കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Thursday, May 12, 2016

രാമ കഥാരസം -3

ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന രാമ കഥാരസം എന്ന കഥാ പരമ്പര

രാമനും കാമനും

May 12, 2016
ഭാഗം -3
















ഒരു ദിവസം ഭഗവാന്‍ മഹാവിഷ്ണു തന്റെ പാദുകങ്ങള്‍ പള്ളിയറയില്‍ വെച്ച് ശയിക്കാന്‍ തുടങ്ങി. എന്നാല്‍, പുറത്തു നിര്‍ത്തേണ്ട”പാദുകങ്ങളെ പള്ളിയറയില്‍ വെച്ചത് ഭഗവാന്റെ കിരീടത്തിന് തീരെ ഇഷ്ടപ്പെട്ടില്ല. കിരീടം പാദുകങ്ങളോടു പറഞ്ഞു:
എടോ, എന്റെ നിലയും വിലയും നിനക്കറിയില്ലേ? ഞാന്‍ ഭഗവാന്റെ ശിരസ്സിനെ അലങ്കരിക്കുന്നവനാണ്. ഞാനിരിക്കുന്നിടത്ത് കയറി വരാന്‍ നിനക്കെന്താണ് യോഗ്യത? ഓരോരുത്തരും ഇരിക്കേണ്ടിടത്ത് ഇരിക്കണം. വേഗം തന്നെ ഈ മുറിയില്‍ നിന്നു പുറത്തു പോകൂ.”
കിരീടത്തിന്റെ അവഹേളനം കേട്ട് പാദുകം പറഞ്ഞു: അല്ലയോ കിരീടമേ, നീ ഈ വിധം സംസാരിക്കരുത്. ഞങ്ങള്‍ ഭഗവാന്റെ പാദങ്ങള്‍ സംരക്ഷിക്കുന്നവരാണ്. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. ഭക്തന്മാര്‍ ഭഗവാന്റെ കീരീടം നോക്കിയല്ലല്ലോ പ്രാര്‍ത്ഥിക്കുന്നത്! പാദത്തില്‍ സാഷ്ടാംഗം നമസ്‌കരിച്ചല്ലേ സങ്കടങ്ങള്‍ പറയുന്നത്!
അങ്ങനെയുള്ള പാദങ്ങള്‍ സംരക്ഷിക്കുന്ന ഞങ്ങളെ മോശക്കാരായി ചിത്രീകരിക്കരുത്.”ഈ തര്‍ക്കത്തില്‍ ഭഗവാന്റെ ശംഖും ചക്രവും കൂട്ടു ചേര്‍ന്നു. അവരും പാദുകങ്ങളെ അധിക്ഷേപിച്ചു.
ഈ അധിക്ഷേപങ്ങളില്‍ മനംനൊന്ത് പാദുകങ്ങള്‍ ഭഗവാന്റെ സമീപം ചെന്ന് സങ്കടംപറഞ്ഞു. അവരുടെ സങ്കടമറിഞ്ഞ് ഭഗവാന്‍ പറഞ്ഞു: അല്ലയോ പാദുകങ്ങളേ, നിങ്ങള്‍ വിഷമിക്കാതിരിക്കൂ. നിങ്ങള്‍ക്കും നല്ല കാലംവരും. ഞാന്‍ ശ്രീരാമനായി ഭൂമിയില്‍ അവതാരമെടുക്കുന്ന ഒരു സമയമുണ്ടാകും.
അക്കാലത്ത് നിങ്ങളെ നിന്ദിച്ച കിരീടം പതിന്നാലു വര്‍ഷം നിങ്ങളുടെ മുന്നില്‍ പഞ്ചപുച്ഛമടക്കി ഓച്ഛാനിച്ചു നില്‍ക്കേണ്ടി വരും. കിരീടത്തിനോടു ചേര്‍ന്ന് നിങ്ങളെ അധിക്ഷേപിച്ച ശംഖും ചക്രവും നിങ്ങളെ പൂജിക്കുകയും ചെയ്യും.”‘ഭഗവാന്‍ പറഞ്ഞതുപോലെ സംഭവിച്ചു.
‘ഭൂമിയില്‍ ശ്രീരാമചന്ദ്രന്‍ അവതാരമെടുത്തു.
ഈ സമയം ഭരതനും ശത്രുഘ്‌നനുമായി അവതരിച്ചത് ശംഖും ചക്രവുമാണ്. ശ്രീരാമന്‍ പതിന്നാലു വര്‍ഷം വനവാസത്തിനായി യാത്രയായി. ഈ സമയം ശ്രീരാമസ്വാമിയുടെ പാദുകങ്ങള്‍ സിംഹാസനത്തില്‍ വെച്ചാണ് ഭരതനും ശത്രുഘ്‌നനും രാജ്യം ഭരിച്ചത്. ഈ സമയം സിംഹാസനത്തിന്റെ കീഴില്‍ ഒരു പീഠത്തിലാണ് കിരീടം വെച്ചിരുന്നത്. ശരിക്കും പാദുകങ്ങള്‍ക്ക് പാദസേവ ചെയ്യുന്നതുപോലെ.

രാമ കഥാരസം -2

ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന രാമ കഥാരസം എന്ന കഥാ പരമ്പര

രാമനും കാമനും

May 11, 2016
ഭാഗം -2















മഹാഭക്തനായിരുന്ന കബീര്‍ ഒരിക്കല്‍ തന്റെ ഇഷ്ടദേവനായ ശ്രീരാമചന്ദ്ര ഭഗവാന് ഒരു പട്ടുതുണി സമര്‍പ്പിക്കണമെന്ന് തീരുമാനിച്ചു. ഭഗവാന് സമര്‍പ്പിക്കാനുള്ള പട്ടുതുണി സ്വയം നെയ്‌തെടുക്കാനും കബീര്‍ തീരുമാനിച്ചു.
നല്ലൊരു സമയം നോക്കി കബീര്‍ പട്ടുതുണി നെയ്യാനാരംഭിച്ചു.
നെയ്തു കൊണ്ടിരിക്കുമ്പോള്‍ കബീര്‍ തന്റെ ഭഗവാന്റെ നാമമായ രാമമന്ത്രം ഉച്ചത്തില്‍ ഉരുവിട്ടുകൊണ്ടിരുന്നു.
ആ ഭക്തദാസന്‍ ഭഗവദ്‌സ്മരണയില്‍ സ്വയം മറന്ന് തുണി നെയ്യുമ്പോള്‍ അതിന്റെ വലിപ്പം ശ്രദ്ധിച്ചിരുന്നില്ല.
ഈശ്വര ഭജനവും നെയ്യുന്നതിലുള്ള ആനന്ദവും കൊണ്ട് പട്ടുതുണിയ്ക്ക് ആവശ്യത്തിലേറെ നീളമുണ്ടായി. കുറേ സമയം കഴിഞ്ഞപ്പോള്‍ കബീര്‍ നെയ്ത്ത് നിര്‍ത്തി പട്ടുതുണിയുമായി അടുത്തുള്ള ശ്രീരാമചന്ദ്ര ഭഗവാന്റെ ക്ഷേത്രസന്നിധിയിലെത്തി.
പൂജാരിയുടെ കൈയില്‍ പട്ടുതുണിയേല്‍പ്പിച്ച് ഭഗവാന്റെ വിഗ്രഹത്തില്‍ ചാര്‍ത്താന്‍ പറഞ്ഞു.
അല്‍ഭുതം!
കബീര്‍ നല്‍കിയ നീളമുള്ള പട്ടുതുണി വിഗ്രഹത്തില്‍ ചാര്‍ത്തിയപ്പോള്‍ അതിനു തക്ക പാകത്തില്‍ നീളവും വീതിയും ഉള്ളതായിത്തീര്‍ന്നു.
ഈ അല്‍ഭുതം കബീറിന്റെ കറകളഞ്ഞ ഈശ്വരഭക്തിയെ വെളിവാക്കി.

രാമ കഥാരസം -1

ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന രാമ കഥാരസം എന്ന കഥാ പരമ്പര

രാമനും കാമനും

May 10, 2016
ഭാഗം 1














സീതാദേവിയെ അപഹരിച്ചുകൊണ്ടുവന്ന രാവണന്‍, അശോകവനികയിലാണ് ദേവിയെ പാര്‍പ്പിച്ചത്. നിത്യവും രാവണന്‍ അശോകവനികയിലെത്തി സീതാദേവിയോട് തന്നെ കല്യാണം കഴിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടിരുന്നു. സീതാദേവിയാകട്ടെ സദാസമയവും ശ്രീരാമരൂപം ചിന്തിച്ചു കൊണ്ടിരുന്നു. തന്റെ ശിരസ്സ് ഉയര്‍ത്തി രാവണനെ നോക്കാന്‍ പോലും ദേവി തയ്യാറായില്ല. സീതാദേവിയെ വശംവദയാക്കുന്നതിന് പല തന്ത്രങ്ങളും ആലോചിച്ച് വിഷമിച്ചുകൊണ്ടിരുന്നു.
രാവണന്റെ വിഷമം കണ്ട് മന്ത്രി രാവണനോടു പറഞ്ഞു:
“പ്രഭോ! അങ്ങെന്തിനാണ് ഈ വിധം വിഷമിക്കുന്നത്? മായകൊണ്ട് അങ്ങേയ്ക്ക് ഏതു രൂപവും സ്വീകരിക്കാന്‍ കഴിയുമല്ലോ! അതിനാല്‍ ശ്രീരാമന്റെ രൂപമെടുത്ത് അങ്ങ് സീതയുടെ സമീപത്ത് ചെല്ലൂ. തീര്‍ച്ചയായും അവള്‍ സന്തോഷത്തോടെ അങ്ങയെ സ്വീകരിക്കും.”
ഇതുകേട്ട് രാവണന്‍ പറഞ്ഞു:
“വിഡ്ഢീ! രാമന്റെ രൂപം സ്വീകരിച്ചാല്‍പ്പിന്നെ പരസ്ത്രീ സംഗത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? രാമന്‍ വസിക്കുന്നിടത്ത് കാമന്‍ വസിക്കില്ലെന്ന് അറിയില്ലേ?”
കഥയുടെ  ലിങ്ക്