കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Friday, February 10, 2012

ആഴം

വേച്ചു പോകുന്ന കാഴ്ചയില്‍ , ഞാനെന്റെ
നേര്‍ത്ത സങ്കടക്കാത്തിരിപ്പിന്‍ നിഴല്‍
ഇറ്റു വീഴുന്ന കണ്ണുനീരുപ്പിനാല്‍
ചേര്‍ത്തു നിര്‍ത്തുന്നിതോര്‍മതന്‍ വാക്കുകള്‍
ദൂരെയേകാന്ത താരമായ് , മുന്നിലെന്‍
ജീവിതത്തിന്റെ പേടിക്കിനാവുകള്‍
മൃതി, വിഷാദം, വെറുപ്പിന്റെ മാത്രകള്‍ ,
ചിരി വരണ്ടു മയങ്ങുന്ന പകലുകള്‍
കനവ്, കള്ളം, നിറം മാഞ്ഞ പരിചയം
കവിത പാടിക്കുഴയുന്ന നേരുകള്‍
ഇനി നിനക്കെന്റെ ശിഥില മന്ദസ്മിതം
ഇനി നിനക്കെന്റെ വിഫല സംഘര്‍ഷണം
ഇനി നിനെക്കെന്റെ ശ്രുതി വിഭാതങ്ങളില്‍
കരളു വെന്ത മഴക്കാറിനംബരം
ഒറ്റുകാരന്റെ കണ്ണിലെക്കാമമായ്
ചത്തുപോകും പ്രതീക്ഷകള്‍ക്കപ്പുറം
മെല്ലെ വന്നെന്റെ നെഞ്ചിലെ സാക്ഷകള്‍
തൊട്ടറിയുന്നിതെന്നെന്റെ കാലമേ...
പട്ടുപോകാതിരിക്കട്ടെയത്രയും
കാത്തിരിപ്പിന്റെയേകാന്ത മൗനത്തി-
നാഴം തിരഞ്ഞു തിരഞ്ഞു പോകട്ടെ ഞാന്‍ !