കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Saturday, February 20, 2010

കാശി

 
മനയിലാന്‍ കാശിയില്‍                                                             ഫോട്ടോ: പ്രമോദ് രാജ്
(മനസ്സില്‍ ഒരിക്കലും മായാത്ത അനുഭൂതി വിശേഷം പകരുകയാണ് കാശി. നൂറ്റാണ്ടുകളായി ഭാരതീയ സംസ്കൃതിയുടെ ആണിക്കല്ലായി വര്‍ത്തിക്കുകയാണ് കാശിയും വാരാണസി നഗരവും. 'അവിമുക്തം' എന്നു വിശേഷിപ്പിക്കപ്പെടുന്ന കാശിയിലെത്തിയാല്‍ ഏതൊരാളാണ് ആ തീര്‍ഥഘട്ടത്തില്‍ നിന്നും തിരിച്ചു മടങ്ങുക! കാശിയിലെ തീര്‍ഥാടന വേളയില്‍ എഴുതിയ കവിതയാണ് ഇത്തവണത്തെ സമ്മാനം. കാശിയെക്കുറിച്ചുള്ള ഒരു ദീര്‍ഘസഞ്ചാരക്കുറിപ്പ് വൈകാതെ പ്രതീക്ഷിക്കാം.)  

ഒന്ന്
മണ്ണാങ്കട്ടയെ
പരിചയപ്പെടുമ്പോള്‍
മലയാള പാഠാവലി
കണ്ടിരുന്നില്ല.

അച്ഛന്‍ മണ്ണാങ്കട്ടയായും
അമ്മ കരിയിലയായും
ചരിത്രത്തില്‍ നിന്നു
വഴുതിപ്പോവുമ്പോള്‍
ഞാന്‍
മഷിത്തണ്ടു കൊണ്ട്
സ്ലേറ്റില്‍ എഞ്ചുവടി
പകര്‍ത്തുകയായിരുന്നു.

രണ്ട്
പാടം മുറിച്ചു കടന്ന്
പടിപ്പുര നൂണ്ട്
കൂട്ടുകാരന്‍ കേശവന്റെ
ഇല്ലത്തെത്തുമ്പോള്‍
പുഴുക്കുത്തിയ
നാലുകെട്ടിന്റെ ചുമരില്‍
മുറുക്കിത്തുപ്പിയ പഴമ
(വഴിയില്‍ ശ്രീധരന്‍ മാഷിന്റെ
നീളന്‍ നിഴലില്‍
പണ്ടു കിട്ടിയ
അടിയുടെ ചൂരല്‍ച്ചിരി.

ബാലേട്ടന്റെ ചായക്കടയുടെ
ചില്ലലമാരയില്‍
സുഖിയന്‍ രുചിക്കുന്ന
കണ്ണുകള്‍ )

കേശവന്റെ അച്ഛന്‍
കുളിക്കുന്നതു കണ്ടാണ്
കുളത്തിലും
തോട്ടിലും
ചാല്‍ വഴികളിലും
ഗംഗയും
യമുനയുമുണ്ടെന്നു
മനസ്സിലായത്
"ഗംഗേ ച യമുനേ ചൈവ...."

മൂന്ന്
വാഴക്കുല വിറ്റുകിട്ടിയ
കാശിനാല്‍
മുണ്ടുടുത്ത് 
ഞെളിഞ്ഞു നടക്കുമ്പോള്‍
മടക്കിക്കുത്താനായിരുന്നു പാട്
മുണ്ടില്‍ ചളിവെള്ളം തെറിപ്പിച്ച
സൈക്കിള്‍ക്കാരനെ നോക്കി
തെറി പറയാനാഞ്ഞപ്പോള്‍
നാവില്‍
ഗംഗേ യമുനേ എന്നിങ്ങനെ!

നാല്
മരണാസന്നര്‍ക്ക്
ഗംഗാജലവും
മരണാനന്തരം
രാമായണവും വേണമെന്നു
കേശവന്റെ അച്ഛനാണ്
പറഞ്ഞത്.
തെക്കോട്ടെടുക്കുമ്പോള്‍
കിടത്താന്‍ മാവുവേണമെന്നു
കാണിച്ചു തന്നതും
കേശവന്റെ അച്ഛനായിരുന്നു.
മരണം 
ഒരു കാശി യാത്രയാണെന്നു
കണ്ടത്
അഗ്നിനാളങ്ങള്‍ക്കിടയില്‍
ആത്മാവിന്റെ
നിലവിളിയിലാണ്.

അഞ്ച്
കണ്ടതൊക്കെയും
കാണാത്തതായും
കണാത്തത്
കണ്ടതായും നടിച്ചത്
ബന്ധങ്ങളുടെ
പിരിമുറുക്കത്തിലും
ബന്ധനങ്ങളുടെ
നെടുവീര്‍പ്പിലും!

തന്നോളമായെന്നു പറഞ്ഞ്
ഉപേക്ഷിച്ചു പോയവര്‍
പലരാണ്.
പലരേയും
ഉപേക്ഷിക്കാനാവാഞ്ഞതു കൊണ്ടാണ്
പരീക്ഷാ ഹാളില്‍
തല കറങ്ങി വീണതും.

ആറ് 
ഒന്നും നിനയ്ക്കാതിരിക്കുവാ-
നെന്നെത്തിരയാതിരിക്കുവാ-
നെന്നില്‍ക്കവിയാതിരിക്കുവാ-
നെന്നെത്തിരഞ്ഞു ഞാന്‍ കാശിയില്‍

ഏഴ് 
റിക്ഷാ വണ്ടികള്‍ ,
കാളകള്‍ ,
പൊടി നിരത്തുകള്‍ -
വാരാണസിക്കു
തിരക്കാണ് പഥ്യം.

കാവിക്കോലങ്ങള്‍ ,
കുഷ്ഠരോഗികള്‍ ,
ഭാംഗിന്‍ മയക്കത്തിലാണ്ട
യോഗസമാധികള്‍ -
കാശിയ്ക്കൊരു മുഖം.

പാതിയെരിഞ്ഞ
ശവങ്ങള്‍ക്ക്
ജലനിര്‍വാണം,
വേദവാക്യങ്ങള്‍ക്ക്
ശ്രുതി സായാഹ്നം,
തീര്‍ഥഘട്ടങ്ങളില്‍
മന്ത്രാരതി-
മംഗളയായ ഗംഗയ്ക്ക്
മറുമുഖം.

കുടുമയും
കൗപീനവും
പൂണൂലില്‍ ഗായത്രിയും
കൈക്കുടന്നയില്‍
ജലസവിതാവും
പുണ്യാത്മക്കള്‍ക്ക്
തീര്‍ഥായനം.

വിശ്വനാഥനും
അവിമുക്തം.

എട്ട്
സന്ധ്യ.
മംഗളാരതിയ്ക്കും
മംഗളം.
ഉപേക്ഷിച്ചു പോവേണ്ടത്
വഴിയില്‍ നഷ്ടപ്പെട്ടതോര്‍ത്ത് 
ചിരിച്ചു കൊണ്ട് പടി കയറ്റം.
നാവിലപ്പോഴും
ഗംഗയുടെ ഒരു തുള്ളി.
കാതില്‍
ഇങ്ങനെ മുഴക്കം:
"ഗംഗാ ജല ലവ കണികാ പീതാ..."