കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Thursday, August 11, 2011

പെണ്ണ്


കൊലുസ്സുകള്‍ക്കില്ലാ നാണം, നഖമുന-
കൊണ്ടു മണ്ണില്‍ വരയ്ക്കില്ല ചിത്രങ്ങള്‍
കൊതിയോടെ നോക്കുന്ന കണ്ണിലെ-
ക്കാമ കലയില്‍ കൊരുക്കില്ല ചാട്ടുളി

കുതികുതിച്ചും കിതച്ചും പറക്കുന്ന
ശകട സഞ്ചാര നേരം തിരക്കുകള്‍
പതിയിരുന്നു പരതുന്ന കൈയുകള്‍
ദുരിത നോവും കുടിച്ചു സഹിക്കുവാന്‍
പതിതയല്ലിവള്‍ - പതിവു തെറ്റിച്ചവള്‍

പ്രണയമെന്ന പുറമ്പോക്കിലേക്കൊരു
ശിഖരമായി ചായുന്ന നേരത്തു
പതിവു ശൈലിയില്‍ പാതിരാ നേരത്തു
പ്രണയ കേളിക്കു ലോഡ്ജിലൊളിക്കുവാന്‍
കുലടയല്ലിവള്‍ -  കൂത്തച്ചിയല്ലിവള്‍

പഴയ കാലത്തു ദേവഗൃഹങ്ങളില്‍
മല്ലികപ്പൂ ചൂടിയും മടിക്കുത്തില-
വസരം പോല്‍ മദനാര്‍ത്തി ചാര്‍ത്തിയും
ഛത്ര ചാമര കങ്കാണി മക്കള്‍ക്കു
പൂതി തീര്‍ക്കുന്ന രതി മരങ്ങളായ്
ചരിത നാരായ മുനയില്‍ത്തെളിഞ്ഞൊരു
ദേവദാസീ പ്രതിധ്വനിയല്ലിവള്‍

ഊഴമാര്‍ന്നു പകുത്തു ഭോഗിക്കുവാന്‍
വ്യാസ തൂലിക വ്യാസം വരച്ചൊരു
കൃഷ്ണയല്ലിവള്‍ - തൃഷ്ണയുമല്ലിവള്‍

ആദികാവ്യത്തിലുള്ള നൃപോത്തമന്‍ 
ധര്‍മവിഗ്രഹ രൂപനാം രാമന്റെ
സംശയത്തിന്റെ രോഗം ശമിക്കുവാന്‍ ,
പാതിവ്രത്യത്തിന്റെ മാറ്റുരച്ചീടുവാന്‍
അഗ്നി യാത്ര നടത്താന്‍ തുനിഞ്ഞൊരു
സീതയല്ലിവള്‍ - ദാസിയുമല്ലിവള്‍


ഘോരം ഘോരം സദാചാര വാക്കുകള്‍
മൈക്കു കെട്ടി പ്രസംഗിച്ചു പോകവേ
മുന്നിലുള്ളൊരു പെണ്ണിന്റെ ചന്തിയില്‍
നുള്ളിനോവിച്ചു സംതൃപ്തി പൂകുന്ന
അല്പജന്മ നികൃഷ്ട സത്വങ്ങളേ
നിങ്ങളെ പെറ്റു പോറ്റിയ പെണ്ണിനെ
അമ്മയെന്നു വിളിച്ചുള്ള പെണ്ണിനെ
അമ്മിഞ്ഞ തന്നു വളര്‍ത്തിയ പെണ്ണിനെ
കൊഞ്ഞനം കുത്താതെ നില്‍ക്കാന്‍ പഠിക്കുവിന്‍ .