കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Wednesday, August 19, 2015

തലേദിവസം രണ്ടു കുട്ടികൾ രണ്ടു സിലബസ്സിൽ

1.
സ്റ്റേറ്റ് ചെക്കൻ
കടിച്ചു തുപ്പിയ
നാട്ടുമാങ്ങയുടെ വ്യാകരണവും,
ഓടിക്കയറിയ
കുന്നുകളുടെയും
നീന്തിക്കടന്ന
പുഴകളുടെയും പെരുക്കൽ പട്ടികയും,
ഉച്ചി പൊള്ളിച്ച
വെയിലിന്റെയും
നനഞ്ഞ മഴകളുടെയും പദ്യശകലങ്ങളും
മറന്നു പോകല്ലേ
എന്ന് പ്രാർഥിച്ചു
നാളെയുടെ മുഷിപ്പൻ
യൂണിഫോമിനെ വെറുത്തു
ഇന്നലെയിലേക്ക് ഉറക്കം
തൂങ്ങുന്നവൻ ....

2.
സി.ബി .എസ്. ഇ. ബോയ്
ക്രയോണ്‍ കളറിന്റെ
പുതിയ സെറ്റ്,
ഡാഡിയോടൊപ്പം
നടത്തിയ വിദേശ യാത്ര,
വെക്കേഷനിൽ നടത്തിയ
അബാക്കസ് പരിശീലനം,
മാളിലെ 6 ഡി കാഴ്ച,
കോംബോ പാക്കേജിലെ ഡിന്നർ രുചി,
ഫ്ലാറ്റിൽ നിന്നും
വില്ലയിലേക്ക് മാറിയ
പലായന യാത്രക്കഥ,
സ്കോഡയുടെ പുതിയ പതിപ്പിലെ
സവാരിക്കാഴ്ചകൾ
വിശേഷങ്ങൾ വിളമ്പാൻ അവൻ
തന്റെ നഷ്ടപ്പെട്ടുപോയ
ഹൃദയം ബാഗിൽ തിരുകിവെച്ചു
പതിവ് പോലെ പാരെന്റ്സിനു
ഗുഡ് നൈറ്റ് പറഞ്ഞു
ചാറ്റിൽ ഗേൾ ഫ്രെണ്ടിനെ പരതി
നാളെയിലേക്ക് ചരിഞ്ഞു ........

കാത്തിരിപ്പ്

യൂനിഫോമണിഞ്ഞു
വര്‍ണക്കുടയെടുത്ത്
ബാഗ് തോളില്‍ തൂക്കി
ഷൂ ധരിച്ചു
അമ്മയ്ക്കും അച്ഛനും 
റ്റാറ്റാ പറഞ്ഞു
പാദസരം കൊണ്ട്
ചില്‍ .... ചില്‍ .... എന്ന് കേള്‍പ്പിച്ചു
ഒരു മഴത്തുള്ളി
സ്കൂള്‍ വണ്ടി വരുന്നതും കാത്തിരുന്നു...

ഇന്നും...

ഇന്നും ആ പഴകിയ
ചുമരിനോട് തന്നെയാണു
ഞാൻ എന്റെ സങ്കടത്തിന്റെ
നെറ്റിയിടിച്ചു കരയുന്നത്...
ഇന്നും ആ പഴകിയ
മറവിയിൽ തന്നെയാണു
ഞാനെന്റെ ഓർമകളെ
കുഴിച്ചു മൂടുന്നത് ...

ഒരു യുഗ്മഗാനം

കുറുമൊഴി മുല്ലേ... മധുവിധുവല്ലേ
കരളിലൊരായിരം കനവില്ലേ
പൗർണമി വന്നേ... മാർകഴിയല്ലേ
പുണരാനുള്ളിൽ കൊതിയില്ലേ 
(കുറുമൊഴി മുല്ലേ ...)
പുതുമഴ പെയ്യും നേരം നീയോ
കുളിരിൽ താനേ നീരാടി - 2
പുതുമണി മാരാ പുതിയ കിനാവിൻ
പുഴയിൽ മോഹം ആറാടി - 2
ഒരു കനവായ് ഒരു മനമായ്
വിരിയും മഴവില്ലഴകാലെ...
(കുറുമൊഴി മുല്ലേ ...)
കിളിമൊഴിയീണം ചൂളക്കാറ്റിൽ
ഇണയെ തേടും ഈരാവിൽ - 2
കനക മയൂരം പീലിക്കണ്ണാൽ
ഹൃദയം ചേരും പൂങ്കാവിൽ -2
ഇതളിതളായ് സുഖലയമായ്
അലിയും മധുപൗർണമി പോലെ
(കുറുമൊഴി മുല്ലേ ...)

ചിലപ്പോഴെല്ലാം...

ചിലപ്പോഴെല്ലാം നിന്‍റെ
നിഴലിന്‍ മറപറ്റി
ചിരിക്കാറുണ്ടോ പൂര്‍വ
കാമുകന്‍ , മരിച്ചവന്‍
ചിലപ്പോഴെല്ലാം വാക്കിന്‍
മൂര്‍ച്ചയില്‍ കുടുങ്ങിയോ
ലോലമായ്‌ നാം തീര്‍ത്തൊരു
ജീവിതക്കശേരുക്കള്‍
ഒറ്റുകാരാവാറുണ്ടോ
ചിലപ്പോഴെല്ലാം നമ്മള്‍
അകമേയോളിപ്പിച്ച
സ്വപ്നത്തിന്നാഴങ്ങളില്‍
ഒരിയ്ക്കല്‍പ്പോലും കാണാന്‍
കണ്ണുകള്‍ക്കായില്ലെന്നോ
ചിലപ്പോഴെല്ലാം നമ്മള്‍
മറയ്ക്കും സന്ദേഹങ്ങള്‍
വെറുക്കാന്‍ മാത്രം വേണ്ടി
വെറുതേ പിണക്കങ്ങള്‍
വെറുപ്പായിരുന്നുവോ
ചിലപ്പോഴെല്ലാം ഞാനും
വാടകക്കൂട്ടാളിക-
ളെങ്കിലും ഞാനും നീയും
ചിലപ്പോഴെല്ലാം തമ്മില്‍
ചേര്‍ച്ചയുണ്ടെന്നേ തോന്നല്‍ ...

കുടുംബാഷ്ടകം

വാവയ്ക്കുണ്ട് പുസ്തകങ്ങള്‍
വായിക്കാനും വരയ്ക്കാനും,
ചായം തേയ്ക്കാന്‍ ക്രയോണിന്‍റെ
പായ്ക്കറ്റൊന്നുണ്ട് ...
ഭാര്യയ്ക്കുണ്ട് പൈങ്കിളിത്തം
നുരയുന്ന വാരികകൾ ,
കണ്ടു കണ്ടു കണ്ണീർ വാർക്കാൻ
സീരിയൽ നാലെണ്ണം ...
എനിയ്ക്കുണ്ട് ചിതൽ തിന്ന
നരയ്ക്കുന്ന വ്യാമോഹങ്ങൾ ,
കുടിയ്ക്കുവാൻ കുപ്പിയ്ക്കുള്ളിൽ
പെഗ്ഗ് രണ്ടെണ്ണം...

പുസ്തകം

തോന്നുമ്പോൾ തുറക്കാനും 
പേജുകൾ മറിക്കാനും
വരികൾക്കടിയിലായ്
വരയാലോർമിക്കാനും
വരികൾക്കിടയിലായ്
വെറുതെ വായിക്കാനും
ചുരുട്ടിപ്പിടിക്കാനും
മൂലയിലെറിയാനും
ഹൃദയം മിടിക്കുന്ന
നൂലിനാൽ തുന്നിച്ചേർത്ത
പുസ്തകമാകുന്നു ഞാൻ
മാന്യരേ മാറിപ്പോകിൻ !!

രസായനം

കേവലം കിനാവിന്‍റെ
ഉഷ്ണമാപിനികളില്‍
പാവനം സ്നേഹോല്‍ക്കര്‍ഷ
സാഗരം തുടിയ്ക്കുവാന്‍
ചേര്‍ത്തു വെച്ചതാരാണെന്‍
മനസ്സിന്‍ മടിത്തട്ടില്‍
നേര്‍ത്ത സംഗീതം പൊഴി-
യ്ക്കുന്നൊരു പുല്ലാങ്കുഴല്‍ !
ആയിരം വിരലിനാല്‍
മീട്ടുവാനതിന്‍ നെഞ്ചില്‍
ആരുടെ ഹൃദയത്തിന്‍
മിടിപ്പിന്‍ സുഷിരങ്ങള്‍
സുഖദം സ്വപ്നത്തേരില്‍
നിദ്ര കൊള്ളുവാനതില്‍
സുലഭം പ്രതീക്ഷ തന്‍
നിറവാര്‍ന്നഴകുകള്‍
അധരം ചേര്‍ക്കുന്നേരം
അറിയുന്നുണ്ടേനതില്‍
മധുരം ചോരും സ്നേഹ-
രാഗവായ്പ്പിന്‍ സംഗീതം
മൃതിയെപ്പോലും ദഹി-
പ്പിക്കുവാന്‍ കഴിയുന്നൊ-
രമൃതിന്‍ മഹാവൈദ്യ
പൂരണം രസായനം!!

രോഗം

വഴുക്കിപ്പോവുന്നു
പച്ചത്തെറി പോല്‍
രേതസ്സിന്‍ പുളിപ്പാര്‍ന്നൊരുടലുകള്‍
ബാറില്‍ /
ബസ്സില്‍ /
മുക്കില്‍ /
മൂത്രപ്പുരയില്‍ /
ഇരുളു കൊളുത്തിയ
ചാവു നിലങ്ങളില്‍ /
ഉടലാകാരം വിവശം പെണ്ണിന്‍
ചടുല നിശാവാതം പോലുള്ള കിതപ്പില്‍ /
അപരനില്‍ /
അന്യനില്‍ /
ദുര മായാത്തൊരയല്‍ക്കാരാ നിന്‍
'അളിയാ' വിളിയില്‍ /
അതില്‍ /
ഇതില്‍ /
അല്ലലലമ്പില്‍ ....
...........................
അല്ലല്ലാ...
ഞാനൊരു പുസ്തകാഹാരിയേ അല്ല,
സത്യം!!

അങ്ങനെ...

ഏറെയൊന്നും ഒളിപ്പിക്കാന്‍
വയ്യാത്തതുകൊണ്ടാവും
വാക്കുകള്‍ പതറിപ്പോകുന്നത്‌
അതുകൊണ്ടാവാം
നാമൊക്കെ മൌനത്തെ
ചങ്ങാതിയാക്കുന്നത്...
ഏറെയൊന്നും വെളിപ്പെടുത്താന്‍
ശേഷിയില്ലാത്തത് കൊണ്ടാവാം
പുറം കാഴ്ചകളെക്കാള്‍
അകക്കണ്ണിനു വെളിച്ചം തെളിഞ്ഞത് --
അതുകൊണ്ടാവാം
നാമൊക്കെ പരസ്പരം
കാണാതെ പോകുന്നത്...
ഏറെയൊന്നും തിരിച്ചറിയാന്‍
സമയമില്ലാത്തതിനാലാവാം
യാഥാര്‍ത്ഥ്യങ്ങളെക്കാള്‍
സ്വപ്നത്തിനു നിറം കൂടിയത് --
അതുകൊണ്ടാവാം
നാമൊക്കെ സ്വകാര്യമായി
ഉറങ്ങാന്‍ കൊതിക്കുന്നത്...
ഏറെയൊന്നും ഇളവേല്‍ക്കാന്‍
തണലും തണുപ്പുമില്ലാത്തതാവാം
വെയിലിനേക്കാള്‍
നിഴലുകള്‍ക്ക് നീളം കൂടിയത് --
അതുകൊണ്ടാവാം
നാമൊക്കെ പലപ്പോഴും
ഇരുട്ടിലേക്ക് നടന്നു പോകുന്നത്...

സ്പോണ്‍സേര്‍ഡ് പ്രോഗ്രാം

പടി കടന്നകലുമ്പോഴും
പിടയ്ക്കും മിഴിയില്‍
നോക്കി നില്‍ക്കാന്‍ 
ഒരു എപ്പിസോഡ്
മുഷിഞ്ഞു പോയ ജീവിതത്തിനു
ഇളവേല്‍ക്കാന്‍
ചമല്‍ക്കാരങ്ങളുടെ
ഒരു സീന്‍
ഒറ്റ വാക്കിന്‍
സ്ഫടിക ജലത്തില്‍
മുങ്ങിത്താഴാന്‍
ഒരു ഷോട്ട്
ഗദ്ഗദം കൊണ്ട മൌനത്തിനു
വീര്‍പ്പടക്കാന്‍
ഒരു ക്ലോസ് - അപ്
സ്വപ്നങ്ങളില്‍
അര്‍ബുദം പടരുമ്പോള്‍
കീമോ തെറാപ്പി നല്‍കാന്‍
ഒരു ഷോര്‍ട്ട് ബ്രേക്ക്
സിഗ്നല്‍ കിട്ടാതെ
പ്രാണന്‍ പിടയുമ്പോള്‍
ദയാ വധത്തിനു
ഒരു റിമോട്ട്
.... ക്ഷമിക്കണം
നമ്മെയെല്ലാം
ആരാണ്
സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത് ....?!

ഉൾക്കണ്ണൻ

കൃഷ്ണജയന്തി കഴിഞ്ഞു - കംസ 
ചിത്തം കലങ്ങി മറിഞ്ഞു 
മണ്ണിലും വിണ്ണിലുമൊപ്പം - കൃഷ്ണ -
നാമസങ്കീർത്തനം കേട്ടു
അമ്പാടിപ്പൈയ്ക്കളുണർന്നു - തിരു-
വമ്പാടി ധന്യതയാർന്നു
അമ്മ യശോദ കണ്‍കണ്ടു - മെല്ലെ-
യുമ്മ വെച്ചങ്ങു കുഴഞ്ഞു
കണ്ണിനു കണ്ണായൊരുണ്ണി - നാവിൽ
കണ്ണനെന്നല്ലോ വിളങ്ങി
നല്ല മയിൽ‌പ്പീലി വെച്ചു - ചുണ്ടി -
ലോടക്കുഴലും തിരുകി
പീതംബരപ്പട്ടണിഞ്ഞു - സ്നേഹ -
മേഘവർണ്ണം മെയ്യണിഞ്ഞു
ചിഞ്ചിലം പാദസരങ്ങൾ - കൊഞ്ചി -
ചന്ദനപ്പൂനിലാവായി
ഗോപികാ ചിത്തം തളിർത്തു - പ്രേമ -
ഗോരോചനം കണ്ണെഴുതി
കൂട്ടരായ് ഗോപകുമാരർ - ചേർന്നു -
കാട്ടിലും കേറി നടന്നു
കണ്ണന്റെ പാദം പതിഞ്ഞ - മണ്ണും
കല്മഷം തീർന്നു തെളിഞ്ഞു
കണ്ണനെ കാണുവാനായ - കണ്ണിൻ -
ഭാഗ്യമെന്തെന്നു ചൊല്ലേണ്ടു
കണ്‍നട്ടു കാത്തിരുന്നാലോ - കാണാം -
ഉൾക്കണ്ണിലാ ദിവ്യ രൂപം
കണ്ണനെ നാം പിടിച്ചാലോ - കണ്ണൻ
നമ്മെയും ചേർത്തു പിടിക്കും 

ശാരദ്വതന്റെ സങ്കടം

(ഗർഭിണിയാണെന്നറിഞ്ഞ ശകുന്തളയെ ദുഷ്യന്തന്റെ രാജധാനിയിലേക്ക് അനുഗമിച്ച ഒരു താപസൻ ശാരദ്വതൻ ആയിരുന്നു)
കണ്വാശ്രമത്തിലെ താപസ നോവിന്റെ
വഴികളിൽ കണ്ണുനീർ പുണ്യാഹമാകയോ?
സുകൃതക്ഷയങ്ങളിൽ ശാപവാക്കിയലുന്നൊ-
രാശ്രമ കന്യകേ നീ മറന്നീടുക!
അഭയം തിരക്കി നീ യാത്രയാകുന്നോരീ
അപശകുന വേളയിൽ വഴികാട്ടിയല്ലൊ ഞാൻ !
ഇനി നിനെക്കെന്തിനീ സ്മേര സായന്തനം,
ഇനി നിനെക്കെന്തിനീയാർദ്ര ശാകുന്തളം!
പിന്നിൽ കൊരുക്കേണ്ട നിന്റെ കണ്മുനകളിൽ -
തുന്നിയ സ്വപ്‌നങ്ങൾ , മുന്നേ നടക്ക നീ ...
മുനി കവാടങ്ങൾ, ശ്രുതി ചേർന്ന പകലുകൾ ,
മൃതി കടക്കാ തപസ്സിൻ യാഗശാലകൾ ,
അരണികൾ കടയുന്ന കാറ്റിന്റെ സീൽക്കാര-
മവിരാമമായ് പൊങ്ങിയുയരും പ്രസന്നത,
ചമതയെരിയുന്ന ഹോമ കുണ്ഡങ്ങളിൽ
ചമയമഴിയും ഹവിസ്സിന്റെ സ്നിഗ്ധത,
കണ്ണെഴുതിക്കളിക്കുന്ന മാൻ പേടകൾ ,
പർണ്ണ ശാലയ്ക്കലങ്കാര ഭൂഷകൾ
അവിടെയാരും കൊതിക്കുന്ന ജ്യോത്സ്നയായ്
തോഴിമാരൊത്തു നീ വളർന്നംബികേ ...
ഒരു വേള,യൊരു വേള തങ്ങളിൽ തങ്ങളിൽ
ഇണചേർന്നു നീങ്ങുന്ന ഹരിണങ്ങൾ മാതിരി ,
ഭൂർജ പത്രങ്ങളിൽ കാമലിഖിതങ്ങൾക്കു
ഭാഷണം തേടുന്ന ശിശിരങ്ങൾ മാതിരി ,
നിറനിലാവണി ചേർത്തൊരാമ്പലിൻ പൊയ്കയിൽ
കളഹംസ ഗീതികൾ പൊഴിയുന്ന മാതിരി ,
നീ മനസ്സിൽ ചാപ ബാണം കുലച്ചുവോ,
നീ നഭസ്സിൽ സ്നേഹ താരം കൊരുത്തുവോ?
ദയിത, നീയെപ്പൊഴോ നഗര കാമനകൾക്കു
ദർഭ മുനയാൽ കടക്കണ്ണെറിഞ്ഞുവോ?
പഴയതെല്ലാം കടങ്കഥ കന്യകേ,
ചുഴികളലയുന്ന ജീവിതത്തിൻ പൊരുൾ -
ഇവിടെയാര്‍ക്കും നിരൂപിച്ചു തങ്ങളില്‍
ഉപസംഹരിക്കാന്‍ കഴിഞ്ഞില്ലിതു വരെ!
ഇനി നിനെക്കെന്തിനീ സ്മേര സായന്തനം,
ഇനി നിനെക്കെന്തിനീയാർദ്ര ശാകുന്തളം!
വേദങ്ങളും വാദ്യഘോഷങ്ങളും വെറുതെ
മന്ത്രങ്ങളും ശാന്തി കർമങ്ങളും വെറുതെ
കാവിപ്പുതപ്പിന്റെയന്തരംഗങ്ങളിൽ
കാമനകൾ സ്വപ്‌നങ്ങൾ നെയ്യുന്നതും വെറുതെ
അറിവിന്റെയുന്മത്ത നാരായ ലിപികളിൽ
അറിയാമപരനെയെന്നതെല്ലാം വെറുതെ
സ്വപ്നങ്ങളും വെറുതെ, ബന്ധങ്ങളും വെറുതെ
സ്വർഗങ്ങൾ മോഹിച്ച യജ്ഞങ്ങളും വെറുതെ
നാലു വേദങ്ങ,ളസംഖ്യം പുരാണങ്ങൾ
നാട്ടു നടപ്പിന്റെ പാഠങ്ങളും വെറുതെ
നാവിൽ രുചിയ്ക്കാത്ത സ്മാർത്ഥങ്ങളും വെറുതെ
നോവിൽ ചിരം മൂകസാക്ഷിയോ ജീവിതം?
ഇവിടെയിളവേൽക്കാം നമുക്കിനിയൊരു മാത്ര
ഇനിയുണ്ടു താണ്ടുവാൻ കാതങ്ങൾ മുന്നിലായ്
ഇനി മറന്നേക്കാം, മനസ്സിന്റെ ജാലകം
ഇരുളിനാൽ ബന്ധിച്ചു ഞാനുമലഞ്ഞിടാം ....

പ്രണയതാരകം

ഏതു ജന്മാന്തര സന്ധ്യയിൽ വെച്ചു നാം 
കണ്ടു പിരിഞ്ഞവരെന്നോ 
വീണ്ടുമീ ജീവിത സൂര്യോദയത്തിൽ നാം 
കണ്ടു കൈ ചേർത്തവരെന്നോ 
ആരറിയുന്നതിന്നാത്മാവിനുള്ളിലെ-
യാലേഖനത്തിൻ രഹസ്യം!
ആരറിയുന്നതിന്നാകസ്മികം കൊണ്ട
ജീവതത്തിൻപ്പൊരുൾ ചിത്രം
നോവല്ല, നോവുപോൽ ഉള്ളിൽ കലമ്പുന്ന
നേര,താണത്രേ പ്രണയം,
പൂവല്ല, പൂവു പോൽ ഉള്ളിൽ ചുരത്തുന്ന
സൌരഭ്യമത്രേ പ്രണയം
എങ്കിലും നാമറിയുന്നതിന്നാകാശ-
സ്വച്ഛന്ദ സഞ്ചാര മാർഗം,
താനേ തുറക്കുന്നൊരിന്ദ്ര ജാലത്തിന്റെ
പേരതാണത്രേ പ്രണയം!
ഏതു ജന്മാന്തര സന്ധ്യയിൽ വെച്ചു നാം
കണ്ടു പിരിഞ്ഞവരെന്നോ
വീണ്ടുമീ ജീവിത സൂര്യോദയത്തിൽ നാം
കണ്ടു കൈ ചേർത്തവരെന്നോ
നമ്മൾ പരസ്പരം കണ്ണിൽ നിലാവിനെ
കോർക്കുന്ന രണ്ടു നക്ഷത്രം!!

കാവ്യകം

എന്‍റെ ജന്മത്തിന്‍റെ സന്ധ്യയില്‍ പൂത്തൊരു 
ചന്ദ്രികാ സുസ്മിതം നീയല്ലേ 
എന്‍റെ കിനാവുകള്‍ക്കൊക്കെയും പാടുവാന്‍ 
സംഗീതമായതും നീയല്ലേ 
എന്‍റെ സ്വപ്നങ്ങളെയാലോലമാട്ടുവാന്‍
തൊട്ടിലായ്ത്തീര്‍ന്നതും നീയല്ലേ
എന്‍റെ കണ്ണീരിന്‍റെയുള്ളം തുടയ്ക്കുവാന്‍
വിരല്‍ നീട്ടി നിന്നതും നീയല്ലേ
കൈപിടിച്ചെന്നെ നടത്തുവാന്‍ നിഴലായി
കൂടെ നടപ്പതും നീയല്ലേ
ഉള്ളു പൊള്ളുന്ന നേരത്തു സ്നേഹത്തിന്‍റെ
ചന്ദനം തൊട്ടതും നീയല്ലേ
എന്നിലെയെന്നെയറിയുവാന്‍ ജീവന്‍റെ
നന്മയായ്ത്തീര്‍ന്നതും നീയല്ലേ
ഏറെത്തളര്‍ന്നു ഞാന്‍ നില്‍ക്കവെ, നെഞ്ചിലെ-
ച്ചുടു പകര്‍ന്നതും നീയല്ലേ
ആരുമില്ലാതലയുന്ന നേരത്തെന്‍റെ
ചാരെ നടന്നതും നീയല്ലേ
എന്നെ ‍ഞാനാക്കുവാ,നെന്നോടു ചേരുവാ-
നെന്നുമെന്നുള്ളിലോ നീയല്ലേ
നീയാണു ‍ജീവിത,മെന്‍റെ പ്രതീക്ഷകള്‍
നീ തന്നെ ഞാനെന്നതല്ലെ സത്യം!
മൃത്യുവെന്നെപ്പിടികൂടും വരേയക്കുമീ
സത്യമാം ജീവിതം നിന്‍റെയൊപ്പം! 

ഒരു ഗാനം

ഉത്ര നിലാവിന്‍റെ പുഞ്ചിരി കൊണ്ടൊരു
അത്തത്തിന്‍ പൂക്കളം തീര്‍ത്തു
പൂക്കളം കാണുവാന്‍ തൃക്കാക്കരത്തേവര്‍
തുമ്പച്ചിരിയുമായ് വന്നു 
തുമ്പിച്ചിറകില്‍ വന്നു
(ഉത്ര നിലാവിന്‍റെ ...)
കോടിക്കസവിന്‍റെ പൊന്നാട ചാര്‍ത്തിയ
കാതര മിഴികളില്‍ കണ്ടു
കാത്തിരിപ്പിന്‍ കണിപ്പൂക്കളം തീര്‍ക്കുന്ന
കാഞ്ചനപ്പൂവിന്‍റെ സ്വപ്നം
ശ്രാവണ സംഗീത ചിത്തം
(ഉത്ര നിലാവിന്‍റെ ...)
ഊഞ്ഞാലിലാടുന്ന മാനസം പാടിയ
ഓണ വായ്ത്താരികള്‍ കേട്ടു
ആ ഗാനശീലുകള്‍ മാരന്‍റെ നെഞ്ചിലെ
ആലോല മോഹം പകര്‍ന്നു
ആനന്ദമായിപ്പടര്‍ന്നു
(ഉത്ര നിലാവിന്‍റെ ...)

ഒരു ഗാനം

തുമ്പച്ചിരി കണ്ടില്ലെ,ന്നുള്ളിൽക്കൊതി പൂക്കുന്ന
തുമ്പിപ്പാട്ടിന്നീണം കേട്ടതില്ലാ...
മുക്കുറ്റിപ്പൂവിന്നണി വൈരച്ചിരി ചാർത്തുന്ന
മുന്നാഴിപ്പൂവെയിലും കണ്ടതില്ലാ... 
(തുമ്പച്ചിരി...)
കാഴ്ചക്കുല നിവേദിക്കുവാനണ്ണാറ-
കണ്ണനും പൂമുഖം വന്നതില്ലാ
പുളിയിലക്കരമുണ്ടിൽ കോർക്കുവാൻ കസവുമായ്
ഓണനിലാവും ചിരിച്ചതില്ലാ...
പരിഭവം ഞാനൊന്നും പറഞ്ഞതില്ല
(തുമ്പച്ചിരി...)
ഊഞ്ഞാലിലാടിയൊരോർമയിൽ പണ്ടത്തെ
ഓണവിൽ പാട്ടെന്നെ മയക്കിയില്ലാ...
അമ്പെയ്ത്തും പൂക്കളവും അൻപോടെ പൂവിളിയും
അരുമയായൊന്നും ഞാനറിഞ്ഞതില്ലാ
പരിഭവം ഞാനൊന്നും പറഞ്ഞതില്ല
(തുമ്പച്ചിരി...)
ദാവണിക്കസവാട ചാർത്തിയൊരെൻ സ്വപ്ന-
ദേവാങ്കണം പൂത്തുലഞ്ഞതില്ലാ ...
ആരെയോ തേടിത്തിരഞ്ഞൊരെൻ ജീവനിൽ
ശ്രാവണം സാന്ത്വനമേകിയില്ലാ....
ശാരികപ്പൈതലും പാടിയില്ല
(തുമ്പച്ചിരി...)

വിപരിണാമം

നോക്കൂ ...
ഈ റാന്തലിന്‍റെ
കണ്ണില്‍ നിന്നു
ഇരുളിന്‍ ചുഴിപോലെ ഒന്ന്‍
വിതുമ്പി വീഴുന്നുണ്ട്‌
ഈ പകലിന്‍ നെഞ്ചില്‍ നിന്നു
അസ്തമിച്ചുപോയ
സൂര്യന്‍റെ സീല്‍ക്കാരം പോലൊന്ന്
ചുമച്ചു കിതയ്ക്കുന്നുണ്ട്
ഈ കടല്‍ത്തിരകളുടെ
വ്യഗ്രതയില്‍
നുരകളുടെ നെഞ്ചില്‍
കര പോലൊന്ന്
നീലിച്ചു കാണുന്നുണ്ട്
ഈ ഹൃദയം
നിലച്ചു പോകുമ്പോഴും
പറയാന്‍ ഒരുങ്ങിപ്പുറപ്പെട്ട
വാക്കു പോലൊന്ന്
തൊണ്ടക്കുഴിയില്‍
കുരുങ്ങി നില്‍ക്കുന്നുണ്ട്
എനിക്കറിയാം
ഈ ശവപ്പറമ്പുകളില്‍
എന്നെക്കാത്ത്
വിഭൂതിയണിയാന്‍
ഇത്തിരി ചാരമോ
അടയാള രൂപമായ്‌
ഒരു മീസാന്‍ കല്ലോ
തലമുറകള്‍ക്ക് വര്‍ഷ പ്രാര്‍ത്ഥന നടത്താന്‍
കുരിശു വരയ്ക്കും കല്ലറയോ
കാത്തിരിക്കുന്നെന്നു....!!

ഒരു ഗാനം

കല്ലോലിനീ മൃദു തരംഗമായാല്‍ നീ
കല്‍ഹാരമായ് ഞാന്‍ വിടര്‍ന്നു നില്‍ക്കാം
കാഞ്ചന മണിമയ സുഗന്ധമായാല്‍ നീ
കാല്‍ത്തള പോലെ ഞാന്‍ പുണര്‍ന്നു നില്‍ക്കാം 
(കല്ലോലിനീ...)
കദംബമരം ചൂടും സൂനമായാല്‍ നീ
കളിവേണുവില്‍ ഞാന്‍ പാട്ടു പാടാം
കപാലമാലിനി ധ്യാനമായാല്‍ നീ
കമണ്ഡലുവില്‍ ജല തീര്‍ത്ഥമാകും ഞാന്‍
(കല്ലോലിനീ...)
കര്‍ണികാരം പോലെ പൂത്തുലഞ്ഞാല്‍ നീ
കണിത്താല മംഗളം ഞാന്‍ ജപിക്കാം
കാദംബരീ സ്നിഗ്ധ ലീനമായാല്‍ നീ
കാമ്യക തല്പം ഞാന്‍ വിരിക്കാം
(കല്ലോലിനീ...)

വിദ്യാരംഭം (ഒരു ന്യു ജനറേഷന്‍ പതിപ്പ്)

ടച്ച് സ്ക്രീനില്‍ 
ഹരിശ്രീ എന്നെഴുതി
പ്ലേ സ്റ്റോറില്‍ നിന്ന്
ചന്ദനക്കുറിയുടെ ഒരു ആപ്
ഡൌണ്‍ലോഡ് ചെയ്തു കുറി വരച്ച്
ഗൂഗിള്‍ ബുക്ക്‌ ഷെല്‍ഫില്‍
പൂജക്ക്‌ വെച്ച പുസ്തകം എടുത്ത്
നാവിഗേഷന്‍ ക്ലിക്ക് ചെയ്തു
വീട്ടിലേക്ക് ഒറ്റ നടത്തം......

ഒടുവിൽ

എന്തിനേറെ കൊതിക്കുന്നു നാം വൃഥാ 
വെന്തു പോകും പ്രാണനുമങ്ങനെ 
പന്തു തട്ടുന്ന ജീവ പ്രതീക്ഷകൾ 
അന്തമില്ലാ തെ പായുന്നു നിഷ്ക്രിയം

വെളി(ച്ച)പാട്


1. 
കണ്ണീരു കാരണം 
നന്നായ് കരയുവാൻ 
കണ്ണിനു പോലും 
ശേഷിയില്ലാതായ് !
2.
ജനനം കൊണ്ടു നാം
നേടാത്തതൊക്കെയും
മരണം കൊണ്ടു നാം
നേടുന്നു ഭൂമിയിൽ!
3.
കാറ്റിനെപ്പോലെ നിൻ പ്രണയവും:
വന്നതും പോയതും ആരുമേ കണ്ടില്ല!
4.
കരഞ്ഞു പെയ്താൽ കണ്ണീര്
മേഘം പെയ്താൽ തണ്ണീര്!
5.
അൽപ്പനു നെറ്റ് കണക്ഷൻ കിട്ടിയാൽ
അർദ്ധരാത്രിക്കും ഫേസ് ബുക്ക്‌ തുറക്കും!
6.
ഇന്നലെയായിരുന്നു മരിക്കാൻ ഒരുങ്ങിയത്
ഇന്നായിരുന്നു ജീവിക്കാൻ കരുതിയത്‌
നാളെയായിരുന്നു ജനിക്കാൻ തീരുമാനിച്ചത്
7.
കാമുകീ കാമുകന്മാർക്കെല്ലാം
ഒരേ ഗന്ധമാണ്;
കാമത്തിന്റെ.......!!
8
ദൈവത്തിന്റെ ജനനം
അവതാരമായി
ചെകുത്താന്റെ ജനനം
അവതാളമായി
9
വെളിച്ചം കണ്ട പാടെ നാമെല്ലാം
വെളിച്ചപ്പാടന്മാരായി!!
10
വിത്തെടുത്തു കുത്തിയവനെല്ലാം
പത്തു മേനി വിളഞ്ഞു നില്ക്കയാം....!!

ഞാനും നീയും (കുറുങ്കവിതകള്‍ )


1.
എന്നെ മറക്കുവാന്‍ 
നിന്നെ കണ്ടെത്തിയപ്പോള്‍
നീ എന്നെ മറന്നു തുടങ്ങി
2.
നീയൊരു വന്ധ്യയാണെന്നറിഞ്ഞപ്പോഴാണ്
ഞാനൊരു കുഞ്ഞിനെപ്പോലെ കരഞ്ഞത്
അപ്പോഴാണ്‌ നിന്‍റെ മുല ചുരന്നതും
3
നിനക്ക് ഒളിച്ചിരിക്കാന്‍ എന്‍റെ ഹൃദയം
എനിക്കു കൂട്ടിരിക്കാന്‍ നിന്‍റെ പ്രണയം
നമുക്ക് മറഞ്ഞിരിക്കാന്‍ ഒരു മരണം
4
കിടപ്പറയിലെ എന്‍റെ ബലഹീനതയിലാണ്
നീയെന്നെ വെറുക്കാന്‍ തുടങ്ങിയത്
അപ്പോഴാണ്‌ ഞാന്‍ സ്ഖലിച്ചു തുടങ്ങിയതും
5
ഒന്നു തൊടുമ്പോഴേക്കും പെയ്തുണരും
ഒന്നു വിളിക്കുമ്പോഴേക്കും പിടഞ്ഞുണരും
ഒരിക്കലും പക്ഷെ നിന്നെ ഞാന്‍ കണ്ടതേയില്ല

സംഭവിച്ചത്

ഒന്നും പറയുവാനാകാതെ പുലരിയില്‍ 
ജന്മം വിറച്ചു വേച്ചങ്ങനെ പോകുന്നു...

അറിവ്

നീയറിഞ്ഞില്ല പാര്‍വണം പെയ്തതും
പാതിരാപ്പൂവുകള്‍ വിടരുന്നതും
രാക്കിളിപ്പാട്ടിലെ പ്രണയവും ശോകവും
മൂകം വിതുമ്പുന്ന വേദനയും
നീയറിഞ്ഞില്ല നിന്നിലേക്കുണരുവാന്‍ 
മഴപോലെ പെയ്ത കിനാവുകളും
നീയറിഞ്ഞില്ല കാലം നരച്ചതും
വേനലിന്നണപൊട്ടി നുരയുന്നതും
നീയറിഞ്ഞില്ല മണല്‍ക്കാടിനിരുളിലെ
നാഗങ്ങള്‍ ഇണ ചേര്‍ന്നു കുഴയുന്നതും
നീയറിഞ്ഞില്ല മഴവില്ലിനഴകുകള്‍
ഭൂമിയില്‍ പൂക്കളായ് വിടരുന്നതും
നീയറിഞ്ഞില്ല നിന്‍ കാല്‍ച്ചുവട്ടിലെ
തണലും തണുപ്പും മറയുന്നതും
നീയറിഞ്ഞില്ല നിന്നിലെക്കൊരുപാടു
ദൂരം വിയര്‍ത്തു തളരുന്നതും.....

ഞാനും നീയും

നിന്‍റെ കണ്ണിലൂടെ
കാണാനാണല്ലോ
ഞാനൊരു കണ്ണടയായി
നിന്‍റെ മുഖത്തിരിക്കുന്നത്
ഒരു കാറ്റു പോലും
കൊണ്ടു പോകാതിരിക്കാനാണല്ലോ
ഞാനൊരു ജീവ ശ്വാസമായി
നിന്‍റെ നെഞ്ചിലിരിക്കുന്നത്
ഒരു തുള്ളി പോലും
പൊഴിയാതിരിക്കാനാണല്ലോ
ഞാനൊരു കണ്ണീരായി
നിന്‍റെ മിഴികളിലിരിക്കുന്നത്
ഒരു ജന്മം മുഴുക്കെ
നിലയ്ക്കാതിരിക്കാനാണല്ലോ
ഞാനൊരു മിടിപ്പായി
നിന്‍റെ ഹൃദയത്തിലിരിക്കുന്നത്
ഒരു മറവിയില്‍ പോലും
കെട്ടു പോകാതിരിക്കാനാണല്ലോ
ഞാനൊരു വിളക്കായി
നിന്‍റെ പകലില്‍ നടക്കുന്നത്
ഒരു മഴയില്‍ പോലും
കുതിരാതിരിക്കാനാണല്ലോ
ഞാനൊരു മേഘമായി
നിനക്ക് കുട പിടിക്കുന്നത്
ഒരു ചിതയില്‍ പോലും
നോവാതിരിക്കാനാണല്ലോ
നിന്നിലൊരു അഗ്നിയായി
ഞാന്‍ സ്വയം എരിയുന്നത്
ഒരു ഉരുള പോലും
ബാക്കിയാവരുതെന്നു
കരുതിയാണ്
ഞാനൊരു ബാലിക്കാക്കയായത്
ഇതുകൊണ്ടൊക്കെ
തന്നെയാവണം
നീയിപ്പൊഴും രാത്രിയില്‍ തന്നെ
നില്‍ക്കുന്നത്....

CRIME - 2013

ഒരിക്കലും നാം 
കണ്ടു മുട്ടിയില്ല
എന്നിട്ടും
നീ കൊടുത്ത എഫ് ഐ ആറില്‍ 
ആദ്യത്തെ പേരിനുടമ ഞാന്‍ തന്നെ...

ഗാനം


കതിരണിപ്പാടത്തു വയൽക്കിളി പാടുന്ന
കുറുമൊഴിപ്പാട്ടു ഞാൻ കേട്ടു
കരളിലെ നോവു പോൽ കരകാണാത്തൊരു
പ്രണയ വിഷാദം നുകർന്നു.....
ഇത് വഴി പോയൊരു കാറ്റിന്റെ ചുണ്ടുകൾ
ഇനി വരില്ലെന്നോ മൊഴിഞ്ഞു
ഇടറുന്ന കണ്ഠത്തിലുണരുന്ന നൊമ്പരം
ഇല്ലിമുളന്തണ്ടിനഭയം
മാധവം വിടപറഞ്ഞകലുന്ന മൂവാണ്ടൻ -
മാവിന്റെ ചില്ലകൾ തേങ്ങി
മാനസപ്പൈങ്കിളി കൂടണയാത്തൊരു
മഞ്ഞിൻ ശലാകയും വിങ്ങി 

അമ്മ

ആര്‍ദ്രമാമേതോ വിരല്‍ തൊട്ടു ജീവനില്‍
ആലംബമേകുന്നൊരുണ്‍മയാകുമ്പൊഴും
പിന്നെയും പിന്നെയും കെട്ടിപ്പിടിച്ചു കൊ-
ണ്ടന്തികെയുമ്മ വെച്ചോമനിക്കുമ്പോഴും
നീറുന്ന ദുഃഖങ്ങളേറ്റു വാങ്ങിക്കൊണ്ടു
നേരെ നിലാവിന്‍ ചിരി പടര്‍ത്തുമ്പൊഴും
പ്രാരബ്ധദുഃഖങ്ങളില്‍ വീണു പോകവെ
പ്രേമമോടെ കണ്ണുനീര്‍ തുടയ്ക്കുമ്പൊഴും
കാതിലൊരു മാത്രയോതുന്ന വാക്കുക-
ളാത്മ ബോധത്തിന്റെ നാദമാകുമ്പൊഴും
വേദനിച്ചോടി വന്നാ മടിത്തട്ടിലെ
താരാട്ടിനീണമായൊന്നലിയുമ്പൊഴും
ചേതന മങ്ങിക്കരഞ്ഞു കുഴയവെ
വേദവാക്കിന്‍ പൊരുളുള്ളിലേറ്റുമ്പൊഴും
ജന്മ ജന്മാന്തര പുണ്യമായ് മാറിലാ-
മന്ത്രാക്ഷരം ജപമാലയാകുമ്പൊഴും
സ്നേഹ വിഹായസ്സിലെന്നും കരം നീട്ടി
'മക്കളേ'യെന്നുള്‍ വിളി മുഴങ്ങുമ്പൊഴും
'അമ്മ'യെന്നദ്വൈത വാക്കാം പൊരുള്‍ തേടി
ഇന്നും പകച്ചു നില്‍പ്പാണെന്‍റെ മാനസം!!

എന്റെ പാട്ട്

കാണാതെ പോയി നീയൊരുമാത്രയെന്‍റെയീ
കണ്ണീരുനുള്ളിലെ മൌനം
കേള്‍ക്കാതെ പോയി നീയൊരുനേര്‍ത്ത തേങ്ങലില്‍
കരള്‍ കിതപ്പാറ്റുന്ന ഗാനം
പുഞ്ചിരി തൂകിയ പുലരികള്‍ പിന്നെയും
പുണരാന്‍ മടിക്കുന്ന നേരം
പുഞ്ചവയല്‍ക്കിളി പാടുന്ന പാട്ടിലെ
പുതിയ പ്രതീക്ഷകള്‍ ശോകം
ആലിലക്കൈകളെ പിച്ച നടത്തുന്ന
ആകാശമേഘ മന്ദാരം
ആരെയോ തേടിത്തിരഞ്ഞു കൊണ്ടിപ്പൊഴും
ആടി മാസത്തിരുവാരം
ചന്ദനം ചാലിച്ച പൂണൂല്‍ നിലാവിന്‍റെ
ചുണ്ടിലെപ്പാട്ടിന്‍റെയീണം
ചേക്കേറുവാനൊരു ചില്ല തിരയുന്ന
ചാതകപ്പക്ഷിയ്ക്കു നീഡം
താനേ തുറക്കുന്ന ജാലകപ്പാളികള്‍
തേടുന്നതേതു സുഗന്ധം
താരാട്ടു പാടിയൊരമ്മതന്‍ നെഞ്ചിലെ
തെളിനീര്‍ക്കിനാവിന്‍റെ ദുഗ്ദ്ധം

ഒരു ഗാനം


മന്ദാരപ്പൂവിന്റെ മണമുള്ള കാറ്റല്ലേ
മനസ്വിനി നീയൊരു വസന്തമല്ലേ
മകരന്ദമൊഴുകുന്ന മധുരിത ഭാവങ്ങള്‍
മനയോല ചാര്‍ത്തും മുഹൂര്‍ത്തമല്ലേ
(മന്ദാരപ്പൂവിന്റെ .....)
കാവില്‍ വിളക്കു കൊളുത്തുന്ന താരകം
കാതില്‍ പറഞ്ഞ സ്വകാര്യമല്ലേ
കാവ്യങ്ങളെഴുതുന്ന നിന്മിഴിത്തുമ്പിനാല്‍
കാതരേ നീയെന്നെ പുണര്‍ന്നതല്ലേ
(മന്ദാരപ്പൂവിന്റെ .....)
നിറമയില്‍പ്പീലിയില്‍ നീഹാരം തുന്നിയ
നിറനിലാവിന്‍ മധു സ്മേരമല്ലേ
നിരവദ്യ സംഗീത ലഹരിയിലുണരുന്ന
നിളയിലെ നീലാമ്പല്‍ സുഗന്ധമല്ലേ - നീ
നിളയിലെ നീലാമ്പല്‍ സുഗന്ധമല്ലേ
(മന്ദാരപ്പൂവിന്റെ .....)

പരിണാമം

മറന്നു പോകാന്‍ 
മരിച്ചവന്‍റെ കൈയൊപ്പ്‌
നശിച്ചു പോകാന്‍ 
ദുര്‍നടത്തക്കാരന്‍റെ കാലൊച്ച
കാണാതിരിക്കാന്‍
അന്ധന്‍റെ ഊന്നു വടി
കേള്‍ക്കാതിരിക്കാന്‍
കുരുടന്‍റെ ചെവിവട്ടം
ജീവിച്ചിരിക്കാന്‍
അലസന്‍റെ ജാതകം!