കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Wednesday, August 3, 2011

ഒരു ഉച്ചയൂണിന്റെ ഓര്‍മ

2008 ല്‍ ആണന്നാണ് ഓര്‍മ. ഞാന്‍ അമൃതാ ടെലിവിഷനില്‍ ജോലി ചെയ്യുന്ന കാലം. അത്തവണത്തെ ശ്രീകൃഷ്ണജയന്തി അടുത്തു വരുന്നു. സന്ധ്യാദീപത്തില്‍ പ്രത്യേകതയുള്ള എന്തെങ്കിലും ചെയ്യണമെന്നു തീരുമാനിച്ചു. എന്തു ചെയ്യും? മനസ്സില്‍ ഒരുപാട് കാര്യ്ങ്ങള്‍ വന്നു പോയ്ക്കൊണ്ടിരുന്നു.ആലോചിക്കാന്‍ അധികം സമയവുമില്ല.
പെട്ടെന്നാണ് മനസ്സില്‍ ആ രൂപം ഓടിവന്നത്. മള്ളിയൂര്‍ തിരുമേനി. ഭാഗവതഹംസം. തിരുമേനിയെക്കവിഞ്ഞ് മറ്റൊരാള്‍ ഇത്തരം ഒരു കര്‍മത്തിനു വേറെയാരുള്ളു. പിന്നീട് മറ്റൊന്നും ആലോചിച്ചില്ല. നേരെ ക്യാമറാ ക്രൂവുമൊന്നിച്ചു കോട്ടയം ജില്ലയിലെ മള്ളിയൂരിലേക്കു പുറപ്പെട്ടു. 
പിറ്റേന്നു രാവിലെ മള്ളിയൂരിലെത്തി. തിരുമേനിയെക്കണ്ടു. പക്ഷെ അപ്പോഴേക്കും ഒരു ദീര്‍ഘസംഭാഷണത്തിനുള്ള സ്വസ്ഥത തിരുമേനിക്കുണ്ടായിരുന്നില്ല. എന്നാല്‍ തിരുമേനി എന്തിനും തയ്യാറായും നില്‍ക്കുന്നു. ഒടുവില്‍ ഞാന്‍ പറഞ്ഞു:
"തിരുമേനി ഒരു അനുഗ്രഹം പറഞ്ഞാല്‍ മതി".
തിരുമേനി പറഞ്ഞു തുടങ്ങി. ഇടയ്ക്കു നിര്‍ത്തി. കൃഷ്ണാവതാരത്തിന്റെ സമ്മോഹനം. ആശയം. ഭാഗവതാചാര്യ്ന്റെ കൃഷ്ണാവിഷ്കാരം. അമേയമായിരുന്നു ആ ആവിഷ്കാരം. ഇടയ്ക്കു തിരുമേനി കിതയ്ക്കുന്നുണ്ടായിരുന്നു. അവിരാമമായ കര്‍മകാണ്ഡം. പുണ്യപ്രാണന്‍ . പ്രാതസ്മരണീയന്‍ . ഭക്തനും ഭഗവാനും ഒന്നു ചേരുന്ന അത്ഭുതം. അതു ഒരാളില്‍ ദര്‍ശിക്കുവാന്‍ കഴിയുക! അഹോ! ആ മഹാത്മാവിനെ ദര്‍ശിക്കാന്‍ കഴിഞ്ഞതു തന്നെ മഹാഭാഗ്യം. 
സമയം ഏതാണ്ട് ഉച്ചയായി. തിരുമേനി പറഞ്ഞു. ഊണ് കഴിച്ചെ പോകാവൂ. പോയിട്ട് തിരക്കുണ്ടായിട്ടും ആ ആജ്ഞക്കു മുമ്പില്‍ ശിരസ്സു നമിക്കാനേ കഴിഞ്ഞൂള്ളൂ.
മള്ളിയൂര്‍ തിരുമേനിയുടെ അനുഗ്രഹവുമെടുത്തു തിരികെ വരുമ്പോള്‍ ഞാന്‍ എന്തൊക്കെയോ ഓര്‍ത്തു. ഒരു നിമിത്തം. ഇനി എപ്പോഴാണ്  മലയാളത്തിനു സാക്ഷാത്കാരം ലഭിച്ച ഇമ്മാതിരിയൊരു ഭഗവത്ഭക്തനെ ലഭിക്കുക. എത്ര കാലം അത്തരമൊരു അവതാരത്തിനു വേണ്ടി നാം കാത്തിരിക്കണം. 
ഈ കൊച്ചു കേരളത്തിന്റെ ഭൂമികയില്‍ ഭഗവത് ഭക്തി ഒന്നു മാത്രം കൈമുതലാക്കി ജീവിച്ച ഈ യശപ്പുരുഷനെ കാണാന്‍ കഴിയുന്നതു തന്നെ എത്ര ഭാഗ്യം. എത്ര പേര്‍ക്കു ആ ഭാഗ്യം ഉണ്ടായിട്ടുണ്ടാവും. അറിയില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ്. മള്ളിയൂര്‍ തിരുമേനിയെപ്പോലെയുള്ള ഭക്തര്‍ അടുത്ത കാലത്തൊന്നും മലയാളത്തില്‍ ഭൂജാതരാവില്ല.

മള്ളിയൂരിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇവിടെ ക്ലിക്കു ചെയ്യുക 
മള്ളിയൂരിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇവിടെ ക്ലിക്കു ചെയ്യുക
മള്ളിയൂരിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇവിടെ ക്ലിക്കു ചെയ്യുക


Tuesday, February 22, 2011

മരണം, പിന്നെയൊരു ജനനവും


                  










1.
ഒന്നും കണ്ടില്ലെന്നു നടിയ്ക്കാന്‍
ഒന്നും കേട്ടില്ലെന്നു വരുത്താന്‍
സ്വന്തം നാഡിഞരമ്പാല്‍ പതിയെ
ബ്ലേഡിന്‍ മൂര്‍ച്ചയറുത്തു നിശ്ശബ്ദം!

2.

പിന്നെ വിമൂകം സകലം;
-നേര്, വെറുപ്പ്, പകല്‍ , പലിശക്കടം,
നാട്ടുവഴിത്തണ,ലീറന്‍ വെയിലൊളി,
കൂട്ടുകിടപ്പ്, കിരാതപഥങ്ങള്‍ !

3.

ആത്മന്‍
നീ വഴി പോയത് തിരയുന്നുണ്ട്
സഹസ്രശരീരികളഹം തിരയുന്നവര്‍ !


4.

പുല്ലും പുഴുവും നായും നരിയും
നരനും നാരിയും, നാളിതു വരെയും
ലോകം കാണാതുഴറി നടക്കും
നേര്‍ത്ത നിലാവല പോലും
-അനുരാഗികളാണെല്ലാം
ആത്മന്‍ , നീ വഴി പോയത്
തിരയുന്നാരും!


5.

ഒന്നും കണ്ടില്ലെന്നു നടിയ്ക്കെ
ഒന്നും കേട്ടില്ലെന്നു വരുത്തെ
ജാഗ്രത് സ്വപ്ന സുഷുപ്തിയിലെങ്ങോ
വന്നു പിറന്നത് ഞാനോ നീയോ?

Monday, November 15, 2010

ഓട്ടോപ്പാട്ട്



















നോക്കി നോക്കി അലഞ്ഞു
കൈ കാണിച്ചു മടുത്തു
വഴി പറഞ്ഞ് കൊഴഞ്ഞു
നിര്‍ത്തിയാലോ
"തെക്കോട്ടേക്ക് "
"ഇല്ല"
"വടക്കോട്ടേക്ക്"
"ഇല്ല"
"കിഴക്കോട്ടേക്ക്"
"ഇല്ല"
"പടിഞ്ഞാട്ട്"
"ഇല്ലേയില്ല"
"എങ്ങോട്ട് പോവും?"
----------------------
"ഹലോ, എങ്ങോട്ട് പോവും?"
ഠു....... ര്‍ ................................
ഇതെല്ലാം കണ്ട്
അടുത്ത മരത്തിലെ കാക്ക
ക്രാ.....ക്രാ.......ക്രാ.........
പ്ളും...............(കാക്ക കാഷ്ഠിച്ചു)



Tuesday, November 2, 2010

മാതൃശരണാഷ്ടകം



       
      



















അമ്മ തന്‍ ശരണ മാര്‍ഗമേറിയെ-
ന്നുണ്മയും വപുസ്സും ചരിക്കുവാന്‍
നന്മ തന്നു പുലര്‍ത്തണമെപ്പൊഴു-
മമ്മ തന്നെ ശിവ ശങ്കരായ നമഃ
      
ഉള്ളുലയ്ക്കുമൊരാര്‍ത്തി പാരമെ-
ന്നുള്ളിലായുണരാതെ നോക്കുവാ-
നെന്നുമെന്‍ ബോധവാസിയാകയെ-
ന്നമ്മ തന്നെ ശിവ ശങ്കരായ നമഃ

നല്ല ചൊല്ലു നാവില്‍ വിളങ്ങുവാ-
നന്തരംഗമകളങ്കമാകുവാ-
നന്‍പിലെ നറു ദീപമാകയെ-
ന്നമ്മ തന്നെ ശിവ ശങ്കരായ നമഃ

ജന്മ കര്‍മ വിശുദ്ധി തന്നു കൊ-
ണ്ടല്ലലുണരാതെയെന്നക-
ക്കണ്ണില്‍ നിത്യവെളിച്ചമാകയെ-
ന്നമ്മ തന്നെ ശിവ ശങ്കരായ നമഃ

സക്തി കൊണ്ടു മമ ചിത്തമൊക്കെയും
ഭുക്തഭോഗമനുവര്‍ത്തിയാകൊല്ല
മുക്തി മാത്രമനുധാവനം ശരണ-
മമ്മ തന്നെ ശിവ ശങ്കരായ നമഃ

നിത്യ നിര്‍വൃതിയേകുവാന്‍ തവ-
ഭക്തി തന്നെയതിയുത്തമം ചിര-
സത്യമെന്നു നിനവേറുവാനിനി-
യമ്മ തന്നെ ശിവ ശങ്കരായ നമഃ

മിത്ര ശത്രു വിഭേദമില്ലാതെ 
ഛത്ര ചാമര വിമോഹമില്ലാതെ
പക്വ ബുദ്ധി തന്നനുഗ്രഹിക്കണ-
മമ്മ തന്നെ ശിവ ശങ്കരായ നമഃ

മൃത്യു വന്നു തഴുകുന്ന നേരമെ-
ന്നരികിലമൃതിന്‍ മന്ദഹാസമായ്
അന്തര്‍ഭാവനാ പൂജയേല്‍ക്കുവാ-
നമ്മ തന്നെ ശിവ ശങ്കരായ നമഃ

Monday, October 25, 2010

കണിക്കൊന്നയിലെ കവിത

കണിക്കൊന്ന.com ല്‍ വന്ന ഓര്‍മ എന്ന കവിത ഇവിടെ.
നേരിട്ട് വായിക്കേണ്ടവര്‍ക്ക് ലിങ്കില്‍ ക്ലിക്ക് ചെയ്യാം:
http://www.kanikkonna.com/index.php/2008-09-29-07-02-50/958-2010-10-25-16-12-26


ഓര്‍മ


മനോജ് മനയില്‍

ഓര്‍മയില്‍ പണ്ടു
പൂത്ത പൂക്കാലമേ
ഓമനിയ്ക്കട്ടെ
നിന്നെ, ഞാനെന്‍റെയീ
ശുഷ്ക ജീവിത
സായാഹ്ന യാത്രയില്‍
സ്വപ്നതുല്യവേഗമാര്‍ -
 ന്നാര്‍ദ്രമായ്, സ്വര്‍ഗ
സന്നിഭ നിസ്തുല
കാന്തിയായ്, വിണ്ടു-
കീറുന്ന സൗരയൂഥങ്ങള്‍ക്കു
വിണ്ണൊരുക്കുന്ന
ഉന്നിദ്ര നിദ്രയായ്!

പണ്ടു കാലത്ത്
പാതിരാ നേരത്ത്
പൂത്ത കൈതകള്‍
പൂതി പെരുപ്പിച്ച്....

തോട്ടു മാളങ്ങളില്‍
കുളക്കോഴികള്‍
പാട്ടു കച്ചേരി
കൂട്ടരോടൊന്നിച്ച്....

കള്ളു ഷാപ്പില്‍ നി-
ന്നെത്തുന്ന കോമരം
തുള്ളിയാടിക്കളി-
ക്കുന്നൊരു പേച്ച്...

പുഞ്ച കൊയ്തു
വിളര്‍ത്ത പാടങ്ങളില്‍
ചന്ദ്രികാസ്മിതം
കണ്ടു മോഹിച്ച്...

മോഹമെല്ലാം
മോഹാന്ധകാരമായ്
സ്നേഹമെല്ലാം
ശോകാന്തരംഗമായ്..

നിന്നെ വീണ്ടും
പുല്‍കട്ടെ, യോര്‍മയേ..
പിന്നെ ഞാനങ്ങു
വിസ്മരിച്ചീടിലോ.....?

Wednesday, October 20, 2010

ആവശ്യമുണ്ട്...

മീന്‍ കറി കൂട്ടി
ചോറു തിന്നാനും

മാനത്തു നോക്കി
നടന്നു പോവാനും

ഉടുമുണ്ടഴിച്ചു
കിടന്നുറങ്ങാനും

സുഹൃത്തിന്റെ
കവിതാസമാഹാരം
മീന്‍ കറിയില്‍ മുക്കി
നശിപ്പിക്കാനും

എനിക്കൊരു
സെക്കന്‍റ് ഹാന്‍റ്
മനസ്സു വേണം.
(സ്റ്റോക്കുള്ളവര്‍ താഴെ കൊടുത്ത നമ്പറില്‍ വിളിക്കുക)
മനയിലാന്‍

Monday, September 20, 2010

നാട്ടുപച്ചയിലെ കവിത

നാട്ടുപച്ച ഓണ്‍ ലൈന്‍ മാസികയില്‍ വന്ന അപ്രകാശിതം എന്ന എന്റെ കവിത

മഷി  - കവിത
arrowsഅപ്രകാശിതം--മനോജ് മനയില്‍
 
കുത്തിക്കുത്തി-
യൊലുമ്പിക്കളയാ-
നലക്കുകല്ലില്ലാ....
അതിനാല്‍
വെളുവെളുപ്പില്‍
സമ്മാനിയ്ക്കാന്‍
പൊട്ടിച്ചിരിയില്ലാ....
രണ്ട്
മുനിഞ്ഞു കത്തി-
പ്പുകഞ്ഞു നില്‍ക്കാന്‍
പാട്ട വിളക്കില്ലാ.....
അതിനാല്‍
തലയ്ക്കു കോരി-
യൊഴിച്ചു കൊളുത്താന്‍
മണ്ണെണ്ണയുമില്ലാ....
മൂന്ന്
അടുപ്പു കല്ലും
തീയും പുകയും
അടുത്തടുത്തില്ലാ...
അതിനാല്‍
പുറത്തു പോകാന്‍
പുകഞ്ഞ കൊള്ളി-
യ്ക്കവസരമില്ലാ...
നാല്
കഴിഞ്ഞകാല-
ക്കടങ്ങള്‍ വീട്ടാന്‍
സമ്പാദ്യവുമില്ലാ...
അതിനാല്‍
കരഞ്ഞു കൈ കാല്‍
കുടഞ്ഞു തുള്ളാന്‍
നോവിന്‍ സുഖമില്ലാ...
അഞ്ച്
മറന്നു പോകാന്‍
പഠിച്ചതുമില്ലാ...


നേരിട്ട് വായിക്കേണ്ടവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
http://www.nattupacha.com/content.php?id=799

Tuesday, September 7, 2010

ഓര്‍മ

ഓര്‍മയില്‍ പണ്ടു
പൂത്ത പൂക്കാലമേ
ഓമനിയ്ക്കട്ടെ
നിന്നെ, ഞാനെന്‍റെയീ
ശുഷ്ക ജീവിത
സായാഹ്ന യാത്രയില്‍
സ്വപ്നതുല്യവേഗമാര്‍-
ന്നാര്‍ദ്രമായ്, സ്വര്‍ഗ
സന്നിഭ നിസ്തുല
കാന്തിയായ്, വിണ്ടു-
കീറുന്ന സൗരയൂഥങ്ങള്‍ക്കു
വിണ്ണൊരുക്കുന്ന
ഉന്നിദ്ര നിദ്രയായ്!

പണ്ടു കാലത്ത്
പാതിരാ നേരത്ത്
പൂത്ത കൈതകള്‍
പൂതി പെരുപ്പിച്ച്....

തോട്ടു മാളങ്ങളില്‍
കുളക്കോഴികള്‍
പാട്ടു കച്ചേരി
കൂട്ടരോടൊന്നിച്ച്....

കള്ളു ഷാപ്പില്‍ നി-
ന്നെത്തുന്ന കോമരം
തുള്ളിയാടിക്കളി-
ക്കുന്നൊരു പേച്ച്...

പുഞ്ച കൊയ്തു
വിളര്‍ത്ത പാടങ്ങളില്‍
ചന്ദ്രികാസ്മിതം
കണ്ടു മോഹിച്ച്...

മോഹമെല്ലാം
മോഹാന്ധകാരമായ്
സ്നേഹമെല്ലാം
ശോകാന്തരംഗമായ്..

നിന്നെ വീണ്ടും
പുല്‍കട്ടെ, യോര്‍മയേ..
പിന്നെ ഞാനങ്ങു
വിസ്മരിച്ചീടിലോ.....?

Saturday, July 31, 2010

കര്‍ക്കടകം

കണ്ണീരു പെയ്ത്
നനഞ്ഞ തൊടിയില്‍ ,
വെയിലുറയ്ക്കാത്ത
നെല്‍ക്കളങ്ങളില്‍ ,
ഉദിയ്ക്കാന്‍ മടിയ്ക്കുന്ന
പുലരിക്കിനാവുകളില്‍ ,
ചടഞ്ഞ രാപ്പകലുകളില്‍
വന്നതാരാണ്:
രാമനോ
സീതയോ
രാവണനോ
തുഞ്ചത്തെഴുത്തച്ഛനോ
മുത്തശ്ശനോ
ശീപോതിയെ
അകത്താക്കി
ചേട്ടയെ
പുറത്താക്കി
വാതിലടച്ച്
രാമായണം കേട്ട്
സ്വര്‍ഗവാതില്‍ കടന്ന
മുത്തശ്ശിയോ?

Sunday, June 27, 2010

'പത്മനാഭദാസീയം '


തിരുവിതാംകൂര്‍ രാജവംശത്തിനെക്കുറിച്ച് അമൃതാ ടെലിവിഷന്‍ നിര്‍മാണവും സംപ്രേഷണവും നിര്‍വഹിക്കുന്ന 'പത്മനാഭദാസീയം ' എന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മം പ്രശസ്ത ഗായകന്‍ ജി.വേണുഗോപാല്‍ നിര്‍വഹിച്ചു. മനോജ് മനയില്‍ സംവിധാനം നിര്‍വഹിക്കുന്ന ഡോക്യുമെന്ററിയുടെ രചന പ്രൊഫ. എം.ജി.ശശിഭൂഷണ്‍ . ചരിത്രം സാക്ഷ്യം വഹിച്ച രാജവാഴ്ചയുടെ ഗതിവിഗതികളിലൂടെ ഒരു ദേശത്തിന്റെ കഥ പറയുകയാണ് പത്ത് എപ്പിസോഡുകളുള്ള ഈ ഡോക്യുമെന്ററി.

തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയുടെ എണ്‍പെത്തെട്ടാം പിറന്നാളില്‍ മനോജ് മനയില്‍ ഉപഹാരം സമര്‍പ്പിക്കുന്നു.

പത്മനാഭദാസീയം ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ വേള. മനോജ് മനയില്‍ , അമൃതാ ടി.വി. പ്രോഗ്രാം ജനറല്‍ മാനേജര്‍ ശ്രീ എസ്.അനില്‍കുമാര്‍ ‍, ഗായകന്‍ ജി.വേണുഗോപാല്‍ , ക്യാമറാമാ ന്‍മാരായ ഉദയന്‍ അമ്പാടി, ചന്ദ്രബാബു തുടങ്ങിയവര്‍ സമീപം.



Friday, March 19, 2010

അക്കിത്തം





















ശതാഭിഷേകം

മലയാളത്തിന്റെ സൗമ്യനായ മഹാകവി അക്കിത്തത്തിനു ഇത്
ശതാഭിഷേകത്തിന്റെ ധന്യ മുഹൂര്‍ത്തം. 
ഒരു മനുഷ്യനു എണ്‍പത്തിനാല് വയസ്സു തികയുമ്പോള്‍ അയാള്‍ 
ആയിരം പൂര്‍ണചന്ദ്രന്‍മാരെ
കണ്ടു കഴിഞ്ഞു എന്നാണ് വിശ്വാസം. 
(ശതം ജീവ എന്നു തുടങ്ങുന്ന മന്ത്രം ജപിച്ച്
ചെയ്യുന്ന ഒരു വൈദിക ചടങ്ങാണ് ശതാഭിഷേകം)
എണ്‍പത്തി നാലു വയസ്സിന്റെ ധന്യതയില്‍ ജീവിക്കുന്ന അക്കിത്തം,
നമ്മൂടെ ഇനിയും നശിച്ചു പോകാത്ത നന്മയുടെ സാമഗായകരില്‍ 
ഒരുപക്ഷെ അവസാനക്കാരനായിരിക്കും.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനു
ശതാഭിഷേക ഭാവുകങ്ങള്‍ !

Friday, March 5, 2010

ചക്കക്കാലം


























പള്ളിക്കൂടത്തില്‍
രണ്ട് മാസം
അവധി വരുമ്പോള്‍
ആകെ ബേജാറ്............
ഉച്ചയ്ക്കു കുമ്പ നിറപ്പിച്ച
ഉപ്പു മാവിന്റെ അസാന്നിധ്യം.

ഇനി
രണ്ടു മാസം
കുരുത്തം കെട്ടോനെ
പൊറുപ്പിക്കാനാണ്
പാടെന്നു അമ്മ.

പറമ്പിന്റെ
പടിഞ്ഞാറെ മൂലയില്‍
പന്തലിച്ച
വരിക്കപ്ലാവില്‍
ചക്ക വിരിയുന്നതും കാത്ത്
തപസ്സ്.

'വെശപ്പു കൊണ്ട്
കുണ്ടന്‍
പ്ലാവും തിന്നു തീര്‍ക്കുമെന്നു
അങ്ങൂട്ടേലെ
കണാരേട്ടന്‍ .'

വൈകീട്ട്
ചക്കരക്കാപ്പി
കുടിക്കുമ്പോള്‍
ചക്കക്കുരു കിട്ടിയാല്‍
വറുത്തു തിന്നാമെന്ന്
അമ്മൂമ്മ...

താഴെക്കുനിയിലെ
സുമിത്രേടെ
പ്ലാവില്‍
ഒച്ചു മുട്ട പോലെ
ചക്കയെന്നു
അമ്മയുടെ കുശുമ്പ്

വൈകീട്ട്
മൂത്തോറക്കുട്ടിയുടെ
പ്രാന്തന്‍ വെള്ളം
മോന്തി വരുന്ന
അച്ഛന്റെ വായില്‍ നിന്നു
വരുന്നത്
മുഴുനീള ചക്ക...........ക്ക....ക്ക....

അനിയത്തിക്കു
ചക്കക്കൂഞ്ഞ്
ഉപ്പേരി വെക്കാനായിരുന്നു
കൊതി...



ചക്കപ്പശ കൊണ്ട്
കീറിയ
പുസ്തകച്ചട്ട ഒട്ടിക്കാമെന്നും
കൈയില്‍ പറ്റിയ
ചക്കപ്പശ കളയാന്‍
വെളിച്ചെണ്ണയെടുത്താല്‍
അമ്മയുടെ
തല്ലു കൊള്ളുമെന്നും
പറഞ്ഞതു തന്നതു
നാലാം ക്ലാസില്‍
നാലു വട്ടം തോറ്റ
വേലായുധനായിരുന്നു


എങ്കിലും
പ്രിയപ്പെട്ടവരേ......
വിശന്നു തൂറാന്‍ മുട്ടിയ
എനിക്കു
ചക്ക
ചാവാതിരിക്കാനുള്ള
ടോണിക്കായിരുന്നേ......

Tuesday, February 23, 2010

നാന്ദി

പ്രാണനുള്ളം വെടിഞ്ഞു പോകുമ്പൊഴും
പാതിവാക്കിന്റെ മന്ത്രം മുഴങ്ങുമെന്‍
ചോര വറ്റിയ ചുണ്ടിന്റെ കോണിലായ്
പ്രേത വാക്കായ് കരുതി വെച്ചേക്കുക:


"എത്ര ജന്മം നരിയായ് പിറക്കിലും
എത്ര ജന്മം നായായ് പിറക്കിലും
പ്രളയ കാലം വരേയ്ക്കും നികൃഷ്ടമാം
ജന്മമാര്‍ന്നു പിറന്നു നരയ്ക്കിലും
മര്‍ത്യദേഹമെടുത്തുകൊണ്ടീ നര-
കാര്‍ണവത്തില്‍ പിറക്കേണ്ട ജീവനേ!


വെന്തു പോകാതിരിക്കട്ടെ ജീവിതം
അന്ധകൂപമാം മര്‍ത്യജന്മങ്ങളില്‍ !"

Saturday, February 20, 2010

കാശി

 
മനയിലാന്‍ കാശിയില്‍                                                             ഫോട്ടോ: പ്രമോദ് രാജ്
(മനസ്സില്‍ ഒരിക്കലും മായാത്ത അനുഭൂതി വിശേഷം പകരുകയാണ് കാശി. നൂറ്റാണ്ടുകളായി ഭാരതീയ സംസ്കൃതിയുടെ ആണിക്കല്ലായി വര്‍ത്തിക്കുകയാണ് കാശിയും വാരാണസി നഗരവും. 'അവിമുക്തം' എന്നു വിശേഷിപ്പിക്കപ്പെടുന്ന കാശിയിലെത്തിയാല്‍ ഏതൊരാളാണ് ആ തീര്‍ഥഘട്ടത്തില്‍ നിന്നും തിരിച്ചു മടങ്ങുക! കാശിയിലെ തീര്‍ഥാടന വേളയില്‍ എഴുതിയ കവിതയാണ് ഇത്തവണത്തെ സമ്മാനം. കാശിയെക്കുറിച്ചുള്ള ഒരു ദീര്‍ഘസഞ്ചാരക്കുറിപ്പ് വൈകാതെ പ്രതീക്ഷിക്കാം.)  

ഒന്ന്
മണ്ണാങ്കട്ടയെ
പരിചയപ്പെടുമ്പോള്‍
മലയാള പാഠാവലി
കണ്ടിരുന്നില്ല.

അച്ഛന്‍ മണ്ണാങ്കട്ടയായും
അമ്മ കരിയിലയായും
ചരിത്രത്തില്‍ നിന്നു
വഴുതിപ്പോവുമ്പോള്‍
ഞാന്‍
മഷിത്തണ്ടു കൊണ്ട്
സ്ലേറ്റില്‍ എഞ്ചുവടി
പകര്‍ത്തുകയായിരുന്നു.

രണ്ട്
പാടം മുറിച്ചു കടന്ന്
പടിപ്പുര നൂണ്ട്
കൂട്ടുകാരന്‍ കേശവന്റെ
ഇല്ലത്തെത്തുമ്പോള്‍
പുഴുക്കുത്തിയ
നാലുകെട്ടിന്റെ ചുമരില്‍
മുറുക്കിത്തുപ്പിയ പഴമ
(വഴിയില്‍ ശ്രീധരന്‍ മാഷിന്റെ
നീളന്‍ നിഴലില്‍
പണ്ടു കിട്ടിയ
അടിയുടെ ചൂരല്‍ച്ചിരി.

ബാലേട്ടന്റെ ചായക്കടയുടെ
ചില്ലലമാരയില്‍
സുഖിയന്‍ രുചിക്കുന്ന
കണ്ണുകള്‍ )

കേശവന്റെ അച്ഛന്‍
കുളിക്കുന്നതു കണ്ടാണ്
കുളത്തിലും
തോട്ടിലും
ചാല്‍ വഴികളിലും
ഗംഗയും
യമുനയുമുണ്ടെന്നു
മനസ്സിലായത്
"ഗംഗേ ച യമുനേ ചൈവ...."

മൂന്ന്
വാഴക്കുല വിറ്റുകിട്ടിയ
കാശിനാല്‍
മുണ്ടുടുത്ത് 
ഞെളിഞ്ഞു നടക്കുമ്പോള്‍
മടക്കിക്കുത്താനായിരുന്നു പാട്
മുണ്ടില്‍ ചളിവെള്ളം തെറിപ്പിച്ച
സൈക്കിള്‍ക്കാരനെ നോക്കി
തെറി പറയാനാഞ്ഞപ്പോള്‍
നാവില്‍
ഗംഗേ യമുനേ എന്നിങ്ങനെ!

നാല്
മരണാസന്നര്‍ക്ക്
ഗംഗാജലവും
മരണാനന്തരം
രാമായണവും വേണമെന്നു
കേശവന്റെ അച്ഛനാണ്
പറഞ്ഞത്.
തെക്കോട്ടെടുക്കുമ്പോള്‍
കിടത്താന്‍ മാവുവേണമെന്നു
കാണിച്ചു തന്നതും
കേശവന്റെ അച്ഛനായിരുന്നു.
മരണം 
ഒരു കാശി യാത്രയാണെന്നു
കണ്ടത്
അഗ്നിനാളങ്ങള്‍ക്കിടയില്‍
ആത്മാവിന്റെ
നിലവിളിയിലാണ്.

അഞ്ച്
കണ്ടതൊക്കെയും
കാണാത്തതായും
കണാത്തത്
കണ്ടതായും നടിച്ചത്
ബന്ധങ്ങളുടെ
പിരിമുറുക്കത്തിലും
ബന്ധനങ്ങളുടെ
നെടുവീര്‍പ്പിലും!

തന്നോളമായെന്നു പറഞ്ഞ്
ഉപേക്ഷിച്ചു പോയവര്‍
പലരാണ്.
പലരേയും
ഉപേക്ഷിക്കാനാവാഞ്ഞതു കൊണ്ടാണ്
പരീക്ഷാ ഹാളില്‍
തല കറങ്ങി വീണതും.

ആറ് 
ഒന്നും നിനയ്ക്കാതിരിക്കുവാ-
നെന്നെത്തിരയാതിരിക്കുവാ-
നെന്നില്‍ക്കവിയാതിരിക്കുവാ-
നെന്നെത്തിരഞ്ഞു ഞാന്‍ കാശിയില്‍

ഏഴ് 
റിക്ഷാ വണ്ടികള്‍ ,
കാളകള്‍ ,
പൊടി നിരത്തുകള്‍ -
വാരാണസിക്കു
തിരക്കാണ് പഥ്യം.

കാവിക്കോലങ്ങള്‍ ,
കുഷ്ഠരോഗികള്‍ ,
ഭാംഗിന്‍ മയക്കത്തിലാണ്ട
യോഗസമാധികള്‍ -
കാശിയ്ക്കൊരു മുഖം.

പാതിയെരിഞ്ഞ
ശവങ്ങള്‍ക്ക്
ജലനിര്‍വാണം,
വേദവാക്യങ്ങള്‍ക്ക്
ശ്രുതി സായാഹ്നം,
തീര്‍ഥഘട്ടങ്ങളില്‍
മന്ത്രാരതി-
മംഗളയായ ഗംഗയ്ക്ക്
മറുമുഖം.

കുടുമയും
കൗപീനവും
പൂണൂലില്‍ ഗായത്രിയും
കൈക്കുടന്നയില്‍
ജലസവിതാവും
പുണ്യാത്മക്കള്‍ക്ക്
തീര്‍ഥായനം.

വിശ്വനാഥനും
അവിമുക്തം.

എട്ട്
സന്ധ്യ.
മംഗളാരതിയ്ക്കും
മംഗളം.
ഉപേക്ഷിച്ചു പോവേണ്ടത്
വഴിയില്‍ നഷ്ടപ്പെട്ടതോര്‍ത്ത് 
ചിരിച്ചു കൊണ്ട് പടി കയറ്റം.
നാവിലപ്പോഴും
ഗംഗയുടെ ഒരു തുള്ളി.
കാതില്‍
ഇങ്ങനെ മുഴക്കം:
"ഗംഗാ ജല ലവ കണികാ പീതാ..."

Wednesday, February 17, 2010

ഗ്രാമം
















കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്
കണ്ണാന്തളിപ്പൂവിന്‍ സ്വപ്നമുണ്ട്
കൂകുന്ന കുയിലിന്റെ പാട്ടുമുണ്ട്
         കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
         കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്

പാള വിശറി തന്‍ കൈ പിടിയ്ക്കും
മൂളുന്ന കാറ്റിന്‍ കിതപ്പുമുണ്ട്
ചെമ്മണ്‍ നിരത്തിന്റെ സ്നേഹമുണ്ട്
കുമ്മായം തേച്ചൊരാകാശമുണ്ട്
         കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
         കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്

നെല്‍ക്കതിര്‍ കറ്റകളാക്കി വെയ്ക്കും
നല്ല പെണ്ണുങ്ങള്‍ തന്‍ ചേലുമുണ്ട്
കൊയ്ത്തു കഴിഞ്ഞ നെല്‍പ്പാടങ്ങളില്‍
തത്തകള്‍ ചാര്‍ത്തിയ പച്ചയുണ്ട്
          കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
          കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്

കൈതവരമ്പത്തു കാത്തിരിക്കും
കൊറ്റിയമ്മാവന്റെ ധ്യാനമുണ്ട്
പൂവാലനണ്ണാറക്കണ്ണനുണ്ണാന്‍
മൂവാണ്ടന്‍ മാവിലോ സദ്യയുണ്ട്
         കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
         കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്

മക്കളെ ലാളിച്ചു കിന്നരിക്കും
മാളങ്ങളില്‍ കുളക്കോഴിയുണ്ട്
കറ്റക്കിടാവിനെയുമ്മവെയ്ക്കും
മുറ്റത്തു പുള്ളിപ്പശുവുമുണ്ട്
         കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
         കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്

അക്ഷരമാല പറഞ്ഞു നീങ്ങും
പക്ഷികള്‍ ചേക്കേറും ചില്ലയുണ്ട്
അമ്പലം ചുറ്റിപ്പറന്നു നീങ്ങും
തുമ്പികള്‍ ചൊല്ലുന്ന നാമുണ്ട്
        കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
        കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട് 

വെള്ളിക്കിനാവിന്‍ കൊലുസണിഞ്ഞ്
തുള്ളിച്ചിരിക്കും പുഴയുമുണ്ട്
പുള്ളും പിറാവും വഴക്കടിയ്ക്കും
പന്തലിന്‍ വള്ളിപ്പടര്‍പ്പുമുണ്ട്
       കണ്ടിട്ടും കണ്ടിട്ടും കൊതി തീരാതെ
       കണ്ണില്‍ ചിരിക്കുന്ന ഗ്രാമമുണ്ട്

ദൂരങ്ങളില്‍ പോയൊളിച്ചിടുമ്പോള്‍ 
നേരു പോലെത്തുന്ന ഗ്രാമമുണ്ട്
നാവിന്‍ മൊഴികളില്‍ വിങ്ങി നിന്നോ
നോവിന്‍ സുഖം പോലെയെന്റെ ഗ്രാമം!

Monday, February 15, 2010

കാലം

(ഓരോരുത്തര്‍ക്കും ഓര്‍ക്കാന്‍ ഒരു കാലമുണ്ടാവും. നിറവും നിഴലും കലര്‍ന്നവ. കരിയും കനലും നിറഞ്ഞവ. ഓര്‍മകളില്‍ പതം പറഞ്ഞു നില്‍ക്കുന്നവ. ഓടിയൊളിക്കാന്‍ തിടുക്കം കൂട്ടുന്നവ.)

 












ഓര്‍മയിലുണ്ടെന്നും ഓര്‍ക്കാന്‍ കൊതിയ്ക്കാത്ത
പൊള്ളുന്ന ജീവന്റെ ബാല്യകാലം
ഓര്‍മയിലുണ്ടെന്നും ഓടിത്തളര്‍ന്നൊരു
കുഞ്ഞിന്റെയുള്ളിലെ നോവുപാടം

ചാണകം തേച്ച കോലായിലെ പുല്‍പ്പായില്‍
ചങ്കിടിപ്പിന്‍ നിഴല്‍ വീണകാലം
തേങ്ങിക്കരഞ്ഞുകൊണ്ടമ്മതന്‍ മാറിലെ
കണ്ണീരിനുള്ളം നുകര്‍ന്ന കാലം

കര്‍ക്കിടകപ്പാതിരാവില്‍ വിശപ്പിന്റെ
കൂരിരുള്‍ മോന്തിക്കുടിച്ച കാലം
മുറ്റത്തു പൂക്കളം തീര്‍ക്കാതെ നൊമ്പര-
പ്പൂവിന്റെ സങ്കടമായ കാലം

വാഴയിലക്കുട ചൂടി വിദ്യാലയ-
പ്പാതയില്‍ മഴ നനഞ്ഞെത്ര കാലം
മാറിയുടുക്കുവാന്‍ കുപ്പായമില്ലാഞ്ഞു
ഈറനുടുത്തു നടന്ന കാലം

ആരോ വിരല്‍ നീട്ടി നെഞ്ചകം നോവിച്ച
നഷ്ടസ്വപ്നങ്ങള്‍ തന്‍ പ്രണയ കാലം
ആരും തുണയ്ക്കാതെ ജീവിതപ്പാതയില്‍
ആര്‍ക്കുമേ വേണ്ടാതലഞ്ഞ കാലം

തീ പിടിയ്ക്കും വിചാരങ്ങള്‍ തോല്‍പ്പിയ്ക്കുവാന്‍
മൗനിയായ് തീര്‍ന്നതുമെത്ര കാലം
ഏങ്ങിക്കുഴഞ്ഞു വീഴുമ്പൊഴും ചുണ്ടിലെ-
പ്പാട്ടിന്‍ നിലാവിനെയോര്‍ത്ത കാലം

കാലമേ നിന്നെക്കണക്കാക്കുവാന്‍ നീണ്ട-
കാതങ്ങള്‍ താണ്ടിക്കുഴഞ്ഞ കാലം
പ്രാണന്റെ നേര്‍ത്ത ചിലമ്പൊലിക്കോലങ്ങള്‍
പാതിവഴിയില്‍പ്പിരിഞ്ഞ കാലം
പേരറിയാത്തോരിരുണ്ട കാലം
പേടിക്കിനാവു ചിരിച്ച കാലം.

Saturday, February 13, 2010

ഒരു ഗുണപാഠ കഥ

പ്രിയപ്പെട്ട വായനക്കാര്‍ക്കു ഇതാ മനോഹരമായ  ഒരു ഗുണപാഠകഥ. ജീവിതത്തില്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ ഈ പാഠം ഉപകരിച്ചെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി.
 
അതിരു കവിഞ്ഞാല്‍ ....

  സീതാന്വേഷണത്തിനായി ലങ്കയിലെത്തിയ ഹനുമാന്‍ സീതാദേവിയെ സന്ദര്‍ശിച്ച ശേഷം അശോകവനം നശിപ്പിച്ചു തുടങ്ങി. ഹനുമാന്റെ പ്രവൃത്തികണ്ട് രാക്ഷസര്‍ ഹനുമാനെ പിടിച്ചു കെട്ടി രാവണസന്നിധിയില്‍ കൊണ്ടുചെന്നു.
  ലങ്കാപുരിയില്‍ നാശനഷ്ടങ്ങള്‍ വരുത്തിവെച്ച വാനരനെ ഒരു പാഠം പഠിപ്പിക്കണമെന്നു രാവണന്‍ തീരുമാനിച്ചു. വാനരന്മാരുടെ കരുത്തു  വാലിന്മേലാണെന്നും അതിനാല്‍ ഹനുമാന്റെ വാലില്‍ തുണിചുറ്റി തീ കൊടുക്കണമെന്നുമായിരുന്നു രാവണന്റെ കല്പന.
  എന്നാല്‍ , ഹനുമാനാകട്ടെ തന്റെ വാല്‍ യഥേഷ്ടം നീട്ടാനും ചുരുക്കാനും കഴിയുമായിരുന്നു. 
  രാവണന്റെ കല്പന നിറവേറ്റാന്‍ രാക്ഷസര്‍ ഒരുങ്ങി. അവര്‍ ഹനുമാന്റെ വാലില്‍ തുണിചുറ്റാന്‍ തുടങ്ങി. ഈ സമയം ഹനുമാന്‍ തന്റെ വാല്‍ നീട്ടാനും തുടങ്ങി. രാക്ഷസര്‍ എത്രയധികം തുണി ചുറ്റിയിട്ടും ഹനുമാന്റെ വാല്‍ നീണ്ടു കൊണ്ടേയിരുന്നു.
  ലങ്കാപുരിയിലെ തുണി മുഴുവന്‍ ഹനുമാന്റെ വാലില്‍ ചുറ്റി. ഒടുവില്‍ രാക്ഷസരുടേയും സ്ത്രീകളുടേയും ഉത്തരീയം വരെ ഹനുമാന്റെ വാലില്‍ ചുറ്റി. അപ്പോഴും ഹനുമാന്റെ വാല്‍ നീണ്ടു തന്നെയിരുന്നു. 
  അവസാനം വാനരന്റെ വാലില്‍ ചുറ്റാന്‍ ലങ്കാപുരിയില്‍ തുണിയില്ലാതെ വന്നു. അപ്പോള്‍ രാക്ഷസര്‍ ഒരു ഉപായം മുന്നോട്ടു വെച്ചു:
  'ലങ്കാപുരിയിലെ അശോകവനികയില്‍ പാര്‍പ്പിച്ച സീത ധരിച്ചിരിക്കുന്ന വസ്ത്രമെടുത്തു വാനരന്റെ വാലില്‍ ചുറ്റുക!'
  രാക്ഷസരുടെ ഈ നിര്‍ദേശം കേട്ടു ഹനുമാന്‍ ഞെട്ടിപ്പോയി. 
  താന്‍ കാണിച്ച കുസൃതി തന്റെ സ്വാമി പത്നിക്കു മാനക്കേടുണ്ടാക്കാന്‍ പോവുകയാണെന്നു ഹനുമാനു മനസ്സിലായി.
  ഉടന്‍ ഹനുമാന്‍ തന്റെ വാല്‍ നീട്ടുന്നതു നിര്‍ത്തുകയും ചെയ്തു.
  ഗുണപാഠം                                                                                           
  ഏതൊരു പ്രവൃത്തിയും അതിരുകവിഞ്ഞാല്‍ അതു ഗുണത്തെക്കാളേറെ ദോഷകരമായി ഭവിക്കും. അധികമായാല്‍ അമൃതും വിഷം എന്നതും ഓര്‍മിക്കാം.