കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Monday, October 25, 2010

കണിക്കൊന്നയിലെ കവിത

കണിക്കൊന്ന.com ല്‍ വന്ന ഓര്‍മ എന്ന കവിത ഇവിടെ.
നേരിട്ട് വായിക്കേണ്ടവര്‍ക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യാം:
http://www.kanikkonna.com/index.php/2008-09-29-07-02-50/958-2010-10-25-16-12-26


ഓര്‍മ


മനോജ് മനയില്‍

ഓര്‍മയില്‍ പണ്ടു
പൂത്ത പൂക്കാലമേ
ഓമനിയ്ക്കട്ടെ
നിന്നെ, ഞാനെന്‍റെയീ
ശുഷ്ക ജീവിത
സായാഹ്ന യാത്രയില്‍
സ്വപ്നതുല്യവേഗമാര്‍ -
 ന്നാര്‍ദ്രമായ്, സ്വര്‍ഗ
സന്നിഭ നിസ്തുല
കാന്തിയായ്, വിണ്ടു-
കീറുന്ന സൗരയൂഥങ്ങള്‍ക്കു
വിണ്ണൊരുക്കുന്ന
ഉന്നിദ്ര നിദ്രയായ്!

പണ്ടു കാലത്ത്
പാതിരാ നേരത്ത്
പൂത്ത കൈതകള്‍
പൂതി പെരുപ്പിച്ച്....

തോട്ടു മാളങ്ങളില്‍
കുളക്കോഴികള്‍
പാട്ടു കച്ചേരി
കൂട്ടരോടൊന്നിച്ച്....

കള്ളു ഷാപ്പില്‍ നി-
ന്നെത്തുന്ന കോമരം
തുള്ളിയാടിക്കളി-
ക്കുന്നൊരു പേച്ച്...

പുഞ്ച കൊയ്തു
വിളര്‍ത്ത പാടങ്ങളില്‍
ചന്ദ്രികാസ്മിതം
കണ്ടു മോഹിച്ച്...

മോഹമെല്ലാം
മോഹാന്ധകാരമായ്
സ്നേഹമെല്ലാം
ശോകാന്തരംഗമായ്..

നിന്നെ വീണ്ടും
പുല്‍കട്ടെ, യോര്‍മയേ..
പിന്നെ ഞാനങ്ങു
വിസ്മരിച്ചീടിലോ.....?