ജീവിതം ഒരു ചെറിയ ചോദ്യം ഉന്നയിക്കാന്‍ വേണ്ടി ഭൂമിയിലെത്തിയിരിക്കുകയാണ്. എന്നാല്‍ മറ്റുള്ളവരെ ചോദ്യം ചെയ്തു സ്വയം ചോദ്യം ചോദിക്കാന്‍ ജീവിതം മറന്നും പോയിരിക്കുന്നു! വൈരുധ്യങ്ങളുടെ ഒരു കുത്തഴിഞ്ഞ പുസ്തകമാണ് ഓരോ ജീവിതവും!
കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
Monday, February 1, 2010
വീട്
കാറ്റടിക്കുമ്പോള്‍
പാറി വീഴുന്നു പരിഭവം
അലഞ്ഞെത്തിടും നായ്ക്കള്‍
തങ്ങളില്‍ ശൗര്യം കാട്ടി
തല ചായ്ചുറങ്ങുന്നു
ജീര്‍ണിച്ച വരാന്തയില്‍
ചിതലിന്‍ പെരുംപട
തിന്നു തീര്‍ത്തൊരു തൂണിന്‍
നേരിയ ഞരക്കങ്ങള്‍
ചേരകള്‍ സ്വസ്ഥം പാര്‍ക്കും
മൂലകള്‍ , കഴുക്കോലില്‍
ചാഞ്ഞുറങ്ങീടും നരി-
ച്ചീറുകള്‍ , ചിലന്തികള്‍
അടുപ്പില്‍ നിദ്രാ പൂര്‍ണം
വസിക്കും തവളകള്‍
മടുപ്പിന്‍ പ്രേതാത്മാക്കള്‍
നടക്കും പറമ്പുകള്‍
കാട്ടുപുല്ലുകള്‍ , കുറ്റിച്ചെടികള്‍
തഞ്ചം പാര്‍ത്തു
കൂട്ടു ചേര്‍ന്നൊന്നായ് വാഴും
കിണറിന്‍ പടവുകള്‍
അപരിചിതത്വത്തിന്‍
കൂര്‍ത്തമുള്ളുകള്‍
വേലിപ്പടര്‍പ്പില്‍ ക്രൗര്യം
ചുരന്നുലയും പൂവള്ളികള്‍
ഒക്കെയുമൊരു നോക്കാല്‍
കാണ്‍കവെ ഹൃദയത്തില്‍
വന്നലയ്ക്കുന്നു ചോദ്യം
വീടു ഞാന്‍ മാറിപ്പോയോ?
ഞാന്‍
കഥയല്ല ഞാനൊരു കവിതയല്ല
കരളിലെ കാവ്യ പ്രണയമല്ല
പകലിന്റെ കണ്ണിലെക്കാമമല്ല
പറയത്തുടിയിലെ താളമാണേ!
ചിരിയല്ല ഞാനൊരു തേങ്ങലല്ല
ഇണയുടെ നെഞ്ചിലെ കുറുകലല്ല
ചങ്ങാതി ചൊല്ലുന്ന കുശലമല്ല
പതിരിന്റെയാക്രോശ നാവു ഞാനേ!
നീയല്ല ഞാനൊരു നാണമല്ല
നാരായമൊഴിയിലെ സുരതമല്ല
നാട്ടിലെപ്പഴമതന്‍ കാവലാണേ
നെഞ്ചിലെ ചോര തന്‍ ചോപ്പു ഞാനേ!
ശാന്തി
നോവിനെ വേറിട്ടു
കണ്ടില്ല ഞാനതിന്‍
നാവായി മാറുക-
യാണെപ്പൊഴും
കാവ്യമായ്, ജീവന്‍
മയക്കുന്ന താളമായ്
മേവുന്നതെന്നില്‍
ശിവശ്ശാന്തിയായ്!
Subscribe to:
Posts (Atom)