കണ്ണനും പൂമുഖം വന്നതില്ലാ
പുളിയിലക്കരമുണ്ടിൽ കോർക്കുവാൻ കസവുമായ്
ഓണനിലാവും ചിരിച്ചതില്ലാ...
പരിഭവം ഞാനൊന്നും പറഞ്ഞതില്ല
(തുമ്പച്ചിരി...)
ഊഞ്ഞാലിലാടിയൊരോർമയിൽ പണ്ടത്തെ
ഓണവിൽ പാട്ടെന്നെ മയക്കിയില്ലാ...
അമ്പെയ്ത്തും പൂക്കളവും അൻപോടെ പൂവിളിയും
അരുമയായൊന്നും ഞാനറിഞ്ഞതില്ലാ
പരിഭവം ഞാനൊന്നും പറഞ്ഞതില്ല
(തുമ്പച്ചിരി...)
ദാവണിക്കസവാട ചാർത്തിയൊരെൻ സ്വപ്ന-
ദേവാങ്കണം പൂത്തുലഞ്ഞതില്ലാ ...
ആരെയോ തേടിത്തിരഞ്ഞൊരെൻ ജീവനിൽ
ശ്രാവണം സാന്ത്വനമേകിയില്ലാ....
ശാരികപ്പൈതലും പാടിയില്ല
(തുമ്പച്ചിരി...)

വിപരിണാമം

നോക്കൂ ...
ഈ റാന്തലിന്‍റെ
കണ്ണില്‍ നിന്നു
ഇരുളിന്‍ ചുഴിപോലെ ഒന്ന്‍
വിതുമ്പി വീഴുന്നുണ്ട്‌
ഈ പകലിന്‍ നെഞ്ചില്‍ നിന്നു
അസ്തമിച്ചുപോയ
സൂര്യന്‍റെ സീല്‍ക്കാരം പോലൊന്ന്
ചുമച്ചു കിതയ്ക്കുന്നുണ്ട്
ഈ കടല്‍ത്തിരകളുടെ
വ്യഗ്രതയില്‍
നുരകളുടെ നെഞ്ചില്‍
കര പോലൊന്ന്
നീലിച്ചു കാണുന്നുണ്ട്
ഈ ഹൃദയം
നിലച്ചു പോകുമ്പോഴും
പറയാന്‍ ഒരുങ്ങിപ്പുറപ്പെട്ട
വാക്കു പോലൊന്ന്
തൊണ്ടക്കുഴിയില്‍
കുരുങ്ങി നില്‍ക്കുന്നുണ്ട്
എനിക്കറിയാം
ഈ ശവപ്പറമ്പുകളില്‍
എന്നെക്കാത്ത്
വിഭൂതിയണിയാന്‍
ഇത്തിരി ചാരമോ
അടയാള രൂപമായ്‌
ഒരു മീസാന്‍ കല്ലോ
തലമുറകള്‍ക്ക് വര്‍ഷ പ്രാര്‍ത്ഥന നടത്താന്‍
കുരിശു വരയ്ക്കും കല്ലറയോ
കാത്തിരിക്കുന്നെന്നു....!!

ഒരു ഗാനം

കല്ലോലിനീ മൃദു തരംഗമായാല്‍ നീ
കല്‍ഹാരമായ് ഞാന്‍ വിടര്‍ന്നു നില്‍ക്കാം
കാഞ്ചന മണിമയ സുഗന്ധമായാല്‍ നീ
കാല്‍ത്തള പോലെ ഞാന്‍ പുണര്‍ന്നു നില്‍ക്കാം 
(കല്ലോലിനീ...)
കദംബമരം ചൂടും സൂനമായാല്‍ നീ
കളിവേണുവില്‍ ഞാന്‍ പാട്ടു പാടാം
കപാലമാലിനി ധ്യാനമായാല്‍ നീ
കമണ്ഡലുവില്‍ ജല തീര്‍ത്ഥമാകും ഞാന്‍
(കല്ലോലിനീ...)
കര്‍ണികാരം പോലെ പൂത്തുലഞ്ഞാല്‍ നീ
കണിത്താല മംഗളം ഞാന്‍ ജപിക്കാം
കാദംബരീ സ്നിഗ്ധ ലീനമായാല്‍ നീ
കാമ്യക തല്പം ഞാന്‍ വിരിക്കാം
(കല്ലോലിനീ...)

വിദ്യാരംഭം (ഒരു ന്യു ജനറേഷന്‍ പതിപ്പ്)

ടച്ച് സ്ക്രീനില്‍ 
ഹരിശ്രീ എന്നെഴുതി
പ്ലേ സ്റ്റോറില്‍ നിന്ന്
ചന്ദനക്കുറിയുടെ ഒരു ആപ്
ഡൌണ്‍ലോഡ് ചെയ്തു കുറി വരച്ച്
ഗൂഗിള്‍ ബുക്ക്‌ ഷെല്‍ഫില്‍
പൂജക്ക്‌ വെച്ച പുസ്തകം എടുത്ത്
നാവിഗേഷന്‍ ക്ലിക്ക് ചെയ്തു
വീട്ടിലേക്ക് ഒറ്റ നടത്തം......

ഒടുവിൽ

എന്തിനേറെ കൊതിക്കുന്നു നാം വൃഥാ 
വെന്തു പോകും പ്രാണനുമങ്ങനെ 
പന്തു തട്ടുന്ന ജീവ പ്രതീക്ഷകൾ 
അന്തമില്ലാ തെ പായുന്നു നിഷ്ക്രിയം

വെളി(ച്ച)പാട്


1. 
കണ്ണീരു കാരണം 
നന്നായ് കരയുവാൻ 
കണ്ണിനു പോലും 
ശേഷിയില്ലാതായ് !
2.
ജനനം കൊണ്ടു നാം
നേടാത്തതൊക്കെയും
മരണം കൊണ്ടു നാം
നേടുന്നു ഭൂമിയിൽ!
3.
കാറ്റിനെപ്പോലെ നിൻ പ്രണയവും:
വന്നതും പോയതും ആരുമേ കണ്ടില്ല!
4.
കരഞ്ഞു പെയ്താൽ കണ്ണീര്
മേഘം പെയ്താൽ തണ്ണീര്!
5.
അൽപ്പനു നെറ്റ് കണക്ഷൻ കിട്ടിയാൽ
അർദ്ധരാത്രിക്കും ഫേസ് ബുക്ക്‌ തുറക്കും!
6.
ഇന്നലെയായിരുന്നു മരിക്കാൻ ഒരുങ്ങിയത്
ഇന്നായിരുന്നു ജീവിക്കാൻ കരുതിയത്‌
നാളെയായിരുന്നു ജനിക്കാൻ തീരുമാനിച്ചത്
7.
കാമുകീ കാമുകന്മാർക്കെല്ലാം
ഒരേ ഗന്ധമാണ്;
കാമത്തിന്റെ.......!!
8
ദൈവത്തിന്റെ ജനനം
അവതാരമായി
ചെകുത്താന്റെ ജനനം
അവതാളമായി
9
വെളിച്ചം കണ്ട പാടെ നാമെല്ലാം
വെളിച്ചപ്പാടന്മാരായി!!
10
വിത്തെടുത്തു കുത്തിയവനെല്ലാം
പത്തു മേനി വിളഞ്ഞു നില്ക്കയാം....!!

ഞാനും നീയും (കുറുങ്കവിതകള്‍ )


1.
എന്നെ മറക്കുവാന്‍ 
നിന്നെ കണ്ടെത്തിയപ്പോള്‍
നീ എന്നെ മറന്നു തുടങ്ങി
2.
നീയൊരു വന്ധ്യയാണെന്നറിഞ്ഞപ്പോഴാണ്
ഞാനൊരു കുഞ്ഞിനെപ്പോലെ കരഞ്ഞത്
അപ്പോഴാണ്‌ നിന്‍റെ മുല ചുരന്നതും
3
നിനക്ക് ഒളിച്ചിരിക്കാന്‍ എന്‍റെ ഹൃദയം
എനിക്കു കൂട്ടിരിക്കാന്‍ നിന്‍റെ പ്രണയം
നമുക്ക് മറഞ്ഞിരിക്കാന്‍ ഒരു മരണം
4
കിടപ്പറയിലെ എന്‍റെ ബലഹീനതയിലാണ്
നീയെന്നെ വെറുക്കാന്‍ തുടങ്ങിയത്
അപ്പോഴാണ്‌ ഞാന്‍ സ്ഖലിച്ചു തുടങ്ങിയതും
5
ഒന്നു തൊടുമ്പോഴേക്കും പെയ്തുണരും
ഒന്നു വിളിക്കുമ്പോഴേക്കും പിടഞ്ഞുണരും
ഒരിക്കലും പക്ഷെ നിന്നെ ഞാന്‍ കണ്ടതേയില്ല

സംഭവിച്ചത്

ഒന്നും പറയുവാനാകാതെ പുലരിയില്‍ 
ജന്മം വിറച്ചു വേച്ചങ്ങനെ പോകുന്നു...

അറിവ്

നീയറിഞ്ഞില്ല പാര്‍വണം പെയ്തതും
പാതിരാപ്പൂവുകള്‍ വിടരുന്നതും
രാക്കിളിപ്പാട്ടിലെ പ്രണയവും ശോകവും
മൂകം വിതുമ്പുന്ന വേദനയും
നീയറിഞ്ഞില്ല നിന്നിലേക്കുണരുവാന്‍ 
മഴപോലെ പെയ്ത കിനാവുകളും
നീയറിഞ്ഞില്ല കാലം നരച്ചതും
വേനലിന്നണപൊട്ടി നുരയുന്നതും
നീയറിഞ്ഞില്ല മണല്‍ക്കാടിനിരുളിലെ
നാഗങ്ങള്‍ ഇണ ചേര്‍ന്നു കുഴയുന്നതും
നീയറിഞ്ഞില്ല മഴവില്ലിനഴകുകള്‍
ഭൂമിയില്‍ പൂക്കളായ് വിടരുന്നതും
നീയറിഞ്ഞില്ല നിന്‍ കാല്‍ച്ചുവട്ടിലെ
തണലും തണുപ്പും മറയുന്നതും
നീയറിഞ്ഞില്ല നിന്നിലെക്കൊരുപാടു
ദൂരം വിയര്‍ത്തു തളരുന്നതും.....

ഞാനും നീയും

നിന്‍റെ കണ്ണിലൂടെ
കാണാനാണല്ലോ
ഞാനൊരു കണ്ണടയായി
നിന്‍റെ മുഖത്തിരിക്കുന്നത്
ഒരു കാറ്റു പോലും
കൊണ്ടു പോകാതിരിക്കാനാണല്ലോ
ഞാനൊരു ജീവ ശ്വാസമായി
നിന്‍റെ നെഞ്ചിലിരിക്കുന്നത്
ഒരു തുള്ളി പോലും
പൊഴിയാതിരിക്കാനാണല്ലോ
ഞാനൊരു കണ്ണീരായി
നിന്‍റെ മിഴികളിലിരിക്കുന്നത്
ഒരു ജന്മം മുഴുക്കെ
നിലയ്ക്കാതിരിക്കാനാണല്ലോ
ഞാനൊരു മിടിപ്പായി
നിന്‍റെ ഹൃദയത്തിലിരിക്കുന്നത്
ഒരു മറവിയില്‍ പോലും
കെട്ടു പോകാതിരിക്കാനാണല്ലോ
ഞാനൊരു വിളക്കായി
നിന്‍റെ പകലില്‍ നടക്കുന്നത്
ഒരു മഴയില്‍ പോലും
കുതിരാതിരിക്കാനാണല്ലോ
ഞാനൊരു മേഘമായി
നിനക്ക് കുട പിടിക്കുന്നത്
ഒരു ചിതയില്‍ പോലും
നോവാതിരിക്കാനാണല്ലോ
നിന്നിലൊരു അഗ്നിയായി
ഞാന്‍ സ്വയം എരിയുന്നത്
ഒരു ഉരുള പോലും
ബാക്കിയാവരുതെന്നു
കരുതിയാണ്
ഞാനൊരു ബാലിക്കാക്കയായത്
ഇതുകൊണ്ടൊക്കെ
തന്നെയാവണം
നീയിപ്പൊഴും രാത്രിയില്‍ തന്നെ
നില്‍ക്കുന്നത്....

ഗാനം


കതിരണിപ്പാടത്തു വയൽക്കിളി പാടുന്ന
കുറുമൊഴിപ്പാട്ടു ഞാൻ കേട്ടു
കരളിലെ നോവു പോൽ കരകാണാത്തൊരു
പ്രണയ വിഷാദം നുകർന്നു.....
ഇത് വഴി പോയൊരു കാറ്റിന്റെ ചുണ്ടുകൾ
ഇനി വരില്ലെന്നോ മൊഴിഞ്ഞു
ഇടറുന്ന കണ്ഠത്തിലുണരുന്ന നൊമ്പരം
ഇല്ലിമുളന്തണ്ടിനഭയം
മാധവം വിടപറഞ്ഞകലുന്ന മൂവാണ്ടൻ -
മാവിന്റെ ചില്ലകൾ തേങ്ങി
മാനസപ്പൈങ്കിളി കൂടണയാത്തൊരു
മഞ്ഞിൻ ശലാകയും വിങ്ങി 

അമ്മ

ആര്‍ദ്രമാമേതോ വിരല്‍ തൊട്ടു ജീവനില്‍
ആലംബമേകുന്നൊരുണ്‍മയാകുമ്പൊഴും
പിന്നെയും പിന്നെയും കെട്ടിപ്പിടിച്ചു കൊ-
ണ്ടന്തികെയുമ്മ വെച്ചോമനിക്കുമ്പോഴും
നീറുന്ന ദുഃഖങ്ങളേറ്റു വാങ്ങിക്കൊണ്ടു
നേരെ നിലാവിന്‍ ചിരി പടര്‍ത്തുമ്പൊഴും
പ്രാരബ്ധദുഃഖങ്ങളില്‍ വീണു പോകവെ
പ്രേമമോടെ കണ്ണുനീര്‍ തുടയ്ക്കുമ്പൊഴും
കാതിലൊരു മാത്രയോതുന്ന വാക്കുക-
ളാത്മ ബോധത്തിന്റെ നാദമാകുമ്പൊഴും
വേദനിച്ചോടി വന്നാ മടിത്തട്ടിലെ
താരാട്ടിനീണമായൊന്നലിയുമ്പൊഴും
ചേതന മങ്ങിക്കരഞ്ഞു കുഴയവെ
വേദവാക്കിന്‍ പൊരുളുള്ളിലേറ്റുമ്പൊഴും
ജന്മ ജന്മാന്തര പുണ്യമായ് മാറിലാ-
മന്ത്രാക്ഷരം ജപമാലയാകുമ്പൊഴും
സ്നേഹ വിഹായസ്സിലെന്നും കരം നീട്ടി
'മക്കളേ'യെന്നുള്‍ വിളി മുഴങ്ങുമ്പൊഴും
'അമ്മ'യെന്നദ്വൈത വാക്കാം പൊരുള്‍ തേടി
ഇന്നും പകച്ചു നില്‍പ്പാണെന്‍റെ മാനസം!!

എന്റെ പാട്ട്

കാണാതെ പോയി നീയൊരുമാത്രയെന്‍റെയീ
കണ്ണീരുനുള്ളിലെ മൌനം
കേള്‍ക്കാതെ പോയി നീയൊരുനേര്‍ത്ത തേങ്ങലില്‍
കരള്‍ കിതപ്പാറ്റുന്ന ഗാനം
പുഞ്ചിരി തൂകിയ പുലരികള്‍ പിന്നെയും
പുണരാന്‍ മടിക്കുന്ന നേരം
പുഞ്ചവയല്‍ക്കിളി പാടുന്ന പാട്ടിലെ
പുതിയ പ്രതീക്ഷകള്‍ ശോകം
ആലിലക്കൈകളെ പിച്ച നടത്തുന്ന
ആകാശമേഘ മന്ദാരം
ആരെയോ തേടിത്തിരഞ്ഞു കൊണ്ടിപ്പൊഴും
ആടി മാസത്തിരുവാരം
ചന്ദനം ചാലിച്ച പൂണൂല്‍ നിലാവിന്‍റെ
ചുണ്ടിലെപ്പാട്ടിന്‍റെയീണം
ചേക്കേറുവാനൊരു ചില്ല തിരയുന്ന
ചാതകപ്പക്ഷിയ്ക്കു നീഡം
താനേ തുറക്കുന്ന ജാലകപ്പാളികള്‍
തേടുന്നതേതു സുഗന്ധം
താരാട്ടു പാടിയൊരമ്മതന്‍ നെഞ്ചിലെ
തെളിനീര്‍ക്കിനാവിന്‍റെ ദുഗ്ദ്ധം

ഒരു ഗാനം


മന്ദാരപ്പൂവിന്റെ മണമുള്ള കാറ്റല്ലേ
മനസ്വിനി നീയൊരു വസന്തമല്ലേ
മകരന്ദമൊഴുകുന്ന മധുരിത ഭാവങ്ങള്‍
മനയോല ചാര്‍ത്തും മുഹൂര്‍ത്തമല്ലേ
(മന്ദാരപ്പൂവിന്റെ .....)
കാവില്‍ വിളക്കു കൊളുത്തുന്ന താരകം
കാതില്‍ പറഞ്ഞ സ്വകാര്യമല്ലേ
കാവ്യങ്ങളെഴുതുന്ന നിന്മിഴിത്തുമ്പിനാല്‍
കാതരേ നീയെന്നെ പുണര്‍ന്നതല്ലേ
(മന്ദാരപ്പൂവിന്റെ .....)
നിറമയില്‍പ്പീലിയില്‍ നീഹാരം തുന്നിയ
നിറനിലാവിന്‍ മധു സ്മേരമല്ലേ
നിരവദ്യ സംഗീത ലഹരിയിലുണരുന്ന
നിളയിലെ നീലാമ്പല്‍ സുഗന്ധമല്ലേ - നീ
നിളയിലെ നീലാമ്പല്‍ സുഗന്ധമല്ലേ
(മന്ദാരപ്പൂവിന്റെ .....)

പരിണാമം

മറന്നു പോകാന്‍ 
മരിച്ചവന്‍റെ കൈയൊപ്പ്‌
നശിച്ചു പോകാന്‍ 
ദുര്‍നടത്തക്കാരന്‍റെ കാലൊച്ച
കാണാതിരിക്കാന്‍
അന്ധന്‍റെ ഊന്നു വടി
കേള്‍ക്കാതിരിക്കാന്‍
കുരുടന്‍റെ ചെവിവട്ടം
ജീവിച്ചിരിക്കാന്‍
അലസന്‍റെ ജാതകം!

Sunday, January 12, 2014

വെറുതെ

നിഷ്ഫലം ജന്മം, വെറും 
നിഴല്‍ നാടകത്തിലെ 
നിഷ്ക്രിയ രൂപങ്ങളായ് 
തിരയുന്നു നാം സത്യം ! 

കേവലാനന്ദങ്ങളില്‍ 
മതിയെ മറന്നിട്ടും, 
കരള്‍ നീറ്റും നോവിലോ 
കണ്ണുനീര്‍ പൊഴിച്ചിട്ടും, 

അകലെക്കാണും മരു-
പ്പച്ചയെ സ്നേഹിച്ചിട്ടും,
അടുത്തെത്തുന്പോള്‍ ശ്ലഥ-
ചിത്രമായ് ഗ്രഹിച്ചിട്ടും,

നടന്നേ പോകാന്‍ വഴി-
യേറെയെന്നാഹ്ളാദിച്ചും
നടക്കുന്നതിന്‍ മുന്പേ
വഴികള്‍ മറന്നിട്ടും,

ഉദിക്കും നിലാവിനെ-
ക്കുന്പിളില്‍ക്കൊതിച്ചിട്ടും,
ഉദിക്കും നേരം കണ്ണില്‍
തിമിരം നിറ‍ഞ്ഞിട്ടും,

നാളെയെക്കുറിച്ചോര്‍ത്തി-
ട്ടാധികള്‍ ചുഴന്നിട്ടും,
നോവിനെ മറക്കുവാ-
നിന്നുകള്‍ കടം കൊണ്ടും,

ജീവിതം കാണെക്കാണെ
മോഹങ്ങള്‍ കൊരുത്തിട്ടും
ജീവിക്കാന്‍ മറക്കുന്ന
ജന്മമാണിജ്ജീവിതം! 

Saturday, January 11, 2014

മരമായിരുന്നെങ്കില്‍

മരമായിരുന്നെങ്കില്‍ മുറ്റത്തെ മാവായ് വളര്‍ - 
ന്നിത്തിരി സ്നേഹത്തണല്‍ കമ്പളം വിരിച്ചേനെ 

ഉള്ളിലാഴത്തില്‍ പ്രേമഗീതികളുണര്‍ത്തുവാന്‍ 
പഞ്ചമം പാടും കുയില്‍പ്പെണ്ണിനെ വിളിച്ചേനെ 

അമ്മിണിക്കുഞ്ഞാവയ്ക്കും കളിമ്പം തേടുന്നോര്‍ക്കും 
ആടുവാനൂഞ്ഞാല്‍ കെട്ടാന്‍ കൊമ്പുകൾ കുനിച്ചേനെ

ഏറെ ദൂരങ്ങള്‍ താണ്ടിപ്പറന്നെത്തിടും ക്ഷീണം-
തീര്‍ക്കുവാന്‍ കിളികള്‍ക്കു കൈത്തലം കൊരുത്തേനെ

മഞ്ഞു തുള്ളിതന്‍ വേര്‍പ്പില്‍ മകരം വിരിയിക്കും
കുഞ്ഞു പൂങ്കുലകളാല്‍ മരന്ദം ചൊരിഞ്ഞേനെ

വേനലിന്‍ നെഞ്ചില്‍ പടര്‍ന്നൊഴുകും മഴയ്ക്കൊപ്പം
വേണുവൂതുവാനിലച്ചാര്‍ത്തുകള്‍ കൊതിച്ചേനെ

ചെറുകാറ്റലയ്ക്കുമ്പോളോടി വന്നെടുക്കുവാന്‍
മൃദുശാഖകളുണ്ണി മാങ്ങകള്‍ പൊഴിച്ചേനെ

'അമ്മ തന്‍ കൈപ്പുണ്യത്തിന്നെന്തു സ്വാദെ'ന്നോതുവാന്‍
മാമ്പഴപ്പുളിശ്ശേരിയ്ക്കുണ്മയായ് നിറഞ്ഞേനെ

അന്നവും ജലവും തന്നൂട്ടിയ കാരുണ്യത്തിന്‍
നെഞ്ചിലേക്കിടിമിന്നല്‍ നീളുമ്പോൾ തടഞ്ഞേനെ

നിദ്ര കൈവിടുന്നൊരു ഗ്രീഷ്മരാവുകള്‍ തോറും
ദലമര്‍മരങ്ങളാല്‍ താരാട്ടു പാട്ടായേനെ

തെക്കിനിക്കോലായിലെപ്പായയില്‍ നിന്നും തേങ്ങല്‍
തെക്കോട്ടേക്കെടുക്കുമ്പോൾ ചിതയായ് പടര്‍ന്നേനെ

മരമായിരുന്നെങ്കില്‍ മാവിനെപ്പോലെന്നോണം
മരണം പുല്‍കിപ്പരസ്സായുജ്യം പകര്‍ന്നേനെ

എങ്കിലോ മനുഷ്യന്‍റെ സങ്കടം തീണ്ടിപ്പെരും -
മായയില്‍ രമിയ്ക്കവേ മാറുമോ പ്രാരബ്ധങ്ങള്‍ ?