കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Monday, September 20, 2010

നാട്ടുപച്ചയിലെ കവിത

നാട്ടുപച്ച ഓണ്‍ ലൈന്‍ മാസികയില്‍ വന്ന അപ്രകാശിതം എന്ന എന്റെ കവിത

മഷി  - കവിത
arrowsഅപ്രകാശിതം--മനോജ് മനയില്‍
 
കുത്തിക്കുത്തി-
യൊലുമ്പിക്കളയാ-
നലക്കുകല്ലില്ലാ....
അതിനാല്‍
വെളുവെളുപ്പില്‍
സമ്മാനിയ്ക്കാന്‍
പൊട്ടിച്ചിരിയില്ലാ....
രണ്ട്
മുനിഞ്ഞു കത്തി-
പ്പുകഞ്ഞു നില്‍ക്കാന്‍
പാട്ട വിളക്കില്ലാ.....
അതിനാല്‍
തലയ്ക്കു കോരി-
യൊഴിച്ചു കൊളുത്താന്‍
മണ്ണെണ്ണയുമില്ലാ....
മൂന്ന്
അടുപ്പു കല്ലും
തീയും പുകയും
അടുത്തടുത്തില്ലാ...
അതിനാല്‍
പുറത്തു പോകാന്‍
പുകഞ്ഞ കൊള്ളി-
യ്ക്കവസരമില്ലാ...
നാല്
കഴിഞ്ഞകാല-
ക്കടങ്ങള്‍ വീട്ടാന്‍
സമ്പാദ്യവുമില്ലാ...
അതിനാല്‍
കരഞ്ഞു കൈ കാല്‍
കുടഞ്ഞു തുള്ളാന്‍
നോവിന്‍ സുഖമില്ലാ...
അഞ്ച്
മറന്നു പോകാന്‍
പഠിച്ചതുമില്ലാ...


നേരിട്ട് വായിക്കേണ്ടവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:
http://www.nattupacha.com/content.php?id=799

Tuesday, September 7, 2010

ഓര്‍മ

ഓര്‍മയില്‍ പണ്ടു
പൂത്ത പൂക്കാലമേ
ഓമനിയ്ക്കട്ടെ
നിന്നെ, ഞാനെന്‍റെയീ
ശുഷ്ക ജീവിത
സായാഹ്ന യാത്രയില്‍
സ്വപ്നതുല്യവേഗമാര്‍-
ന്നാര്‍ദ്രമായ്, സ്വര്‍ഗ
സന്നിഭ നിസ്തുല
കാന്തിയായ്, വിണ്ടു-
കീറുന്ന സൗരയൂഥങ്ങള്‍ക്കു
വിണ്ണൊരുക്കുന്ന
ഉന്നിദ്ര നിദ്രയായ്!

പണ്ടു കാലത്ത്
പാതിരാ നേരത്ത്
പൂത്ത കൈതകള്‍
പൂതി പെരുപ്പിച്ച്....

തോട്ടു മാളങ്ങളില്‍
കുളക്കോഴികള്‍
പാട്ടു കച്ചേരി
കൂട്ടരോടൊന്നിച്ച്....

കള്ളു ഷാപ്പില്‍ നി-
ന്നെത്തുന്ന കോമരം
തുള്ളിയാടിക്കളി-
ക്കുന്നൊരു പേച്ച്...

പുഞ്ച കൊയ്തു
വിളര്‍ത്ത പാടങ്ങളില്‍
ചന്ദ്രികാസ്മിതം
കണ്ടു മോഹിച്ച്...

മോഹമെല്ലാം
മോഹാന്ധകാരമായ്
സ്നേഹമെല്ലാം
ശോകാന്തരംഗമായ്..

നിന്നെ വീണ്ടും
പുല്‍കട്ടെ, യോര്‍മയേ..
പിന്നെ ഞാനങ്ങു
വിസ്മരിച്ചീടിലോ.....?