കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Monday, January 25, 2010

വേടനും കവിയും





















മരത്തിന്‍ ചില്ലയില്‍
രമിച്ചിരിക്കുന്ന
കിളിയെയമ്പെയ്തു
രസിക്കുന്നു വേടന്‍


മരിച്ചു വീണതാം
കിളിയെക്കാണ്‍കവെ
മനസ്സിലോ കാവ്യം
രചിക്കുന്നു കവി


കഥയിതു ഞാനി-
ന്നയവിറക്കവെ
മകന്‍ സകൗതുകം
പറയുന്നിങ്ങനെ:


"കവണിയാലൊരു
കിളിയെ വീഴ്ത്തുക
എഴുതട്ടെയച്ഛാ
കവിതയൊന്നു ഞാന്‍ "

Sunday, January 24, 2010

കുറിച്ച്......................

















ഗാന്ധിയെക്കുറിച്ച്,
സോഷ്യലിസത്തെക്കുറിച്ച്,
രാമരാജ്യത്തെക്കുറിച്ച്,

കല്ല്
കരട്
മൂര്‍ഖന്‍ പാമ്പിനെക്കുറിച്ച്


കുറിച്ച് പഠിക്കാന്‍
കുറിച്ച് വായിക്കാന്‍
കുറിപ്പടികള്‍ ഏറെ


എന്നെക്കുറിച്ചു
ഞാനെന്തു പറയാന്‍ ?

Saturday, January 23, 2010

പ്രണയങ്ങള്‍ക്ക്.....

മുറിവ്
                                         നിന്നെ കണ്ടപ്പോള്‍
                            ഞാനെന്തിനാണ്
                            എന്റെ
                            നരച്ച മുടിയെക്കുറിച്ചോര്‍ക്കാനും
                            അലസമായ് കിടന്ന
                            താടി രോമങ്ങളെ
                            തഴുകിയുണര്‍ത്താനും
                            തുടങ്ങിയത്?


                            എന്തിനാണ്
                            ചുളി വീണ
                            ഷര്‍ട്ടിനെക്കുറിച്ചു
                            വേവലാതി പൂണ്ടത്?


                             കണ്ണാടിയെ സ്നേഹിച്ചതും
                             ടാല്‍ക്കം പൗഡറിന്റെ
                             സാധ്യതകളില്‍
                             മയങ്ങാനും
                             തുടങ്ങിയത്?


                             പോളിഷ് ചെയാത്ത
                             ഷൂവിന്റെ നിലവിളികള്‍ക്ക്
                             മനസ്സു കൊടുത്തത്?


                             റോഡരുകില്‍ പുഞ്ചിരിക്കുന്ന
                             കൂറ്റന്‍ ഹോര്‍ഡിംഗിലെ
                             ചര്‍മ സൗന്ദര്യത്തെ
                             കടക്കണ്ണെറിഞ്ഞത്?


                              (എങ്കിലോ
                              ഡിയോഡറന്റുകളുടെ
                              വിലയെക്കുറിച്ചു മാത്രം
                              ടിവി സ്ക്രീനില്‍
                              കാണാന്‍ കഴിഞ്ഞില്ല)


                              മേല്‍ക്കൂരയില്ലാത്ത
                              സ്വന്തം ജന്‍മത്തില്‍
                              പാദമൂന്നി നക്ഷത്രങ്ങളെ
                              പരിചയപ്പെട്ടതും


                              ഹൃദയത്തിന്റെ
                              കറ പിടിച്ച
                              വിജാഗിരിയില്‍
                              എണ്ണ പകര്‍ന്നതും
                              എന്തിനായിരുന്നു?


                              സത്യം,
                              പ്രാണനില്‍ നിന്നു
                              ഓരോ തവണ
                              ചോരയിറ്റുമ്പോഴും
                              ഞാനറിയാതെ പോയതു
                              എന്തിനായിരുന്നു
                              നിന്നെ കണ്ടതെന്ന
                              മുറിവിനെപ്പറ്റിയായിരുന്നു!

ഷഡ്ദര്‍ശനം





കളി
മണ്ണു വാരിത്തിന്നു വന്നാലും
വെണ്ണ മോഷ്ടിച്ചു നടന്നാലും
കണ്ണനെന്നല്ലോ വിളിപ്പു കഷ്ടം
കള്ളനും കഞ്ഞി വെക്കുന്നു ലോകം.


 













അഴക്
കാറൊളിയാണെങ്കിലെന്തു ചേതം
ഏഴഴകെന്നേ പറഞ്ഞിടേണ്ടൂ
ഏഴഴകയാല്‍ വിളിച്ചിടുമോ
കാറൊളിച്ചന്തമിതെന്തു ന്യായം?












തൊരം*
തുറുങ്കില്‍ പിറക്കലും
തുണി മോഷ്ടിക്കലും
തേരു തെളിക്കലും
തൊരമെന്തു വേറെ നിനക്കീശ്വരാ!


















ഭക്തി
വേലയ്കു പോയോരു
പിള്ളേരെയൊക്കെയും
വേണുവൂതിക്കൊണ്ടു
നീ മയക്കി
വേണ്ടാത്ത തോന്ന്യാസ-
മൊക്കെയും കാട്ടിയ
വേണുവിലോലനില്‍
ഞാന്‍ മയങ്ങി









കന്നത്തരം
കാലിക്കിടാവിനു നല്‍കാതെ മോഷ്ടിച്ചു
പൈമ്പാലു നീ കുടിക്കുന്ന ഞായം
ഞാനറിയും പണ്ടേ പോറ്റമ്മ തന്‍ മുല-
പ്പാലു കുടിച്ചു വളര്‍ന്ന കണ്ണാ
കംസന്റെ ചാരത്തു ചെല്ലുവാനീവിധം
കന്നത്തരം കാട്ടണമെന്നതുണ്ടോ?
















ചൂരല്‍ക്കഷായം
പീലിയും കോലും ധരിച്ചാലും
പീതാംബരപ്പട്ടണിഞ്ഞാലും
മണ്ണൂ വാരിത്തിന്നു പോയീടിലെന്‍ കണ്ണാ
ചൂരല്‍ക്കഷായമെനിക്കു നൂനം!

* ജോലി




Friday, January 22, 2010

നേരം

കണ്ടു മടുത്ത നേരം
കാണാതിരിക്കാന്‍
കരുതിയ നേരം
കണ്ണില്‍ നിന്നും
കളയും നേരം
കടല്‍ വിഴുങ്ങിയതെന്നെയോ
നിന്നെയോ?

Tuesday, January 19, 2010

പൊതുവെ....

നാമെല്ലാം
പൊതുവെ
നാടും വീടും വെടിഞ്ഞ്
നാണവും മാനവും മുടിഞ്ഞ്
നാളെയിലേക്കു 
കുതിക്കുന്ന
ഗൃദ്ധ ജന്‍മങ്ങള്‍


മനയിലാന്‍