കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Saturday, December 12, 2009

ഒരു ഗാനം

പല്ലവി:
മുറ്റത്തെ മുക്കുറ്റി മുല്ലക്കവിളത്തു
മുത്തം കൊടുത്തു മൂവന്തി നിലാവ്
മുളനാഴിയാലളന്നാരോ മനസ്സിന്റെ
മഞ്ചാടി മണിപോലെയെന്‍ കിനാവ്


അനുപല്ലവി:
മാമ്പൂ മന്ദസ്മിതം ചൊരിഞ്ഞു
മന്ദസമീരനു സമ്മാനം
ഞാനും മഞ്ഞണിമാല കോര്‍ത്തു
മന്മഥ ദേവനു സാമോദം
പാടും കിളിയും തെങ്ങിളനീരും കാറ്റും
പറയും സ്വകാര‍യ് മിന്നേതു രാഗം

ചരണം:
മാനം പോക്കുവെയില്‍ കൊളുത്തി
മുത്തണിക്കാവിനു ദീപാഞ്ജലി
ഞാനും മിഴിനെയ്ത്തിരി കൊളുത്തി
മാനസത്തോഴനു സ്നേഹാരതി
പൂവും മുകിലും കായല്‍ക്കടവും കുളിരും
പറയും സ്വകാര‍യ് മിന്നനുരാഗം.

ബാലവേല

മഷിത്തണ്ടിനും
സ്ലേറ്റിനുമിടയില്‍
ഉച്ചക്കഞ്ഞി കിട്ടാത്തവന്റെ
വ്യാകരണം മറന്ന
ചത്ത നിലവിളി

വെശന്ന്
തല കറങ്ങിയ നേരം
ചേച്ചിക്കു കരുതിയ
കഞ്ഞിവെള്ളം
കലമോടെ
മുഖത്ത് കമിഴ്ത്തിയപ്പോള്‍
വയറില്‍ നിന്നും
കാഞ്ഞവാക്കിന്റെ
പോക്കിരിത്തരം.

അങ്ങൂട്ടയില്‍ പാര്‍ക്കുന്ന
പെണ്ണിന്റെ
പാവാട പൊക്കി നോക്കിയപ്പോള്‍
തുടയില്‍
അഞ്ചെട്ട് പുളിവാറല്‍

കുളക്കടവില്‍
പുസ്തകം
ചന്തിക്കടിയില്‍ തിരുകി
അമര്‍ന്നിരുന്നപ്പോള്‍
പുറത്തു ചാടിയ
കടുങ്ങാമണി കണ്ട്
നാണിച്ചു പോയത്
ഏതു മത്സ്യകന്യകമാരോ..........?

തോന്ന്യാസം വരച്ചു വെച്ച
മലയാള പാഠാവലി കണ്ട്
ആലി മാഷാണ് പറഞ്ഞത്
'ഓന്‍ വേണോങ്കി പൊസ്തകത്തിലും
തൂറി വെക്കൂംന്ന്....'

മുട്ടേന്നു മുറിയാത്ത ചെക്കന്‍
പറങ്കിമാവിന്‍ തോപ്പിലിരുന്നു
കാണിച്ച വികൃതി
നാട്ടില്‍ പാട്ടാക്കിയത്
പാല്‍ക്കാരി
നാണിയമ്മയായിരുന്നു.

ഷീല,
ശാരദ,
ജയഭാരതി-
രാത്രിയില്‍
സ്വപ്നം കണ്ട
നായികമാര്‍ക്കു വേണ്ടിയായിരുന്നു
പറങ്കിയണ്ടി
മോഷ്ടിച്ചു വിറ്റതും.

കുരുത്തം കെട്ടോനെന്നു
വിളിപ്പേരു ചാര്‍ത്തിയ
നാട്ടാരെ
ആകെ
അലമ്പായ ജീവിതം
ഒടുവില്‍
പാമ്പു കടിച്ചു
ചത്തതാണേ..............

മന്മഥാ ടാക്കീസിലെ
പമ്പിന്‍ കാവില്‍
കൃഷ്ണചന്ദ്രനും
ജയഭാരതിയും
രതിനിര്‍വേദമാടിയതു കണ്ട്
രാത്രി
ചിരട്ടയില്‍
മെഴുകുതിരി
കൂട്ടിപ്പിടിച്ചു
പാതിയിരുട്ടില്‍
നടക്കുമ്പോള്‍
പാമ്പു കടിച്ചു ചത്തതാണേ..................!
(മാതൃഭൂമി 2009 വിഷു വാര്‍ഷികപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.)




Friday, December 11, 2009

കുട്ടിക്കവിതകള്‍


ട്ട

കുട്ടിയമ്മ
ചുട്ടെടുത്ത
പുട്ടു തട്ടാന്‍
മട്ടു നോക്കി
തട്ടിന്‍ മേലെ
വട്ടമിട്ടു
ചട്ടുകാലന്‍
കുട്ടനെലി

കുട്ടിക്കവിതകള്‍

ഒന്ന്
കുഞ്ഞിയുറുമ്പും കുട്ടിയും

കുട്ടി : കുഞ്ഞിയുറുമ്പേ കുഞ്ഞിയുറുമ്പേ
പൊട്ടും തൊട്ടിട്ടെങ്ങോട്ടാ?
ഉറുമ്പ് : കുഞ്ഞേ നീയിന്നറിയില്ലേ
കൂനനുറുമ്പിനു കല്യാണം
കുട്ടി : കല്യാണത്തിനു ഞാനെന്നാല്‍
കുഞ്ഞിയുറുമ്പേ പോരട്ടെ
ഉറുമ്പ് : അയ്യോ! കുഞ്ഞേ പാടില്ല
ഞങ്ങളുറുമ്പുകളാണല്ലോ!

രണ്ട്
മഴയും കുടയും കാറ്റും

മഴ : ചന്നം പിന്നം പെയ്യാം ഞാന്‍
ആരുണ്ടെന്നെ തടയാനായ്
കുട : ചന്നം പിന്നം പെയ്തീടില്‍
നിവര്‍ന്നു നിന്നെ തടയും ഞാന്‍
മഴ : തുള്ളിക്കൊരു കുടമായെന്നാല്‍
തിമര്‍ത്തു പെയ്യും ഞാനപ്പോള്‍
കാറ്റ് : ചങ്ങാതികളെ പാടില്ല ശണ്ഠയൊരിക്കലുമന്യോന്യം
അവനവനുള്ളൊരു കഴിവതിലായ്
അഹങ്കരിക്കരുതൊരുനാളും

മൂന്ന്
പത്താമന്‍

ഒന്നെണ്ണി
രണ്ടെണ്ണി
മൂന്നിലെത്തി

മൂന്നാമനായി ഞാന്‍
നാലിലെത്തി

അഞ്ചാറു വട്ടം
തിരിഞ്ഞ നേരം
കൊഞ്ചിക്കുഴഞ്ഞുകൊണ്ടേഴിലെത്തി

എട്ടിലൊ മുട്ടാതെ
കുട്ടപ്പനായ്

ഒന്‍പതിലെന്‍ കൂടെ
എത്ര കൂട്ടര്‍ ?

ഒന്‍പതു പേരൊത്തു
നിന്ന നേരം
പത്താമനെന്നെന്നെ
ആരു ചൊല്ലി?!

Sunday, December 6, 2009

അധ്യാപകര്‍

സ്കൂളില്‍ നിന്നും അധ്യാപകര്‍ പടിയിറക്കിവിട്ട മൂന്നു വിദ്യാര്‍ത്ഥികള്‍ പിന്നീട് ഈ ലോകത്തെ തന്നെ പിടിച്ചു കുലുക്കി.

അധ്യാപകര്‍ ഈ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ നിന്നും പറഞ്ഞു വിടാനുള്ള കാരണങ്ങ‍ളിതായിരുന്നു:

പഠിപ്പിക്കുമ്പോള്‍ ചിത്രം വരച്ചതായിരുന്നു ഒന്നാമന്‍ ചെയ്ത തെറ്റ്.

സഹപാഠികളുമായി വഴക്കിട്ടതായിരുന്നു രണ്ടാമന്‍ ചെയ്ത തെറ്റ്.

വിപ്ലവാശയങ്ങള്‍ നിറഞ്ഞ പുസ്തകങ്ങള്‍ വായിച്ചതായിരുന്നു മൂന്നാമന്‍ ചെയ്ത തെറ്റ്.

കാലം പോകെ ഈ മൂന്നു പേരും ലോകത്തിനു മുഴുവന്‍ സുപരിചിതരായിത്തീര്‍ന്നു.

പഠിപ്പിക്കുമ്പോള്‍ ചിത്രം വരച്ച വിദ്യാര്‍ത്ഥി ഹിറ്റ്ലര്‍ എന്നറിയപ്പെട്ടു.

പഠിപ്പിക്കുമ്പോള്‍ സഹപാഠികളുമായി വഴക്കിട്ട വിദ്യാര്‍ത്ഥി മുസ്സോളിനി എന്നറിയപ്പെട്ടു.

പഠിപ്പിക്കുമ്പോള്‍ വിപ്ലവാശയങ്ങള്‍ നിറഞ്ഞ പുസ്തകങ്ങള്‍ വായിച്ച വിദ്യാര്‍ത്ഥി സ്റ്റാലിന്‍ എന്നറിയപ്പെട്ടു.

അധ്യാപകരുടെ അതൃപ്തി ഈ വിദ്യര്‍ത്ഥി കളെ രൂപപ്പെടുത്തിയത് എങ്ങനെയായിരുന്നെന്ന് ലോകചരിത്രത്തില്‍ നാം കണ്ടു.

സമൂഹ രൂപീകരണത്തിനു അധ്യാപകരുടെ പങ്ക് എത്രമാത്രം വലുതാണെന്നു ഈ കഥ നമ്മെ ഓര്‍മിപ്പിക്കുന്നു.






Tuesday, December 1, 2009

സാക്ഷി

നിഴല്‍ വീണു തേങ്ങിയ വഴികളിലോര്‍മതന്‍
മഴ പെയ്ത കാലങ്ങള്‍ സാക്ഷി
വിട ചൊന്നകന്ന നിന്‍ മധുരമാം വാക്കിന്‍റെ
മായാമരീചിക സാക്ഷി

ഇനിയെന്‍റെ ജീവനില്‍ കൊതിയോടെ നില്‍ക്കുന്ന
നഷ്ട സ്വര്‍ഗങ്ങളും സാക്ഷി
മേടവെയില്‍ കിതപ്പാറ്റുന്ന സങ്കട
മോഹങ്ങളൊക്കെയും സാക്ഷി

പൂക്കാത്ത പൂവിനെ താരാട്ടു പാടുന്ന
പൊന്‍ കണിക്കൊന്നയും സാക്ഷി
പറയാതെയറിയാതെ എന്നെത്തലോടുന്ന
നോവുകളൊക്കെയും സാക്ഷി

മന്ദഹാസങ്ങളാം മേഘജാലങ്ങളാം
കണ്ണീര്‍ക്കിനാവുകള്‍ സാക്ഷി
ചിരിമാഞ്ഞ പകലിന്‍റെ
ചിമിഴിലെ സന്ധ്യയും സാക്ഷി

നീ മറഞ്ഞെങ്കിലും ഏകാന്തമെന്നുടെ
നിറവാര്‍ന്ന സ്വപ്നങ്ങള്‍ സാക്ഷി

തിരികെ വരാത്തൊരെന്‍ ഋതുസംക്രമങ്ങളില്‍
വിരിയാ മയില്‍പീലി ബാക്കി
ഹൃദയം പിടയുന്ന മൗനയാമങ്ങളില്‍
പ്രണയ പ്രതീക്ഷകള്‍ ബാക്കി

Monday, November 9, 2009

കുറിച്ച്...

ഗാന്ധിയെക്കുറിച്ച്.....
സോഷ്യലിസത്തെക്കുറിച്ച്....
രാമരാജ്യത്തെക്കുറിച്ച്....


കല്ല്...
കരട്...
മൂര്‍ഖന്‍ പാമ്പിനെക്കുറിച്ച്....

കുറിച്ച് പഠിക്കാന്‍
കുറിച്ച് വായിക്കാന്‍
കുറിപ്പ്ടികള്‍ ഏറെ

എന്നെക്കുറിച്ച്
ഞാനെന്തു പറയാന്‍ .....

Sunday, November 8, 2009

ജീവിതം എന്തെന്നാല്‍ .....

ജീവിതം എന്തെന്നാല്‍,
കളിച്ചും
ചിരിച്ചും
കഥ പറഞ്ഞും
മറന്നു പോകുന്ന
ഒരു
നിഴല്‍.