കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Friday, December 11, 2009

കുട്ടിക്കവിതകള്‍

ഒന്ന്
കുഞ്ഞിയുറുമ്പും കുട്ടിയും

കുട്ടി : കുഞ്ഞിയുറുമ്പേ കുഞ്ഞിയുറുമ്പേ
പൊട്ടും തൊട്ടിട്ടെങ്ങോട്ടാ?
ഉറുമ്പ് : കുഞ്ഞേ നീയിന്നറിയില്ലേ
കൂനനുറുമ്പിനു കല്യാണം
കുട്ടി : കല്യാണത്തിനു ഞാനെന്നാല്‍
കുഞ്ഞിയുറുമ്പേ പോരട്ടെ
ഉറുമ്പ് : അയ്യോ! കുഞ്ഞേ പാടില്ല
ഞങ്ങളുറുമ്പുകളാണല്ലോ!

രണ്ട്
മഴയും കുടയും കാറ്റും

മഴ : ചന്നം പിന്നം പെയ്യാം ഞാന്‍
ആരുണ്ടെന്നെ തടയാനായ്
കുട : ചന്നം പിന്നം പെയ്തീടില്‍
നിവര്‍ന്നു നിന്നെ തടയും ഞാന്‍
മഴ : തുള്ളിക്കൊരു കുടമായെന്നാല്‍
തിമര്‍ത്തു പെയ്യും ഞാനപ്പോള്‍
കാറ്റ് : ചങ്ങാതികളെ പാടില്ല ശണ്ഠയൊരിക്കലുമന്യോന്യം
അവനവനുള്ളൊരു കഴിവതിലായ്
അഹങ്കരിക്കരുതൊരുനാളും

മൂന്ന്
പത്താമന്‍

ഒന്നെണ്ണി
രണ്ടെണ്ണി
മൂന്നിലെത്തി

മൂന്നാമനായി ഞാന്‍
നാലിലെത്തി

അഞ്ചാറു വട്ടം
തിരിഞ്ഞ നേരം
കൊഞ്ചിക്കുഴഞ്ഞുകൊണ്ടേഴിലെത്തി

എട്ടിലൊ മുട്ടാതെ
കുട്ടപ്പനായ്

ഒന്‍പതിലെന്‍ കൂടെ
എത്ര കൂട്ടര്‍ ?

ഒന്‍പതു പേരൊത്തു
നിന്ന നേരം
പത്താമനെന്നെന്നെ
ആരു ചൊല്ലി?!

No comments: