കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Saturday, November 5, 2011

കാണാമറയത്ത് ശീര്‍ഷക ഗാനം

കാണാമറയത്ത് പരിപാടിയുടെ ശീര്‍ഷക ഗാനം
രചന: മനോജ് മനയില്‍
സംഗീതം: വിശ്വജിത്ത്
ആലാപനം: കെ.എസ്.ചിത്ര

Friday, November 4, 2011

കാക്കോത്തിക്കാവില്‍ നിന്നും കാണാമറയത്തേക്ക് ...

അന്നും ഇന്നും മലയാളികളുടെ ചുണ്ടില്‍ അറിയാതെ ഒഴുകിവരുന്ന ഒരു പാട്ടിന്‍റെ ഈരടികളുണ്ട്.
"കണ്ണാം തുമ്പീ പോരാമോ
എന്നോടിഷ്ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ
ഇന്നെന്നുള്ളില്‍ പൂക്കാലം"
കമല്‍ സംവിധാനം ചെയ്ത 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ ' എന്ന സിനിമയിലെ ഒരിക്കലും മരിക്കാത്ത ഗാനം.
1998 ലാണ് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍  മലയാളത്തില്‍ റിലീസ് ചെയ്തത്.
ഈ സിനിമ കൈകാര്യം ചെയ്ത വിഷയത്തിന്‍റെ ഗൗരവം ഒരുപക്ഷെ  അന്ന്  ശ്രദ്ധിക്കപ്പെട്ടില്ലായിരിക്കാം. ഒരു സിനിമാക്കഥ എന്ന നിലയില്‍ മാത്രമായിരിക്കാം അന്നതിനെ ഉള്‍ക്കൊണ്ടിരുന്നത്. വിഷയത്തിന്‍റെ സാര്‍വജനീനത പ്രകടമാക്കുന്ന തരത്തില്‍ മാധ്യമങ്ങളും
ആ സിനിമയെ സമീപിച്ചിട്ടുണ്ടോ എന്നത് സംശയമാണ്.
എന്നാല്‍ കാലം മാറി. വര്‍ഷം 2011 ല്‍ എത്തി നില്‍ക്കുമ്പോള്‍ നാം അഭിമുഖീകരിക്കുന്ന ഞെട്ടിക്കുന്ന ഒരു യാഥാര്‍ഥ്യമാണ് കുട്ടികളൂടെ തിരോധാനവും തട്ടിക്കൊണ്ടു പോകലും. കല എപ്പോഴും കടന്നു കാണുന്നു എന്ന പൊരുളിനെ അന്വര്‍ഥമാക്കുന്നതായിരുന്നു ഈ സിനിമ.
കേരളസമൂഹത്തില്‍ കുട്ടികളെ കാണാതാവുന്നത് ഇന്ന് സര്‍വസാധാരണമായിരിക്കുന്നു.
ഒരോ തിരോധാനവും ക്രൈം റിക്കോര്‍ഡ് ബ്യൂറോയിലെ സ്ഥിതി വിവരക്കണക്കില്‍ സ്ഥാനം പിടിക്കുന്നു എന്നല്ലാതെ അനന്തര നടപടികള്‍ ഒന്നുമുണ്ടാകുന്നില്ല എന്നതാണ് ഖേദകരമായ സത്യം.
കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമയില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട പെണ്‍കുട്ടിയുടെ മുതിര്‍ന്ന കാലം അഭിനയിച്ച് മലയാളികളുടെ മനസ്സില്‍ നോവിന്‍റെ
മുറിപ്പാടുകള്‍ ഉണര്‍ത്തിയത് രേവതി എന്ന കഴിവുറ്റ കലാകാരിയായിരുന്നു. കാക്കോത്തി
എന്ന പേരില്‍ നമ്മുടെ മുന്നിലേക്കു ഒരായിരം ആശങ്കകള്‍ പകര്‍ന്നാണ് ആ കഥാപാത്രം നമ്മിലേക്കെത്തിയത്.
ഒരു പക്ഷെ കാലത്തിന്‍റെ യാദൃശ്ചികതയാവാം, കാണാതായ കുട്ടികളെ അന്വേഷിക്കുന്ന
ഒരു ടെലിവിഷന്‍ പരമ്പരയില്‍ അതിന്‍റെ അവതാരകയായി എത്തുന്നത് മലയാളികളുടെ
അതേ കാക്കോത്തിയാണ്.
അതെ. നാമെല്ലാം നെഞ്ചേറ്റിയ കാക്കോത്തി എന്ന രേവതി.


മലയാള ടെലിവിഷനില്‍ തികച്ചും പുതുമയാര്‍ന്ന കാഴ്ച സമ്മാനിക്കാന്‍ ഉദയം കൊണ്ട,
'കാണുക കണ്‍നിറയെ' എന്ന അടിക്കുറുപ്പുമായി നമ്മുടെ സ്വീകരണ മുറിയിലേക്കെത്തിയ
മഴവില്‍ മനോരമയിലാണ് രേവതി തന്‍റെ സാന്നിധ്യമറിയിക്കുന്നത്.
ടെലിവിഷനില്‍ സാമൂഹിക പ്രതിബദ്ധത ചോര്‍ന്നു പോകുന്നു എന്ന വിമര്‍ശനത്തിനുള്ള
മറുപടിയും കൂടിയാണ് രേവതി നയിക്കുന്ന 'കാണാമറയത്ത് ...' എന്ന ഈ പരിപാടി.
കേരള സമൂഹത്തിന്‍റെ സമകാലീന സാഹചര്യങ്ങള്‍ എത്രത്തോളം മലീമസമായിരിക്കുന്നു
എന്നു് കാണാമറയത്ത് എന്ന ഈ പരിപാടി നമ്മെ മനസ്സിലാക്കിത്തരുന്നുണ്ട്.
കുടുംബത്തിന്‍റെ കെട്ടുറപ്പ്, കുഞ്ഞുങ്ങളുടെ കരുതല്‍ , സാഹചര്യങ്ങളോടുള്ള സമീപനം
എന്നിവയില്‍ എത്രമാത്രം നാം ജാഗരൂകരാവണം എന്നതും മഴവില്‍ മനോരമയിലെ
ഈ പരിപാടി നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്.


മലയാളത്തില്‍ ആദ്യമായാണ് രേവതി ഒരു ടെലിവിഷന്‍ പരിപാടിയുടെ അവതാരക
എന്ന നിലയില്‍ പ്രത്യക്ഷപ്പെടുന്നത്. ചെന്നൈയിലെ ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍
വെച്ച് ഈ പരിപാടിയുടെ ആശയം പറയുമ്പോള്‍ രേവതിയുടെ മുഖത്ത് അത്ഭുതം.
എന്തുകൊണ്ട് ഈ വിഷയം എന്നവര്‍ ചോദിച്ചു.
താന്‍ ഒരിക്കലും മലായാള ടെലിവിഷനില്‍ ഒരു പരിപാടിയുമായി എത്തുകയില്ലെന്നു
തീരുമാനിച്ചിരുന്നതാണെന്നും എന്നാല്‍ കാണാതാകുന്ന കുട്ടികളെ കണ്ടെത്തുക
എന്ന ആശയമാണ് തന്നെ ആകര്‍ഷിച്ചതെന്നും രേവതി പറയുന്നു.
കാണാതെ പോകുന്ന കുഞ്ഞുങ്ങളെക്കുറിച്ച് നാം കേള്‍ക്കാതെ പോകുന്ന സത്യങ്ങളാണ്
കാണാമറയത്ത് എന്ന പരിപാടിയിലൂടെ പുറത്തു വരുന്നത്.
എന്തൊക്കെ കാരണങ്ങളാലാണ് കുട്ടികള്‍ നമ്മുടെ വീട് വിട്ട് പോയ് മറയുന്നത്?
അരാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്?
ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് കാണാമറയത്തില്‍ .
നമ്മുടെ ചുറ്റുപാടും തിരോധാനം നടത്തിയ കുഞ്ഞുങ്ങളൂണ്ടെങ്കില്‍ , തട്ടിക്കൊണ്ടു പോകപ്പെട്ട
കുഞ്ഞുങ്ങളൂണ്ടെങ്കില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് ഈ പരിപാടിയില്‍ വന്ന്
അത്തരം കുട്ടികളെ കണ്ടു പിടിക്കുന്നതിനുള്ള ശ്രമം നടത്താം.
നാമറിയുന്ന അത്തരം പരാതികള്‍ എന്നെയോ (98956 11786) , പ്രൊഡ്യൂസര്‍ , കാണാമറയത്ത്, മഴവില്‍ മനോരമ, അരൂര്‍ എന്നവിലാസത്തിലോ അയയ്ക്കാം.
ടെലിവിഷന്‍ എന്ന മാധ്യമത്തിലൂടെ നടത്തുന്ന ഈ ഉദ്യമത്തില്‍ സന്മനസ്സുകളായ
എല്ല സുഹൃത്തുക്കളുടേയും സഹകരണം  പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വം
മനോജ് മനയില്‍