കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Friday, May 4, 2012

ജ്ഞാനമാര്‍ഗം

    ഓര്‍മകളേറെ പ്രിയങ്കരം പിന്നെയും
    ഓമനിക്കാന്‍ കൊതിയോടെ നില്‍ക്കുന്നവ!
    ഓര്‍മയുണ്ടോ നിനക്കെന്‍ പ്രിയ പ്രേയസി
    ആര്‍ദ്രമാം നമ്മള്‍ തന്‍ സ്വപ്നസൗഗന്ധികം!
    ആശിച്ചു പോകയാണെന്മനം, ജീവനില്‍ -
    വാടാതെ നില്‍ക്കട്ടെയെന്നും പരസ്പരം
    നാം നേര്‍ത്ത താമര നൂലിനാല്‍ തുന്നിയ
    നീഹാരശീകര* മോഹമാം കഞ്ചുകം !!


    ഓര്‍മയുണ്ടാകുമോ, കണ്ണീരു പെയ്തൊരു
    സന്ധ്യയില്‍ നീയെന്‍ വിരല്‍ വന്നു തൊട്ടതും
    നോവിലാളുന്ന നിന്‍ ജീവനെപ്പൂര്‍ണമായ്
    സ്നേഹനിലാവു പോല്‍ ഞാന്‍ വാരിപ്പുണര്‍ന്നതും
    വാക്കിന്റെയങ്ങേയഗാധ ഗര്‍ത്തങ്ങളില്‍
    നോക്കി നാം നിന്നു പരസ്പരം ചേര്‍ച്ചപോല്‍ !


   നാമൊരേ നാളമായ് വെട്ടം പകര്‍ന്നതും
   നാമൊരേ പൂവായ് സുഗന്ധം പകര്‍ന്നതും
   നാമൊരേ സങ്കടം മെല്ലെ നുണഞ്ഞതും
   നാമൊരേയാഹ്ളാദ മഴയായ് പെയ്തതും
   നാമൊരേ ജീവന്റെയച്ചു തണ്ടില്‍ നിന്നു
   നാളെയിലേക്കുറ്റു നോക്കിച്ചിരിച്ചതും
   ഓര്‍മയുണ്ടാകുമോ സ്നേഹം പകുത്തൊരാ
   നാളിന്റെ ലോലമാം കാന്തസഞ്ചാരങ്ങള്‍ !


   ഓര്‍മകള്‍ക്കൊക്കെയും ക്ലാവു പിടിച്ചൊരാ
   കാലത്തിലൂടെ നാം വേര്‍പെട്ടെതെങ്കിലും
   ഓര്‍മകളല്ലാതെയെന്തുള്ളു ജീവനില്‍
   നേര്‍ത്ത ചിലൊമ്പൊച്ച കാതില്‍ പകരുവാന്‍ ?

   എങ്കിലും കാത്തിരിക്കുന്നു ഞാനെന്‍ കരള്‍ -
   ക്കൂടില്‍ മയങ്ങുവാന്‍ നീ വരും നാളുകള്‍
   മത്സഖീ നീയെന്ന വിദ്യയാര്‍ജിക്കുമ്പോഴേ
   ജ്ഞാനമാര്‍ഗത്തിലേക്കെത്തുള്ളു ജീവിതം!