ജീവിതം ഒരു ചെറിയ ചോദ്യം ഉന്നയിക്കാന്‍ വേണ്ടി ഭൂമിയിലെത്തിയിരിക്കുകയാണ്. എന്നാല്‍ മറ്റുള്ളവരെ ചോദ്യം ചെയ്തു സ്വയം ചോദ്യം ചോദിക്കാന്‍ ജീവിതം മറന്നും പോയിരിക്കുന്നു! വൈരുധ്യങ്ങളുടെ ഒരു കുത്തഴിഞ്ഞ പുസ്തകമാണ് ഓരോ ജീവിതവും!
കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
Friday, March 19, 2010
അക്കിത്തം
ശതാഭിഷേകം
മലയാളത്തിന്റെ സൗമ്യനായ മഹാകവി അക്കിത്തത്തിനു ഇത്
ശതാഭിഷേകത്തിന്റെ ധന്യ മുഹൂര്‍ത്തം.
ഒരു മനുഷ്യനു എണ്‍പത്തിനാല് വയസ്സു തികയുമ്പോള്‍ അയാള്‍
ആയിരം പൂര്‍ണചന്ദ്രന്‍മാരെ
കണ്ടു കഴിഞ്ഞു എന്നാണ് വിശ്വാസം.
(ശതം ജീവ എന്നു തുടങ്ങുന്ന മന്ത്രം ജപിച്ച്
ചെയ്യുന്ന ഒരു വൈദിക ചടങ്ങാണ് ശതാഭിഷേകം)
എണ്‍പത്തി നാലു വയസ്സിന്റെ ധന്യതയില്‍ ജീവിക്കുന്ന അക്കിത്തം,
നമ്മൂടെ ഇനിയും നശിച്ചു പോകാത്ത നന്മയുടെ സാമഗായകരില്‍
ഒരുപക്ഷെ അവസാനക്കാരനായിരിക്കും.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരനു
ശതാഭിഷേക ഭാവുകങ്ങള്‍ !
Friday, March 5, 2010
ചക്കക്കാലം
പള്ളിക്കൂടത്തില്‍
രണ്ട് മാസം
അവധി വരുമ്പോള്‍
ആകെ ബേജാറ്............
ഉച്ചയ്ക്കു കുമ്പ നിറപ്പിച്ച
ഉപ്പു മാവിന്റെ അസാന്നിധ്യം.
ഇനി
രണ്ടു മാസം
കുരുത്തം കെട്ടോനെ
പൊറുപ്പിക്കാനാണ്
പാടെന്നു അമ്മ.
പറമ്പിന്റെ
പടിഞ്ഞാറെ മൂലയില്‍
പന്തലിച്ച
വരിക്കപ്ലാവില്‍
ചക്ക വിരിയുന്നതും കാത്ത്
തപസ്സ്.
'വെശപ്പു കൊണ്ട്
കുണ്ടന്‍
പ്ലാവും തിന്നു തീര്‍ക്കുമെന്നു
അങ്ങൂട്ടേലെ
കണാരേട്ടന്‍ .'
വൈകീട്ട്
ചക്കരക്കാപ്പി
കുടിക്കുമ്പോള്‍
ചക്കക്കുരു കിട്ടിയാല്‍
വറുത്തു തിന്നാമെന്ന്
അമ്മൂമ്മ...
താഴെക്കുനിയിലെ
സുമിത്രേടെ
പ്ലാവില്‍
ഒച്ചു മുട്ട പോലെ
ചക്കയെന്നു
അമ്മയുടെ കുശുമ്പ്
വൈകീട്ട്
മൂത്തോറക്കുട്ടിയുടെ
പ്രാന്തന്‍ വെള്ളം
മോന്തി വരുന്ന
അച്ഛന്റെ വായില്‍ നിന്നു
വരുന്നത്
മുഴുനീള ചക്ക...........ക്ക....ക്ക....
അനിയത്തിക്കു
ചക്കക്കൂഞ്ഞ്
ഉപ്പേരി വെക്കാനായിരുന്നു
കൊതി...
ചക്കപ്പശ കൊണ്ട്
കീറിയ
പുസ്തകച്ചട്ട ഒട്ടിക്കാമെന്നും
കൈയില്‍ പറ്റിയ
ചക്കപ്പശ കളയാന്‍
വെളിച്ചെണ്ണയെടുത്താല്‍
അമ്മയുടെ
തല്ലു കൊള്ളുമെന്നും
പറഞ്ഞതു തന്നതു
നാലാം ക്ലാസില്‍
നാലു വട്ടം തോറ്റ
വേലായുധനായിരുന്നു
എങ്കിലും
പ്രിയപ്പെട്ടവരേ......
വിശന്നു തൂറാന്‍ മുട്ടിയ
എനിക്കു
ചക്ക
ചാവാതിരിക്കാനുള്ള
ടോണിക്കായിരുന്നേ......
Subscribe to:
Posts (Atom)