കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Sunday, February 7, 2010

ശിവരാത്രി സ്പെഷ്യല്‍

വിഷ്ണുനാമം ജപിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തുന്ന അപൂര്‍വ ചടങ്ങാണ് ശിവരാത്രിയോടനുബന്ധിച്ച് കന്യാകുമാരി ജില്ലയില്‍ നടക്കുന്ന "ശിവാലയ ഓട്ടം" . ഇന്ത്യയില്‍ മറ്റെങ്ങും കാണാത്ത ഈ വ്യത്യസ്തമായ ആചാരത്തെക്കുറിച്ച്  പ്രിയപ്പെട്ട വായനക്കാര്‍ക്ക് വായിക്കാം.

ശിവാലയ ഓട്ടം                        
കുംഭമാസത്തിലെമഹാശിവരാത്രിയോടനുബദ്ധിച്ച് കന്യാകുമാരി ജില്ലയില്‍ നടക്കുന്ന ഭക്തിനിര്‍ഭരമായ ചടങ്ങാണ് ശിവാലയഓട്ടം. പന്ത്രണ്ട് ശിവാലയങ്ങളില്‍ വ്രതനിഷ്ഠയോടെ ഒരു ദിവസം കൊണ്ട് ഓടിയെത്തി ദര്‍ശനം നടത്തുക എന്നതാണ് ശിവാലയ ഓട്ടം. കന്യാകുമാരി ജില്ലയിലെ കല്‍ക്കുളം, വിളവങ്കോട് താലുക്കുകളിലായി സ്ഥിതി ചെയ്യുന്നതാണ് ശിവാലയ ഓട്ടത്തില്‍ ഉള്‍പ്പെടുന്ന 12 ക്ഷേത്രങ്ങള്‍ . ശിവപ്രീതികരമായി നടത്തപ്പെടുന്ന അപൂര്‍വ ചടങ്ങാണ് ശിവാലയ ഓട്ടം.
ഴയ കേരളത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി  ഇന്ന് തമിഴ് നാട് സംസ്ഥാനത്തിന്റെ ഭാഗമാണ്. എങ്കില്‍പ്പോലും ശിവാലയ ഓട്ടത്തില്‍ പങ്കെടുക്കുന്ന ഭക്തരില്‍ ഭൂരിഭാഗവും മലയാളികളാണ് എന്നതാണ് ഒരു പ്രത്യേകത.
തിരുമല, തിക്കുറിച്ചി, തൃപ്പരപ്പു്, തിരുനന്തിക്കര, പൊന്‍മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്കോട്, തിരുവിതാങ്കോട്, തൃപ്പന്നിക്കോട്, തിരുനട്ടാലം എന്നിവയാണ് ശിവാലയ ഓട്ടം നടത്തുന്ന 12 ശിവാലയങ്ങള്‍ .
വിഷ്ണുനാമം ജപിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തുന്ന ഇന്ത്യയിലെ തന്നെ അപൂര്‍വം ചടങ്ങാണ് ശിവാലയ ഓട്ടം. "ഗോവിന്ദാ.... ഗോപാല..." എന്ന നാമം ഉറക്കെ ജപിച്ചു കൊണ്ടാണ് ഭക്തര്‍ ശിവാലയ ഓട്ടം നടത്തുന്നത്. ശൈവ-വൈഷ്ണവ സമന്വയത്തിന്റെ പ്രതീകമായി പണ്ടുകാലത്ത് നടത്തിയ ആചാരവിശേഷമാണ് ശിവാലയ ഓട്ടം എന്നു വിശ്വസിക്കപ്പെടുന്നു.
ശിവാലയ ഓട്ടക്കാര്‍ "ഗോവിന്ദന്‍ " എന്നാണ് അറിയപ്പെടുക. വെള്ളമുണ്ടും അതിനു മുകളില്‍ ചുറ്റിയ ചുവന്ന കച്ചയുമാണ് ഓട്ടക്കാരുടെ വേഷം. 
ഓട്ടക്കാരുടെ കൈയില്‍ ഒരു വിശറിയുമുണ്ടായിരിക്കും. 
ഓരോ ക്ഷേത്രത്തിലുമെത്തുമ്പോള്‍ അവിടങ്ങളിലെ ദേവരെ വീശാനാണ് വിശറി കൈയില്‍ കരുതുന്നത്. വിശറിയുടെ അറ്റത്ത് രണ്ട് തുണി സഞ്ചി കെട്ടിയിരിക്കും. ഒന്ന് ക്ഷേത്രത്തില്‍ നിന്നു ലഭിക്കുന്ന ഭസ്മം സൂക്ഷിക്കാനും രണ്ടാമത്തേത് യാത്രയ്ക്കുള്ള പണം സൂക്ഷിക്കാനും.
ശിവാലയ ഓട്ടത്തിന്റെ ഐതിഹ്യം ഇപ്രകാരമാണ്:
ണ്ടു കാലത്ത് വ്യാഘ്രപാദന്‍ എന്നുപേരായ ഒരു മുനി ജീവിച്ചിരുന്നു. പൂര്‍വജന്‍മത്തില്‍ ഇദ്ദേഹം ഗൗതമമുനിയായിരുന്നു. വ്യാഘ്രപാദമുനി ദീര്‍ഘകാലം ശിവഭഗവാനെ തപസ്സു ചെയ്തു വിചിത്രങ്ങളായ രണ്ട് വരങ്ങള്‍ സമ്പാദിച്ചു. ശിവപൂജയ്ക്ക് പോറലേല്‍ക്കാതെ പൂക്കള്‍ പറിയ്ക്കാന്‍ കൈനഖങ്ങളില്‍ കണ്ണ് എന്നതായിരുന്നു ഒന്നാമത്തെ വരം. ഏതു മരത്തിലും കയറി പൂക്കള്‍ പറിയ്ക്കാന്‍ കാലില്‍ പുലിയെപ്പോലെ നഖങ്ങളുള്ള പാദങ്ങള്‍ എന്നതായിരുന്നു രണ്ടാമത്തെ വരം. പരമേശ്വരന്‍ ഭക്തനെ അനുഗ്രഹിച്ചു. അന്നുമുതല്‍ ഈ മുനി വ്യാഘ്രപാദന്‍ അഥവാ പുലിയെപ്പോലെ പാദങ്ങളുള്ളവന്‍ എന്നറിയപ്പെട്ടു. 
കുരുക്ഷേത്രയുദ്ധം കഴിഞ്ഞ് പാണ്ഡവര്‍ നടത്തിയ അശ്വമേധ യാഗത്തിനു വ്യാഘ്രപാദമുനിയെ മുഖ്യാതിഥിയാക്കണമെന്നു ശ്രീകൃഷ്ണന്‍ ആവശ്യപ്പെട്ടു. ശിവമാഹാത്മ്യം ശ്രീകൃഷ്ണന് ചൊല്ലിക്കൊടുത്ത ഉപമന്യുവിന്റെയും അനുജന്‍ ധൗമ്യന്റെയും പിതാവായിരുന്നു വ്യാഘ്രപാദന്‍ . അതായിരുന്നു അശ്വമേധയാഗത്തിനു വ്യാഘ്രപാദനെ ക്ഷണിക്കാന്‍ കാരണം. തന്നേയുമല്ല വ്യാഘ്രപാദന്റെ വിഷ്ണുവിദ്വേഷം കുറയ്ക്കാന്‍ ഇതു വഴിവെക്കുമെന്നും ശ്രീകൃഷ്ണന്‍ കണക്കുകൂട്ടി. 
ഭീമസേനനെയായിരുന്നു വ്യാഘ്രപാദമുനിയെ ക്ഷണിക്കാന്‍ ശ്രീകൃഷ്ണന്‍ നിയോഗിച്ചത്. വ്യാഘ്രപാദമുനിയുടെ സമീപത്തേക്കു യാത്രയാക്കുന്ന വേളയില്‍ ശ്രീകൃഷ്ണന്‍ 12 രുദ്രാക്ഷങ്ങളും ഭീമനെ ഏല്‍പ്പിച്ചു. 
തിരുവിതാംകൂറിന്റെ തെക്കു ഭാഗത്ത് മുഞ്ചിറയ്ക്കടുത്തുള്ള താമ്രപര്‍ണി നദീതീരത്ത് 'മുനിമാര്‍തോട്ടം' എന്നറിയപ്പെടുന്ന സ്ഥലത്ത് തപസ്സനുഷ്ഠിക്കുകയായിരുന്നു ഈ സമയം വ്യാഘ്രപാദമുനി. ഭീമന്‍ മുനിക്കു സമീപമെത്തി ശ്രീകൃഷണന്റെ നിര്‍ദേശ പ്രകാരം "ഗോവിന്ദാ... ഗോപാലാ..." എന്നു ഉറക്കെ വിളിച്ചു. ശൈവ ഭക്തനായ വ്യാഘ്രപാദമുനി വൈഷ്ണവനാമം കേട്ടു കോപിച്ച് ഭീമന്റെ പിറകെ ഓടാന്‍ തുടങ്ങി. കോപിച്ചു വരുന്ന മുനിയെക്കണ്ട് ഭീമനും ഭയന്നു ഓടാന്‍ തുടങ്ങി. കുറെ ദൂരം ഓടിക്കഴിഞ്ഞപ്പോള്‍ ഭീമന്‍ ശ്രീകൃഷ്ണന്‍ ഏല്‍പ്പിച്ച രുദ്രാക്ഷം നിലത്തിട്ടു. രുദ്രാക്ഷം നിലത്തുവീണ സമയത്തു അതു ഒരു ശിവലിംഗമായി മാറി. കോപിച്ചു വന്ന മുനി ശിവലിംഗം കണ്ട് ഭക്തിപരവശനായി. ഉടന്‍ തന്നെ മുനി കുളിച്ച് ശുദ്ധനായി ശിവലിംഗത്തെ പൂജിക്കാന്‍ തുടങ്ങി.
സമയം ഭീമന്‍ വീണ്ടും മുനിയുടെ സമീപത്ത് വന്ന് "ഗോവിന്ദാ... ഗോപാലാ..." എന്നു വിളിക്കാന്‍ തുടങ്ങി. ഭീമന്റെ നാരായണ മന്ത്രം കേട്ട് കോപംവന്ന മുനി വീണ്ടും ഭീമന്റെ പിറകെ ഓടാന്‍ തുടങ്ങി. ഓട്ടത്തിനിടയില്‍ ഭീമന്‍ രണ്ടാമത്തെ രുദ്രാക്ഷം നിലത്തിട്ടു. രുദ്രാക്ഷം നിലത്തു വീണ ഉടനെ അതു ശിവലിംഗമായ് മാറി. കോപാക്രാന്തനായ മുനി ശിവലിംഗം കണ്ട് ശാന്തനായി അതിനെ പൂജിക്കാന്‍ തുടങ്ങി. ഈ വിധം 11 തവണ ഭീമന്‍ മുനിയെ പരീക്ഷിച്ചു കൊണ്ടിരുന്നു. ഈ 11 സ്ഥലങ്ങളില്‍ പിന്നീട് പ്രമുഖങ്ങളായ ശിവക്ഷേത്രങ്ങള്‍ ഉയര്‍ന്നു വന്നു. അവ തിരുമല, തിക്കുറിച്ചി, തൃപ്പരപ്പു്, തിരുനന്തിക്കര, പൊന്‍മന, പന്നിപ്പാകം, കല്‍ക്കുളം, മേലാങ്കോട്, തിരുവിടയ്കോട്, തിരുവിതാങ്കോട്, തൃപ്പന്നിക്കോട് എന്നിവയാണു. ഒടുവില്‍ കോപാകുലനായ മുനിയെപ്പേടിച്ചു ഭീമന്‍ തിരുനട്ടാലം എന്ന സ്ഥലത്തെത്തിച്ചേര്‍ന്നു. പന്ത്രണ്ടാമത്തെ രുദ്രാക്ഷം തിരുനട്ടാലത്ത് പ്രതിഷ്ഠിച്ചു. എന്നിട്ടും മുനിയുടെ കോപത്തിന് വിധേയനായ ഭീമന്‍ ശ്രീകൃഷ്ണനെ ധ്യാനിച്ചു. ഉടന്‍ ശ്രീകൃഷന്‍ പ്രത്യക്ഷനായി മുനിക്കു ശിവന്റെ രൂപത്തിലും ഭീമന് വിഷ്ണുവിന്റെ രൂപത്തിലും ദര്‍ശനം നല്‍കി. ഇതിനു ശേഷം അവിടെ ശങ്കരനാരായണ രൂപത്തിലും ഒരു പ്രതിഷ്ഠയുണ്ടായി. തുടര്‍ന്ന് ശ്രീകൃഷ്ണന്‍ മുനിയെ തൃപ്തനാക്കി അശ്വമേധയാഗത്തിനു കൊണ്ടുപോയി.
ഭീമന്‍ മുനിയുടെ സമീപത്തു നിന്നും ഓടിയതിനെ അനുസ്മരിച്ചുകൊണ്ടാണ് പിന്നീട് ശിവാലയഓട്ടം എന്ന സങ്കല്‍പം ഉടലെടുത്തത്.
തിരുമല മുതല്‍ തിരുനട്ടാലം വരെ വളരെ ചുരുങ്ങിയ സമയംകൊണ്ട് ഓടിയെത്തി ദര്‍ശനം നടത്തുന്നത് ഏറ്റവും പുണ്യമായി കരുതുന്നു. 12 ക്ഷേത്രങ്ങളിലും വ്യത്യസ്ത ഭാവങ്ങളിലാണ് ശിവപ്രതിഷ്ഠ.
ശിവാലയ ഓട്ടത്തില്‍ ഓടി ദര്‍ശനം നടത്തുന്ന ക്ഷേത്രങ്ങള്‍ :




1.തിരുമല മഹാദേവക്ഷേത്രം              
തിരുമല ക്ഷേത്രത്തില്‍ ശ്രീ പരമേശ്വരന്‍ ശൂലപാണി ഭാവത്തിലാണ് കുടിയിരിക്കുന്നത്. രാമായണം, മഹാഭാരതം എന്നിവയുമായി ഈ ക്ഷേത്രം ബന്ധപ്പെട്ടു കിടക്കുന്നെന്നു ഭക്തര്‍ വിശ്വസിക്കുന്നു. 
തിനൊന്നാം നൂറ്റാണ്ടോളം പഴക്കം വരുന്ന ശിലാലിഖിതങ്ങള്‍ ഈ ക്ഷേത്രത്തില്‍ നിന്നും കണ്ടു കിട്ടിയിട്ടുണ്ട്. രാജേന്ദ്രചോളന്‍ ഒന്നാമന്റെ കാലത്തെക്കുറിച്ചുള്ള പരാമര്‍ശവും ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്. പുരാതന ശിലാലിഖിതപ്രകാരം ഈ ക്ഷേത്രം അറിയപ്പെട്ടത് മുഞ്ചിറൈ തിരുമലൈ തേവര്‍ എന്നാണ്.
എത്തിച്ചേരാനുള്ള വഴി                 
തിരുവനന്തപുരം-കന്യാകുമാരി ദേശീയപാതയില്‍ കുഴിത്തുറയ്ക്കു സമീപമുള്ള വെട്ടുവെന്നിയില്‍ നിന്നു തേങ്ങാപ്പട്ടണത്തേക്കുള്ള വഴിയില്‍ 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം .


 2.തിക്കുറിച്ചി ശിവക്ഷേത്രം                  
ശിവാലയഓട്ടത്തിലെ രണ്ടാമത്തെ ക്ഷേത്രമാണ് തിക്കുറിച്ചി ക്ഷേത്രം. താമ്രപര്‍ണി നദീതീരത്താണ് തിക്കുറിച്ചി ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്. കുന്നുകളാള്‍ വലയിതമാണ് ഈ ക്ഷേത്രം. തമിഴിലെ ഐന്തിണകളില്‍ ഒന്നായ കുറിഞ്ഞി നിലമാണിത്. കുറിഞ്ഞി നിലത്തില്‍ നിന്നുമാണ് ഈ സ്ഥലത്തിനു കുറിച്ചി എന്ന പേരു ലഭിച്ചത്. നന്ദി വാഹനമില്ലാത്ത മഹാദേവ പ്രതിഷ്ഠയാണ് ഇവിടെയുള്ളത്.
എത്തിച്ചേരാനുള്ള വഴി                       
തിരുമലയില്‍ നിന്നു മാര്‍ത്താണ്ഡം പോലീസ് സ്റ്റേഷന്‍ റോഡിലെ പാലത്തിലൂടെ ഞാറാംവിളയിലെത്തി ചിതറാലിലേക്കുള്ള വഴിയില്‍ യാത്ര ചെയ്താല്‍ ക്ഷേത്രത്തിലെത്താം.

3. തൃപ്പരപ്പ്  ശിവക്ഷേത്രം                 
ശിവാലയ ഓട്ടത്തില്‍ മൂന്നാമതായുള്ള ക്ഷേത്രമാണ് തൃപ്പരപ്പ്. പ്രകൃതി രമണീ യത കനിഞ്ഞനുഗ്രഹിച്ച സ്ഥലം കൂടിയാണ് ഇവിടം. സംസ്കൃതത്തില്‍ ഈ സ്ഥലം ശ്രീ വിശാലപുരം എന്നാണ് അറിയപ്പെട്ടിരുന്നത്. കന്യാകുമാരി ജില്ലയിലെ കുഴിത്തു റയില്‍ നിന്നു 15 കിലോമീറ്റര്‍ കിഴക്കാണ് തൃപ്പരപ്പ്. ഈ ക്ഷേത്രത്തിന്റെ പാറക്കെട്ടുകളിലൂടെ ഒഴുകുന്ന കോതയാറ് മനോഹരമായ ദൃശ്യഭംഗിയെ പ്രദാനം ചെയ്യുന്നു. കോതയാറ് 50 അടി താഴ്ചയിലേക്കു നിപതിച്ച് സൃഷ്ടിക്കുന്ന വെള്ളച്ചാട്ടം ഏതൊരാളേയും ആകര്‍ഷിക്കാന്‍ പോന്നതാണ്. തൃപ്പരപ്പ് ക്ഷേത്രത്തിലെ അഭിഷേകജലം അന്തര്‍വാഹിനിയായി വെള്ളച്ചാട്ടത്തില്‍ ലയിക്കുന്നുവെന്നാണ് സങ്കല്‍പം. 1881ല്‍ ശ്രീ വിശാഖം തിരുനാള്‍ മഹാരാജാവ് ഇവിടെ ഒരു കല്‍മണ്ഡപം പണികഴിപ്പിച്ചിട്ടുണ്ട്. 
ഗദ്ഗുരു ആദി ശങ്കരാചാര്യര്‍ ഈ ക്ഷേത്രം സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. ദക്ഷനെ വധിച്ച വീരഭദ്രരൂപത്തിലാണ് പരമേശ്വരന്‍ ഇവിടെ കുടിയിരിക്കുന്നത്. പടിഞ്ഞാറ് ദര്‍ശനമായാണ് ഭഗവാന്‍ ദര്‍ശനമരുളുന്നത്. വടക്ക് അഭിമുഖമായി നന്ദിവാഹനം കുടികൊള്ളുന്നു.
ക്ഷേത്രത്തിനു പുറത്ത് വെണ്ണക്കണ്ണനും മുരുകനും ഭക്തരെ അനുഗ്രഹിക്കുന്നു.
തൃപ്പരപ്പ് ക്ഷേത്രത്തിനു ഒന്‍പതാം നൂറ്റാണ്ടോളം പഴക്കം കണക്കാക്കുന്നു. ആയ് രാജാവായ കരുനന്തടക്കന്റെ കാലത്ത് തയ്യാറാക്കിയ രണ്ടു ചെമ്പോലകളാണ് ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ട ഏറ്റവും പഴയ രേഖ. 
എത്തിച്ചേരാനുള്ള വഴി                   
തിക്കുറിച്ചിയില്‍ നിന്നും രണ്ട് വഴികളാണു തൃപ്പരപ്പിലേക്കുള്ളത്. 
ഒന്ന് -തിക്കുറിച്ചിയില്‍ നിന്നു ചിതറാല്‍ - അരുമന - കളിയല്‍ വഴി.
രണ്ട് -തിക്കുറിച്ചിയില്‍ നിന്നു ആറ്റൂര്‍ - തിരുവട്ടാര്‍ - കുലശേഖരം വഴി.


4. തിരുനന്തിക്കര  ശിവക്ഷേത്രം               
ശിവാലയ
ഓട്ടത്തിലെ നാലാമത്തെ ക്ഷേത്രമാണ് തിരുനന്തിക്കര ശിവക്ഷേത്രം. നന്തി ആറിന്റെ കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കേരളീയ ക്ഷേത്ര ശില്‍പകലാ രീതിയിലാണ് തിരുനന്തിക്കര ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ശ്രീ കോവില്‍ വിമാനവും മറ്റും ഇതിനുദാഹരമാണ്. തിരുനന്തിക്കരയില്‍ നന്ദികേശ്വര രൂപത്തിലാണ് ശ്രീ പരമേശ്വരന്‍ ഇരുന്നരുളുന്നത്. ശിവക്ഷേത്രത്തിനു അഭിമുഖമായി ഒരു വിഷ്ണുക്ഷേത്രവും വടക്കു ഭാഗത്തായി ഒരു ഗുഹാ ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
എത്തിച്ചേരാനുള്ള വഴി                    
തൃപ്പരപ്പില്‍ നിന്നു കുലശേഖരം വഴി 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുനന്തിക്കരയിലെത്താം.



5. പൊന്‍മന ശിവക്ഷേത്രം                    
തിരുനന്തിക്കരയില്‍ ദര്‍ശനം നടത്തിയ ക്ഷേത്രമാണ് പൊന്‍മന. പാണ്ഡ്യരാജവംശവുമായി ഈ ക്ഷേത്രത്തിനു അഭേദ്യമായ ബന്ധമുണ്ടായിരുന്നതിന് തെളിവു കളുണ്ട്. പൊന്‍മനയിലെ ശിവന്‍ തീമ്പിലാധിപന്‍ എന്ന പേരിലാണറിയപ്പെടുന്നത്. തീമ്പന്‍ എന്ന ശിവഭക്തന് ദര്‍ശനം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഈ പേരുണ്ടായത്. പൊന്‍മനയ്ക്കടുത്തുള്ള മംഗലം എന്ന സ്ഥലം പഴയ നാഞ്ചിനാടിന്റെ അതിര്‍ത്തിയായി കണക്കാക്കുന്നു. മംഗലം മുതല്‍ മനക്കുടി വരെയായിരുന്നു പഴയ നാഞ്ചിനാട് വ്യാപിച്ചു കിടന്നത്.
എത്തിച്ചേരാനുള്ള വഴി                         
തിരുനന്തിക്കരയില്‍ നിന്നു കുലശേഖരം - പെരുഞ്ചാണി റോഡില്‍ 8 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൊന്‍മനയിലെത്താം.


6.പന്നിപ്പാകം                                        
ശിവാലയ ഓട്ടത്തില്‍ ആറാമ തായി വരുന്ന ക്ഷേത്രമാണ് പന്നിപ്പാകം.  പരന്നു കിടക്കുന്ന നെല്‍വയലുകള്‍ക്കും തലയുയര്‍ത്തി നില്‍ക്കുന്ന കുന്നുകള്‍ക്കുമിടയി ലാണ് പന്നിപ്പാകം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. അര്‍ജുനന്‍ ശിവനില്‍ നിന്നും പാശുപതാസ്ത്രം നേടിയ കഥയുമായി ഈ ക്ഷേത്ര ഐതിഹ്യം ബന്ധപ്പെട്ടു കിടക്കുന്നു. അതില്‍ നിന്നാണത്രെ ഈ ക്ഷേത്രത്തിനു പന്നിപ്പാകം എന്ന പേരു ലഭിക്കാന്‍ കാരണം. ഈ ക്ഷേത്രത്തിനു സമീപത്തായി നെല്‍വയലുകള്‍ക്ക് നടുവിലായി കാട്ടാളന്‍ കോവില്‍ എന്നൊരു ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
എത്തിച്ചേരാനുള്ള വഴി                        
പൊന്‍മന നിന്നു വലിയാറ്റുമുഖം വഴി സഞ്ചരിച്ച് മുട്ടയ്ക്കാട് കവലയിലൂടെ പന്നിപ്പാകം ക്ഷേത്രത്തിലെത്താം.



7. കല്‍ക്കുളം ശിവക്ഷേത്രം               
ശിവാലയ ഓട്ടത്തിലെ ഏഴാമത്തെ ക്ഷേത്രമാണ് കല്‍ക്കുളം. ശ്രീ വര്‍ത്തമാനപുരം എന്നതായിരുന്നു ഈ സ്ഥലത്തിന്റെ പഴയ പേര്. പിന്നീട് കല്‍ക്കുളം എന്ന പേരില്‍ ഇവിടം അറിയപ്പെട്ടു. ക്രിസ്തുവര്‍ഷം 1744ല്‍ മാര്‍ത്തണ്ഡവര്‍മ മഹാരാജാവ് തന്റെ രാജ്യത്തിന്റെ തലസ്ഥാനമായി കല്‍ക്കുളം തിരഞ്ഞെടുക്കുകയും പിന്നീട് പത്മനാഭപുരം എന്നു നാമകരണം ചെയ്യുകയും ചെയ്തു. പത്മനാഭപുരത്ത് തമിഴ് മാതൃകയിലുള്ള നിരവധി ക്ഷേത്രങ്ങള്‍ കാണാം. 
പാര്‍വതീ സമേതനായ ശിവപ്രതിഷ്ഠയാണിവിടെ. ശിവാലയ ഓട്ടം നടക്കുന്ന 12 ശിവക്ഷേത്രങ്ങളില്‍ പാര്‍വതീ പ്രതിഷ്ഠയുള്ളതും രഥോത്സവം നടക്കുന്നതുമായ ഏക ക്ഷേത്രവും ഇതാണ്. ഇവിടുത്തെ പാര്‍വതീ പ്രതിഷ്ഠ ആനന്ദവല്ലി അമ്മന്‍ എന്നാണറിയപ്പെടുന്നത്. കല്‍ക്കുളം ക്ഷേത്രത്തിനു സമീപത്തായി വിശാലമായൊരു കുളവും സ്ഥിതി ചെയ്യുന്നു. ഇതിനടുത്തുള്ള രാമസ്വാമി ക്ഷേത്രം മരത്തില്‍ കൊത്തിവെച്ച രാമായണ കഥയാല്‍ പ്രസിദ്ധമാണ്.
എത്തിച്ചേരാനുള്ള വഴി                          
പന്നിപ്പാകത്തു നിന്നും 6 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്‍ക്കുളത്തെ ത്തിച്ചേരാം.

8.മേലാങ്കോട് ശിവക്ഷേത്രം                    
ല്‍ക്കുളം മഹാദേവരെ ദര്‍ശിച്ച് യാത്രയാവുന്ന ഭക്തര്‍ തുടര്‍ന്നെ ത്തുന്നത് മേലാങ്കോട് ശിവക്ഷേത്ര ത്തിലാണ്. സാക്ഷാല്‍ കാലകാല രൂപത്തിലാണ് പരമേശ്വരന്‍ ഇവിടെ കുടികൊള്ളുന്നത്. 8 ക്ഷേത്രങ്ങളുടെ സമുച്ചയമാണ് മേലാങ്കോട് ശിവക്ഷേത്രം.
എത്തിച്ചേരാനുള്ള വഴി                            
പത്മനാഭപുരത്തു നിന്നും 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മേലാങ്കോട് ക്ഷേത്രത്തിലെത്തിച്ചേരാം.

 

9. തിരുവിടൈക്കോട് ശിവക്ഷേത്രം           
ശിവാലയ ഓട്ടത്തിലെ ഒന്‍പതാമത്തെ ക്ഷേത്രമാണ് തിരുവിടൈക്കോട് ക്ഷേത്രം. 'വിടൈ' എന്ന പേരിന്റെ അര്‍ത്ഥം 'കാള' എന്നാണ്. ഈ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന കാള അഥവാ നന്ദി വിഗ്രഹത്തിനു ജീവന്‍ വെയ്ക്കുകയും ഈ അത്ഭുത കൃത്യത്തില്‍ നിന്നുമാണ് ക്ഷേത്രത്തിനു തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്നും ഒരു വിശ്വാസമുണ്ട്. 18 സിദ്ധന്‍മാരില്‍ ഒരാളായ എടൈക്കാടര്‍ സ്വര്‍ഗം പൂകിയത് ഈ ക്ഷേത്രത്തില്‍ നിന്നായിരുന്നുവെന്നും അങ്ങനെയാണു ഈ ക്ഷേത്രത്തിനു തിരുവിടൈക്കോട് എന്ന പേരു വരാന്‍ കാരണമെന്നും മറ്റൊരു വിശ്വാസം. ചടയപ്പന്‍ അഥവാ ജടയപ്പന്‍ ആണു തിരുവിടൈക്കോട്ടെ പ്രതിഷ്ഠ.
എത്തിച്ചേരാനുള്ള വഴി                        
മേലാങ്കോട്ടു നിന്നും 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുവിടൈക്കോട് ക്ഷേത്രത്തിലെത്താം. നാഷണല്‍ ഹൈവെയില്‍ വില്ലുക്കുറിക്കു സമീപമാണു ക്ഷേത്രം.

10. തിരുവിതാംകോട് ശിവക്ഷേത്രം     

തിരുവിടൈക്കൊടില്‍ ദര്‍ശനം ക്ഴിഞ്ഞെത്തുന്ന ഭക്തരെ വരവേല്‍ക്കുന്ന പത്താമത്തെ ക്ഷേത്രമാണു തിരുവിതാംകോട് ശിവക്ഷേത്രം. തെക്കു വടക്കായി ഹരിയും ഹരനും ദര്‍ശനം നല്‍കുന്ന ദേവാലയമാണു തിരുവിതാംകോട്. ശിവപ്രതിഷ്ഠയുടെ ഇടതു വശത്തായി മഹാവിഷ്ണു കുടികൊള്ളുന്നു. ആയ്, വേല്‍ രാജവംശങ്ങളുമായി ബന്ധമുള്ള പ്രാചീന ക്ഷേത്രമാണു തിരുവിതാംകോട്. മൂന്നു ഏക്കറോളം വരുന്നതാണു ക്ഷേത്രസ്ഥലം.
എത്തിച്ചേരാനുള്ള വഴി                      
തിരുവിടൈക്കോടു നിന്നു തക്കല - കേരളപുരം വഴി തിരുവിതാംകോട് ക്ഷേത്രത്തിലെത്താം. 9 കിലോമീറ്റര്‍ ദൂരം.

11.തൃപ്പന്നിക്കോട് ശിവക്ഷേത്രം          
ശിവാലയ ഓട്ടത്തിലെ പതിനൊന്നാമത് ശിവക്ഷേത്രമാണു  തൃപ്പന്നിക്കോട്. മഹാവിഷ്ണുവിന്റെ വരാഹാവതാരവുമായി ബന്ധപ്പെട്ടതാണു ഈ ക്ഷേത്രത്തിന്റെ ഐതിഹ്യം. വരാഹത്തിന്റെ തേറ്റ(കൊമ്പ്) മുറിച്ച രൂപത്തിലാണു ഇവിടുത്തെ പ്രതിഷ്ഠ. കേരള ക്ഷേത്ര ശില്‍പ മാതൃകയിലുള്ള ദ്വിതല ശ്രീകോവിലാണു ഇവിടെ.
എത്തിച്ചേരാനുള്ള വഴി                     
തിരുവിതാംകോട് നിന്നു കുഴിക്കോട് - പള്ളിയാടി വഴി ക്ഷേത്രത്തിലെത്താം. ഏതാണ്ട് 8 കിലോമീറ്റര്‍ .


12. തിരുനട്ടാലം ശിവക്ഷേത്രം        

ശിവാലയ ഓട്ടത്തിലെ പന്ത്രണ്ടാമത്തേതും അവസാനത്തേതുമായ ക്ഷേത്രമാണു തിരുനട്ടാലം ശിവക്ഷേത്രം. 12 ശിവാലയങ്ങളില്‍ ശങ്കരനാരായണ പ്രതിഷ്ഠയുള്ള ക്ഷേത്രവും ഇതാണു. ശൈവ-വൈഷ്ണവ സമന്വയത്തിന്റെ പ്രതീകമാവാം ഇവിടുത്തെ ശങ്കരനാരായണ പ്രതിഷ്ഠ എന്നു വിശ്വസിക്കുന്നു.  ശിവ പ്രതിഷ്ഠയും ശങ്കരനാരായണ പ്രതിഷ്ഠയുമുള്ള രണ്ട് ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. രണ്ടു ക്ഷേത്രങ്ങള്‍ക്കിടയിലായി ഒരു കുളവും കാണാം.  വട്ടെഴുത്തു ലിപിയിലുള്ള രണ്ട് രേഖകള്‍ ഇവിടെ നിന്നും കണ്ടെടുക്കുകയുണ്ടായി.
ശിവാലയ ഓട്ടം തിരുനട്ടാലം ക്ഷേത്രത്തിലെത്തി പരിസമാപിക്കുമ്പോള്‍ ഭക്തര്‍ ഒരു തിരിച്ചറിവിലേക്കെത്തുന്നു: പേരിലും രൂപത്തിലും പലതായാലും ഈശ്വര സങ്കല്‍പമെന്നതു ഒന്നിന്റെ തന്നെ വ്യത്യസ്ത വകഭദങ്ങളാണെന്നു്!
"ഗോവിന്ദ....ഗോപാല..." എന്ന നാമം ജപിച്ച് ഭക്തര്‍ 12 ശിവാലയങ്ങളിലെ ദര്‍ശന പുണ്യവുമായി തങ്ങളുടെ ഗൃഹങ്ങളിലേക്കു മടങ്ങുന്നു.
എത്തിച്ചേരാനുള്ള വഴി                          
തൃപ്പന്നിക്കോടു നിന്നു 5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തിരുനട്ടാല ത്തെത്താം.
മഃശിവായ!