കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Monday, February 15, 2010

കാലം

(ഓരോരുത്തര്‍ക്കും ഓര്‍ക്കാന്‍ ഒരു കാലമുണ്ടാവും. നിറവും നിഴലും കലര്‍ന്നവ. കരിയും കനലും നിറഞ്ഞവ. ഓര്‍മകളില്‍ പതം പറഞ്ഞു നില്‍ക്കുന്നവ. ഓടിയൊളിക്കാന്‍ തിടുക്കം കൂട്ടുന്നവ.)

 












ഓര്‍മയിലുണ്ടെന്നും ഓര്‍ക്കാന്‍ കൊതിയ്ക്കാത്ത
പൊള്ളുന്ന ജീവന്റെ ബാല്യകാലം
ഓര്‍മയിലുണ്ടെന്നും ഓടിത്തളര്‍ന്നൊരു
കുഞ്ഞിന്റെയുള്ളിലെ നോവുപാടം

ചാണകം തേച്ച കോലായിലെ പുല്‍പ്പായില്‍
ചങ്കിടിപ്പിന്‍ നിഴല്‍ വീണകാലം
തേങ്ങിക്കരഞ്ഞുകൊണ്ടമ്മതന്‍ മാറിലെ
കണ്ണീരിനുള്ളം നുകര്‍ന്ന കാലം

കര്‍ക്കിടകപ്പാതിരാവില്‍ വിശപ്പിന്റെ
കൂരിരുള്‍ മോന്തിക്കുടിച്ച കാലം
മുറ്റത്തു പൂക്കളം തീര്‍ക്കാതെ നൊമ്പര-
പ്പൂവിന്റെ സങ്കടമായ കാലം

വാഴയിലക്കുട ചൂടി വിദ്യാലയ-
പ്പാതയില്‍ മഴ നനഞ്ഞെത്ര കാലം
മാറിയുടുക്കുവാന്‍ കുപ്പായമില്ലാഞ്ഞു
ഈറനുടുത്തു നടന്ന കാലം

ആരോ വിരല്‍ നീട്ടി നെഞ്ചകം നോവിച്ച
നഷ്ടസ്വപ്നങ്ങള്‍ തന്‍ പ്രണയ കാലം
ആരും തുണയ്ക്കാതെ ജീവിതപ്പാതയില്‍
ആര്‍ക്കുമേ വേണ്ടാതലഞ്ഞ കാലം

തീ പിടിയ്ക്കും വിചാരങ്ങള്‍ തോല്‍പ്പിയ്ക്കുവാന്‍
മൗനിയായ് തീര്‍ന്നതുമെത്ര കാലം
ഏങ്ങിക്കുഴഞ്ഞു വീഴുമ്പൊഴും ചുണ്ടിലെ-
പ്പാട്ടിന്‍ നിലാവിനെയോര്‍ത്ത കാലം

കാലമേ നിന്നെക്കണക്കാക്കുവാന്‍ നീണ്ട-
കാതങ്ങള്‍ താണ്ടിക്കുഴഞ്ഞ കാലം
പ്രാണന്റെ നേര്‍ത്ത ചിലമ്പൊലിക്കോലങ്ങള്‍
പാതിവഴിയില്‍പ്പിരിഞ്ഞ കാലം
പേരറിയാത്തോരിരുണ്ട കാലം
പേടിക്കിനാവു ചിരിച്ച കാലം.