കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Wednesday, February 17, 2010

ഗ്രാമം
















കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്
കണ്ണാന്തളിപ്പൂവിന്‍ സ്വപ്നമുണ്ട്
കൂകുന്ന കുയിലിന്റെ പാട്ടുമുണ്ട്
         കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
         കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്

പാള വിശറി തന്‍ കൈ പിടിയ്ക്കും
മൂളുന്ന കാറ്റിന്‍ കിതപ്പുമുണ്ട്
ചെമ്മണ്‍ നിരത്തിന്റെ സ്നേഹമുണ്ട്
കുമ്മായം തേച്ചൊരാകാശമുണ്ട്
         കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
         കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്

നെല്‍ക്കതിര്‍ കറ്റകളാക്കി വെയ്ക്കും
നല്ല പെണ്ണുങ്ങള്‍ തന്‍ ചേലുമുണ്ട്
കൊയ്ത്തു കഴിഞ്ഞ നെല്‍പ്പാടങ്ങളില്‍
തത്തകള്‍ ചാര്‍ത്തിയ പച്ചയുണ്ട്
          കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
          കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്

കൈതവരമ്പത്തു കാത്തിരിക്കും
കൊറ്റിയമ്മാവന്റെ ധ്യാനമുണ്ട്
പൂവാലനണ്ണാറക്കണ്ണനുണ്ണാന്‍
മൂവാണ്ടന്‍ മാവിലോ സദ്യയുണ്ട്
         കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
         കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്

മക്കളെ ലാളിച്ചു കിന്നരിക്കും
മാളങ്ങളില്‍ കുളക്കോഴിയുണ്ട്
കറ്റക്കിടാവിനെയുമ്മവെയ്ക്കും
മുറ്റത്തു പുള്ളിപ്പശുവുമുണ്ട്
         കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
         കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്

അക്ഷരമാല പറഞ്ഞു നീങ്ങും
പക്ഷികള്‍ ചേക്കേറും ചില്ലയുണ്ട്
അമ്പലം ചുറ്റിപ്പറന്നു നീങ്ങും
തുമ്പികള്‍ ചൊല്ലുന്ന നാമുണ്ട്
        കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
        കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട് 

വെള്ളിക്കിനാവിന്‍ കൊലുസണിഞ്ഞ്
തുള്ളിച്ചിരിക്കും പുഴയുമുണ്ട്
പുള്ളും പിറാവും വഴക്കടിയ്ക്കും
പന്തലിന്‍ വള്ളിപ്പടര്‍പ്പുമുണ്ട്
       കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
       കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്

ദൂരങ്ങളില്‍ പോയൊളിച്ചിടുമ്പോള്‍ 
നേരു പോലെത്തുന്ന ഗ്രാമമുണ്ട്
നാവിന്‍ മൊഴികളില്‍ വിങ്ങി നിന്നോ
നോവിന്‍ സുഖം പോലെയെന്റെ ഗ്രാമം!