കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Sunday, January 12, 2014

വെറുതെ

നിഷ്ഫലം ജന്മം, വെറും 
നിഴല്‍ നാടകത്തിലെ 
നിഷ്ക്രിയ രൂപങ്ങളായ് 
തിരയുന്നു നാം സത്യം ! 

കേവലാനന്ദങ്ങളില്‍ 
മതിയെ മറന്നിട്ടും, 
കരള്‍ നീറ്റും നോവിലോ 
കണ്ണുനീര്‍ പൊഴിച്ചിട്ടും, 

അകലെക്കാണും മരു-
പ്പച്ചയെ സ്നേഹിച്ചിട്ടും,
അടുത്തെത്തുന്പോള്‍ ശ്ലഥ-
ചിത്രമായ് ഗ്രഹിച്ചിട്ടും,

നടന്നേ പോകാന്‍ വഴി-
യേറെയെന്നാഹ്ളാദിച്ചും
നടക്കുന്നതിന്‍ മുന്പേ
വഴികള്‍ മറന്നിട്ടും,

ഉദിക്കും നിലാവിനെ-
ക്കുന്പിളില്‍ക്കൊതിച്ചിട്ടും,
ഉദിക്കും നേരം കണ്ണില്‍
തിമിരം നിറ‍ഞ്ഞിട്ടും,

നാളെയെക്കുറിച്ചോര്‍ത്തി-
ട്ടാധികള്‍ ചുഴന്നിട്ടും,
നോവിനെ മറക്കുവാ-
നിന്നുകള്‍ കടം കൊണ്ടും,

ജീവിതം കാണെക്കാണെ
മോഹങ്ങള്‍ കൊരുത്തിട്ടും
ജീവിക്കാന്‍ മറക്കുന്ന
ജന്മമാണിജ്ജീവിതം!