ജീവിതം ഒരു ചെറിയ ചോദ്യം ഉന്നയിക്കാന്‍ വേണ്ടി ഭൂമിയിലെത്തിയിരിക്കുകയാണ്. എന്നാല്‍ മറ്റുള്ളവരെ ചോദ്യം ചെയ്തു സ്വയം ചോദ്യം ചോദിക്കാന്‍ ജീവിതം മറന്നും പോയിരിക്കുന്നു! വൈരുധ്യങ്ങളുടെ ഒരു കുത്തഴിഞ്ഞ പുസ്തകമാണ് ഓരോ ജീവിതവും!
കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
Wednesday, February 10, 2010
ഗിരീഷ് പുത്തഞ്ചേരിയ്ക്ക്
വാക്കിന്റെ കണ്ണാടി
താമരപ്പൂവിലിരുന്നൊരു ദേവിയെ
താരാട്ടു പാടിയുണര്‍ത്തി നീ സൗമ്യനായ്
നാഴിയില്‍ നന്മയളന്നൊരു ഗ്രാമത്തെ
നാവിന്‍ മൊഴിയില്‍ പകര്‍ത്തി നീ ശാന്തനായ്
പിന്നെയും പിന്നെയും നാരായ മുനയിലെ
പിന്മുടിയില്‍ത്തുളസിപ്പൂവു വെച്ചു നീ
ആകാശദീപങ്ങളെസ്സാക്ഷി നിര്‍ത്തി നീ
ആഗ്നേയശൈല സിന്ദൂര സങ്കല്പമായ്
ഇത്തിരിപ്പോന്ന കൈക്കുമ്പിളില്‍ച്ചേലാര്‍ന്ന
മുത്തും പവിഴവും വാക്കാല്‍ നിറച്ചു നീ
അമ്മ തന്‍ കണ്ണില്‍ മഴക്കാറു കണ്ടതും
അച്ഛനാം മണ്‍വിളക്കായി നീ പൂത്തതും
വിങ്ങലിന്‍ പ്രേമം പകുത്തതും, നെഞ്ചകം
വിങ്ങിക്കരയും നിലാവിനെച്ചേര്‍ത്തതും
വീണുടയാത്തൊരു സൂര്യ കിരീടമായ്
വീണ്ടും കൊതിക്കുന്ന സംഗീതമായതും
പാട്ടിന്റെ പാലാഴി ഞങ്ങള്‍ക്കു തന്ന നീ
പട്ടു പുതച്ചു കിടക്കുമ്പൊഴും-പട്ടു-
പോകാതെ സത്യമാം ചന്ദനം ചാലിച്ച
വാക്കിന്റെ കണ്ണാടിയാണു നീ ഞങ്ങളില്‍
-മനോജ് മനയില്‍
(എന്റെ നാട്ടുകാരനായ പാട്ടുകാരനു്,
ഞങ്ങളുടെ പ്രിയപ്പെട്ട ഗിരീഷേട്ടനു്)
Subscribe to:
Posts (Atom)