കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Wednesday, August 3, 2011

ഒരു ഉച്ചയൂണിന്റെ ഓര്‍മ

2008 ല്‍ ആണന്നാണ് ഓര്‍മ. ഞാന്‍ അമൃതാ ടെലിവിഷനില്‍ ജോലി ചെയ്യുന്ന കാലം. അത്തവണത്തെ ശ്രീകൃഷ്ണജയന്തി അടുത്തു വരുന്നു. സന്ധ്യാദീപത്തില്‍ പ്രത്യേകതയുള്ള എന്തെങ്കിലും ചെയ്യണമെന്നു തീരുമാനിച്ചു. എന്തു ചെയ്യും? മനസ്സില്‍ ഒരുപാട് കാര്യ്ങ്ങള്‍ വന്നു പോയ്ക്കൊണ്ടിരുന്നു.ആലോചിക്കാന്‍ അധികം സമയവുമില്ല.
പെട്ടെന്നാണ് മനസ്സില്‍ ആ രൂപം ഓടിവന്നത്. മള്ളിയൂര്‍ തിരുമേനി. ഭാഗവതഹംസം. തിരുമേനിയെക്കവിഞ്ഞ് മറ്റൊരാള്‍ ഇത്തരം ഒരു കര്‍മത്തിനു വേറെയാരുള്ളു. പിന്നീട് മറ്റൊന്നും ആലോചിച്ചില്ല. നേരെ ക്യാമറാ ക്രൂവുമൊന്നിച്ചു കോട്ടയം ജില്ലയിലെ മള്ളിയൂരിലേക്കു പുറപ്പെട്ടു. 
പിറ്റേന്നു രാവിലെ മള്ളിയൂരിലെത്തി. തിരുമേനിയെക്കണ്ടു. പക്ഷെ അപ്പോഴേക്കും ഒരു ദീര്‍ഘസംഭാഷണത്തിനുള്ള സ്വസ്ഥത തിരുമേനിക്കുണ്ടായിരുന്നില്ല. എന്നാല്‍ തിരുമേനി എന്തിനും തയ്യാറായും നില്‍ക്കുന്നു. ഒടുവില്‍ ഞാന്‍ പറഞ്ഞു:
"തിരുമേനി ഒരു അനുഗ്രഹം പറഞ്ഞാല്‍ മതി".
തിരുമേനി പറഞ്ഞു തുടങ്ങി. ഇടയ്ക്കു നിര്‍ത്തി. കൃഷ്ണാവതാരത്തിന്റെ സമ്മോഹനം. ആശയം. ഭാഗവതാചാര്യ്ന്റെ കൃഷ്ണാവിഷ്കാരം. അമേയമായിരുന്നു ആ ആവിഷ്കാരം. ഇടയ്ക്കു തിരുമേനി കിതയ്ക്കുന്നുണ്ടായിരുന്നു. അവിരാമമായ കര്‍മകാണ്ഡം. പുണ്യപ്രാണന്‍ . പ്രാതസ്മരണീയന്‍ . ഭക്തനും ഭഗവാനും ഒന്നു ചേരുന്ന അത്ഭുതം. അതു ഒരാളില്‍ ദര്‍ശിക്കുവാന്‍ കഴിയുക! അഹോ! ആ മഹാത്മാവിനെ ദര്‍ശിക്കാന്‍ കഴിഞ്ഞതു തന്നെ മഹാഭാഗ്യം. 
സമയം ഏതാണ്ട് ഉച്ചയായി. തിരുമേനി പറഞ്ഞു. ഊണ് കഴിച്ചെ പോകാവൂ. പോയിട്ട് തിരക്കുണ്ടായിട്ടും ആ ആജ്ഞക്കു മുമ്പില്‍ ശിരസ്സു നമിക്കാനേ കഴിഞ്ഞൂള്ളൂ.
മള്ളിയൂര്‍ തിരുമേനിയുടെ അനുഗ്രഹവുമെടുത്തു തിരികെ വരുമ്പോള്‍ ഞാന്‍ എന്തൊക്കെയോ ഓര്‍ത്തു. ഒരു നിമിത്തം. ഇനി എപ്പോഴാണ്  മലയാളത്തിനു സാക്ഷാത്കാരം ലഭിച്ച ഇമ്മാതിരിയൊരു ഭഗവത്ഭക്തനെ ലഭിക്കുക. എത്ര കാലം അത്തരമൊരു അവതാരത്തിനു വേണ്ടി നാം കാത്തിരിക്കണം. 
ഈ കൊച്ചു കേരളത്തിന്റെ ഭൂമികയില്‍ ഭഗവത് ഭക്തി ഒന്നു മാത്രം കൈമുതലാക്കി ജീവിച്ച ഈ യശപ്പുരുഷനെ കാണാന്‍ കഴിയുന്നതു തന്നെ എത്ര ഭാഗ്യം. എത്ര പേര്‍ക്കു ആ ഭാഗ്യം ഉണ്ടായിട്ടുണ്ടാവും. അറിയില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ്. മള്ളിയൂര്‍ തിരുമേനിയെപ്പോലെയുള്ള ഭക്തര്‍ അടുത്ത കാലത്തൊന്നും മലയാളത്തില്‍ ഭൂജാതരാവില്ല.

മള്ളിയൂരിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇവിടെ ക്ലിക്കു ചെയ്യുക 
മള്ളിയൂരിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇവിടെ ക്ലിക്കു ചെയ്യുക
മള്ളിയൂരിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇവിടെ ക്ലിക്കു ചെയ്യുക