കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Saturday, November 5, 2011

കാണാമറയത്ത് ശീര്‍ഷക ഗാനം

കാണാമറയത്ത് പരിപാടിയുടെ ശീര്‍ഷക ഗാനം
രചന: മനോജ് മനയില്‍
സംഗീതം: വിശ്വജിത്ത്
ആലാപനം: കെ.എസ്.ചിത്ര

Friday, November 4, 2011

കാക്കോത്തിക്കാവില്‍ നിന്നും കാണാമറയത്തേക്ക് ...

അന്നും ഇന്നും മലയാളികളുടെ ചുണ്ടില്‍ അറിയാതെ ഒഴുകിവരുന്ന ഒരു പാട്ടിന്‍റെ ഈരടികളുണ്ട്.
"കണ്ണാം തുമ്പീ പോരാമോ
എന്നോടിഷ്ടം കൂടാമോ
നിന്നെക്കൂടാതില്ലല്ലോ
ഇന്നെന്നുള്ളില്‍ പൂക്കാലം"
കമല്‍ സംവിധാനം ചെയ്ത 'കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ ' എന്ന സിനിമയിലെ ഒരിക്കലും മരിക്കാത്ത ഗാനം.
1998 ലാണ് കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍  മലയാളത്തില്‍ റിലീസ് ചെയ്തത്.
ഈ സിനിമ കൈകാര്യം ചെയ്ത വിഷയത്തിന്‍റെ ഗൗരവം ഒരുപക്ഷെ  അന്ന്  ശ്രദ്ധിക്കപ്പെട്ടില്ലായിരിക്കാം. ഒരു സിനിമാക്കഥ എന്ന നിലയില്‍ മാത്രമായിരിക്കാം അന്നതിനെ ഉള്‍ക്കൊണ്ടിരുന്നത്. വിഷയത്തിന്‍റെ സാര്‍വജനീനത പ്രകടമാക്കുന്ന തരത്തില്‍ മാധ്യമങ്ങളും
ആ സിനിമയെ സമീപിച്ചിട്ടുണ്ടോ എന്നത് സംശയമാണ്.
എന്നാല്‍ കാലം മാറി. വര്‍ഷം 2011 ല്‍ എത്തി നില്‍ക്കുമ്പോള്‍ നാം അഭിമുഖീകരിക്കുന്ന ഞെട്ടിക്കുന്ന ഒരു യാഥാര്‍ഥ്യമാണ് കുട്ടികളൂടെ തിരോധാനവും തട്ടിക്കൊണ്ടു പോകലും. കല എപ്പോഴും കടന്നു കാണുന്നു എന്ന പൊരുളിനെ അന്വര്‍ഥമാക്കുന്നതായിരുന്നു ഈ സിനിമ.
കേരളസമൂഹത്തില്‍ കുട്ടികളെ കാണാതാവുന്നത് ഇന്ന് സര്‍വസാധാരണമായിരിക്കുന്നു.
ഒരോ തിരോധാനവും ക്രൈം റിക്കോര്‍ഡ് ബ്യൂറോയിലെ സ്ഥിതി വിവരക്കണക്കില്‍ സ്ഥാനം പിടിക്കുന്നു എന്നല്ലാതെ അനന്തര നടപടികള്‍ ഒന്നുമുണ്ടാകുന്നില്ല എന്നതാണ് ഖേദകരമായ സത്യം.
കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമയില്‍ തട്ടിക്കൊണ്ടു പോകപ്പെട്ട പെണ്‍കുട്ടിയുടെ മുതിര്‍ന്ന കാലം അഭിനയിച്ച് മലയാളികളുടെ മനസ്സില്‍ നോവിന്‍റെ
മുറിപ്പാടുകള്‍ ഉണര്‍ത്തിയത് രേവതി എന്ന കഴിവുറ്റ കലാകാരിയായിരുന്നു. കാക്കോത്തി
എന്ന പേരില്‍ നമ്മുടെ മുന്നിലേക്കു ഒരായിരം ആശങ്കകള്‍ പകര്‍ന്നാണ് ആ കഥാപാത്രം നമ്മിലേക്കെത്തിയത്.
ഒരു പക്ഷെ കാലത്തിന്‍റെ യാദൃശ്ചികതയാവാം, കാണാതായ കുട്ടികളെ അന്വേഷിക്കുന്ന
ഒരു ടെലിവിഷന്‍ പരമ്പരയില്‍ അതിന്‍റെ അവതാരകയായി എത്തുന്നത് മലയാളികളുടെ
അതേ കാക്കോത്തിയാണ്.
അതെ. നാമെല്ലാം നെഞ്ചേറ്റിയ കാക്കോത്തി എന്ന രേവതി.


മലയാള ടെലിവിഷനില്‍ തികച്ചും പുതുമയാര്‍ന്ന കാഴ്ച സമ്മാനിക്കാന്‍ ഉദയം കൊണ്ട,
'കാണുക കണ്‍നിറയെ' എന്ന അടിക്കുറുപ്പുമായി നമ്മുടെ സ്വീകരണ മുറിയിലേക്കെത്തിയ
മഴവില്‍ മനോരമയിലാണ് രേവതി തന്‍റെ സാന്നിധ്യമറിയിക്കുന്നത്.
ടെലിവിഷനില്‍ സാമൂഹിക പ്രതിബദ്ധത ചോര്‍ന്നു പോകുന്നു എന്ന വിമര്‍ശനത്തിനുള്ള
മറുപടിയും കൂടിയാണ് രേവതി നയിക്കുന്ന 'കാണാമറയത്ത് ...' എന്ന ഈ പരിപാടി.
കേരള സമൂഹത്തിന്‍റെ സമകാലീന സാഹചര്യങ്ങള്‍ എത്രത്തോളം മലീമസമായിരിക്കുന്നു
എന്നു് കാണാമറയത്ത് എന്ന ഈ പരിപാടി നമ്മെ മനസ്സിലാക്കിത്തരുന്നുണ്ട്.
കുടുംബത്തിന്‍റെ കെട്ടുറപ്പ്, കുഞ്ഞുങ്ങളുടെ കരുതല്‍ , സാഹചര്യങ്ങളോടുള്ള സമീപനം
എന്നിവയില്‍ എത്രമാത്രം നാം ജാഗരൂകരാവണം എന്നതും മഴവില്‍ മനോരമയിലെ
ഈ പരിപാടി നമ്മെ ഉദ്ബോധിപ്പിക്കുന്നുണ്ട്.


മലയാളത്തില്‍ ആദ്യമായാണ് രേവതി ഒരു ടെലിവിഷന്‍ പരിപാടിയുടെ അവതാരക
എന്ന നിലയില്‍ പ്രത്യക്ഷപ്പെടുന്നത്. ചെന്നൈയിലെ ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍
വെച്ച് ഈ പരിപാടിയുടെ ആശയം പറയുമ്പോള്‍ രേവതിയുടെ മുഖത്ത് അത്ഭുതം.
എന്തുകൊണ്ട് ഈ വിഷയം എന്നവര്‍ ചോദിച്ചു.
താന്‍ ഒരിക്കലും മലായാള ടെലിവിഷനില്‍ ഒരു പരിപാടിയുമായി എത്തുകയില്ലെന്നു
തീരുമാനിച്ചിരുന്നതാണെന്നും എന്നാല്‍ കാണാതാകുന്ന കുട്ടികളെ കണ്ടെത്തുക
എന്ന ആശയമാണ് തന്നെ ആകര്‍ഷിച്ചതെന്നും രേവതി പറയുന്നു.
കാണാതെ പോകുന്ന കുഞ്ഞുങ്ങളെക്കുറിച്ച് നാം കേള്‍ക്കാതെ പോകുന്ന സത്യങ്ങളാണ്
കാണാമറയത്ത് എന്ന പരിപാടിയിലൂടെ പുറത്തു വരുന്നത്.
എന്തൊക്കെ കാരണങ്ങളാലാണ് കുട്ടികള്‍ നമ്മുടെ വീട് വിട്ട് പോയ് മറയുന്നത്?
അരാണ് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നത്?
ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയാണ് കാണാമറയത്തില്‍ .
നമ്മുടെ ചുറ്റുപാടും തിരോധാനം നടത്തിയ കുഞ്ഞുങ്ങളൂണ്ടെങ്കില്‍ , തട്ടിക്കൊണ്ടു പോകപ്പെട്ട
കുഞ്ഞുങ്ങളൂണ്ടെങ്കില്‍ അവരുടെ രക്ഷിതാക്കള്‍ക്ക് ഈ പരിപാടിയില്‍ വന്ന്
അത്തരം കുട്ടികളെ കണ്ടു പിടിക്കുന്നതിനുള്ള ശ്രമം നടത്താം.
നാമറിയുന്ന അത്തരം പരാതികള്‍ എന്നെയോ (98956 11786) , പ്രൊഡ്യൂസര്‍ , കാണാമറയത്ത്, മഴവില്‍ മനോരമ, അരൂര്‍ എന്നവിലാസത്തിലോ അയയ്ക്കാം.
ടെലിവിഷന്‍ എന്ന മാധ്യമത്തിലൂടെ നടത്തുന്ന ഈ ഉദ്യമത്തില്‍ സന്മനസ്സുകളായ
എല്ല സുഹൃത്തുക്കളുടേയും സഹകരണം  പ്രതീക്ഷിക്കുന്നു.

സ്നേഹപൂര്‍വം
മനോജ് മനയില്‍

Saturday, August 27, 2011

കുട്ടികള്‍ക്ക് (മുതിര്‍ന്നവര്‍ക്കും) രണ്ട് പുസ്തകങ്ങള്‍

കുട്ടികള്‍ക്ക് (മുതിര്‍ന്നവര്‍ക്കും) 
രണ്ട് പുസ്തകങ്ങള്‍
കഥ പറഞ്ഞ് തരുന്ന മുത്തശ്ശിമാര്‍ ഇന്നു നമ്മുടെ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം. അതെന്തേ മുത്തശ്ശിമാര്‍ ഇല്ലാത്തത് എന്നു സംശയം തോന്നാം. പ്രായമായ പുതിയ കാലത്തെ അമ്മമാര്‍ എന്തെ മുത്തശ്ശിമാരാവാത്തത്? മകനോ മകളോ കല്യാണം കഴിഞ്ഞ് അവര്‍ക്ക് മക്കളുണ്ടായാല്‍ ഒരു സ്ത്രീ, സാധാരണ നമ്മുടെ നാട്ടിലെ പതിവനുസരിച്ച് മുത്തശ്ശിമാരായി. അവര്‍ക്ക് പിന്നെ അധികം മോഹങ്ങളൊന്നുമില്ല. തന്റെ കൊച്ചു മക്കളെ ലാളിച്ച് അവര്‍ക്കു വേണ്ട കഥകള്‍ പറഞ്ഞു കൊടുത്ത് അങ്ങനെ കാലം കഴിക്കും. സാധാരണ മുത്തശ്ശിമാരുള്ള പഴയ കാലത്ത് കൊച്ചു മക്കള്‍ ഉറങ്ങണമെങ്കില്‍ മുത്തശ്ശിമാരുടെ കൂടെ കിടന്ന് കഥകള്‍ കേള്‍ക്കണം. 
മുത്തശ്ശി പറയും: 
"പണ്ടു പണ്ട് ഒരു രാജ്യത്ത് ഒരു രാജാവും രാജ്ഞിയുമുണ്ടായിരുന്നു." അപ്പോള്‍ കുഞ്ഞു ചോദിക്കും: 
"എന്നിട്ടോ?"
മുത്തശ്ശി:
"രാജാവിനും രാജ്ഞിക്കും നാലു മക്കളുണ്ടായിരുന്നു".
കുഞ്ഞ്:
"എന്നിട്ടോ?"
മുത്തശ്ശി:
"ആ നാലു കുഞ്ഞുങ്ങള്‍ക്കും രാജാവ് പേരിട്ടു"
കുഞ്ഞ്:
"എന്തു പേരാ മുത്തശ്ശീ അവര്‍ക്കിട്ടത്?"
മുത്തശ്ശി:
"ഒരു കുഞ്ഞിന്റെ പേര് ''
"രണ്ടാമത്തെ കുഞ്ഞിന്റെ പേരോ?"
കുഞ്ഞ് ആകാംക്ഷയോടെ ചോദിച്ചു.
അതു കേട്ട് മുത്തശ്ശി പറഞ്ഞു:
"രണ്ടാമത്തെ കുഞ്ഞിന്റെ പേര്, '"
"മൂന്നാമത്തെ കുഞ്ഞിന്റെ പേരോ?"
കുഞ്ഞ് വീണ്ടും ചോദിച്ചു
''
മുത്തശ്ശി പറഞ്ഞു.
ഇതു കേട്ടു കുഞ്ഞു പറഞ്ഞു:
"ഹേ, ഈ മുത്തശ്ശിക്കു ഒന്നുമറിയില്ല. ആരെങ്കിലും ഇങ്ങനെ പേരിടുമോ?"
പേരക്കുട്ടിയുടെ സംശയം കേട്ട് മുത്തശ്ശി പറഞ്ഞു:
"കുഞ്ഞേ, പഴയ കാലമല്ലേ, അങ്ങനേയും പേരിടാം"
മുത്തശ്ശിയുടെ മറുപടി കേട്ട് കുഞ്ഞിനു സംശയം മാറിയില്ല. എങ്കിലും അവന്‍ / അവള്‍ ചോദിച്ചു:
"രാജാവിനു നാല് മക്കളുണ്ടെന്നല്ലേ പറഞ്ഞത്. നാലാമത്തെ കുഞ്ഞിന്റെ പേരെന്താ?"
മുത്തശ്ശി പറഞ്ഞു:
"നാലാമത്തെ കുഞ്ഞിന്റെ പേരാണ് 'തി'"
ഇത്രയും പറഞ്ഞ് മുത്തശ്ശി ചോദിച്ചു:
" കുഞ്ഞ് ഈ നാലു മക്കളുടേയും പേരു ഒന്നിച്ചു പറയാമോ?"
കുഞ്ഞ് നാലു മക്കളുടേയും പേരോര്‍ത്ത് പറഞ്ഞു:
"ക ഥ മ തി"
മുത്തശ്ശി വിജയ ഭാവത്തില്‍ ചോദിച്ചു:
"എന്താ പറഞ്ഞത്?"
കുഞ്ഞു പറഞ്ഞു:
"കഥമതി"
അപ്പോള്‍ മുത്തശ്ശി പറഞ്ഞു:
"ആ അതാണ് പറഞ്ഞത് കഥമതി."
കുഞ്ഞിനു അബദ്ധം മനസ്സിലായി. അവന്‍ മുത്തശ്ശിയുടെ ഞാന്നു കിടക്കുന്ന കാതില്‍ പിടിച്ചു വലിച്ചു. എന്നിട്ട് പറഞ്ഞു:
"ഹും. വേല കയ്യിലിരിക്കട്ടെ. എന്നെ പറ്റിക്കാന്‍ നോക്കേണ്ട, വേഗം ഒരു കഥ പറഞ്ഞാട്ടെ."
കൊച്ചു മകനില്‍ നിന്നും രക്ഷയില്ലെന്നറിഞ്ഞ മുത്തശ്ശി കഥ പറയാന്‍ തുടങ്ങി:
"ഒരിടത്ത് ഒരിടത്ത് ഒരു കരിയിലയും മണ്ണങ്കട്ടയും ജീവിച്ചിരുന്നു... അവര്‍ വലിയ ചങ്ങാതിമാരായിരുന്നു...."
മുത്തശ്ശി പറയാന്‍ തുടങ്ങുമ്പോഴേക്കും കുഞ്ഞ് ഉറക്കം പിടിക്കും. ഒരു കഥ കേട്ട പാതി കേള്‍ക്കാത്ത പാതി അവന്‍ ഉറക്കത്തിലേക്കു വഴുതി വീഴും. 
അടുത്ത ദിവസവും ഈ പരിപാടി ആവര്‍ത്തിക്കും.

ഇതു പഴയ കാലത്തിന്റെ മിഴുവുറ്റ ചിത്രമാണ്. എന്തെ ഇന്നു മുത്തശ്ശിമാരില്ലാത്തത്? 
ആര്‍ക്കും മുത്തശ്ശിമാരായി എന്നു അംഗീകരിക്കാന്‍ വയ്യേ? അതോ പുതിയ കാലത്ത് ആരും മുത്തശ്ശിമാരാവുന്നില്ലേ? 
അതോ പുതിയ മുത്തശ്ശിമാര്‍ക്ക് കഥകള്‍ അറിയില്ലെന്നോ? അതോ പുതിയ കാലത്ത് കൊച്ചു മക്കള്‍ അരികത്തില്ലെന്നോ? അതോ കൊച്ചു മക്കള്‍ക്ക് ഓള്‍ഡ് ഫാഷനായ കഥകള്‍ കേള്‍ക്കേണ്ടന്നോ?

ചോദ്യങ്ങള്‍ക്കൊന്നും ശരിയായ ഉത്തരമില്ല. നഗരത്തിരക്കില്‍ ഹൗസിങ്ങ് കോളനികളിലും ഫ്ളാറ്റുകളിലും താമസിക്കുന്ന അണുകുടുംബങ്ങള്‍ക്ക് ഒന്നിനും സമയമില്ലെന്നോ?
ഒഴിവു സമയം ഔട്ടിങ്ങിലും ഷോപ്പിംങ് മാളിലും ചിലവഴിക്കാനെ പുതിയ തലമുറയ്ക്ക് കഴിയുന്നുള്ളൂവെന്നോ? ഉത്തരം സങ്കീര്‍ണമായതാണ്.

ഈ സാമൂഹിക പരിസരത്തിലാണ് നല്ല കഥകള്‍ വായിക്കുക എന്ന ഉദ്ദേശ്യത്തോടെ ഞാന്‍ കുട്ടികള്‍ക്ക് വേണ്ടി എഴുതിയത്. ആയിരക്കണക്കിനു കഥകള്‍ ഞാന്‍ ഇതിനകം എഴുതി. അതില്‍ രണ്ട് കഥാ സമാഹരങ്ങള്‍ ഇതിനകം ഇറങ്ങി. അവയെ ഞാന്‍ പരിചയപ്പെടുത്തട്ടെ.

ഒന്ന്
സന്ധ്യാദീപം ഗുണപാഠ കഥകള്‍


കൊച്ചി ആസ്ഥാനമായുള്ള ഒരു പ്രസിദ്ധീകരണ വിഭാഗമായ കുരുക്ഷേത്ര പ്രകാശന്‍ എന്ന പ്രസിദ്ധീകരണ കമ്പനിയാണ് സന്ധ്യാദീപം ഗുണപാഠകഥകള്‍ എന്ന എന്റെ പുസ്തകം പ്രകാശനം ചെയ്തത്.

പുസ്തകത്തിന്റെ പേരു കേള്‍ക്കുമ്പോള്‍ ഒരു കൗതുകം തോന്നാം. എന്തേ സന്ധ്യാദീപം കഥകള്‍ എന്നു? അതൊരു കഥയാണ്. ഞാന്‍ അമൃതാ ടെലിവിഷനില്‍ ജോലി ചെയ്യുമ്പോഴാണ് ഈ കഥകള്‍ എഴുതുന്നത്. ആയിടയ്ക്ക് ഞാന്‍ ആശയവും ആവിഷ്കാരവും നിര്‍വഹിച്ച സന്ധ്യാദീപം എന്ന പരിപാടി തുടങ്ങി. ആ  പരിപാടിയുടെ പ്രത്യേകതയായി ഈ കഥകള്‍ പറഞ്ഞു തുടങ്ങി. അതു ഒരു നല്ല മാറ്റമായിരുന്നു. ഒരു പരിപാടിയില്‍ കഥകള്‍ പറയുക! അന്നുവരെ ഇല്ലാത്ത ഒരു ആശയം. പരിപാടി കാണുന്നതിലേറെ ആളുകള്‍ ഈ കഥകള്‍ കേള്‍ക്കുവാന്‍ വൈകീട്ട് 6.30ന് അമൃതാ ടിവി ട്യൂണ്‍ ചെയ്യാന്‍ തുടങ്ങി. ആ പരിപാടി അവതരിപ്പിച്ച അവതാരക തന്റെ കൃത്യം ഭംഗിയായി നിരവഹിച്ചു എന്നു ഞാന്‍ പ്രത്യേകം പറയേണ്ടല്ലോ.

ഈ കഥകള്‍ ടിവിയില്‍ വന്നുകൊണ്ടിരുന്ന കാലം. ഒരു ദിവസം അമൃതയുടെ പ്രോഗ്രാം ജനറല്‍ മാനേജരായ ശ്രീ കെ.അനില്‍കുമാറിനു് - ശ്രീ അനില്‍കുമാറിനെ മലയാള സിനിമാ പ്രേക്ഷകര്‍ക്കു മറക്കാന്‍ കഴിയില്ല, ഒട്ടനവധി മേന്മയേറിയ മലായാള സിനിമകള്‍ സമ്മാനിച്ച കഴിവുറ്റ സംവിധായകന്‍ , ദൗത്യം എന്ന സിനിമയിലൂടെ മലയാളത്തില്‍ സിനിമാ മേക്കിംഗ് മറ്റൊരു വിധത്തില്‍ ആവാമെന്നു തെളിയിക്കുകയും പിന്നീട് ദൗത്യം അനില്‍ എന്നപേരില്‍ അറിയപ്പെട്ട നല്ല മനുഷ്യന്‍ , മലയാള സിനിമയിലെ കുശുമ്പിന്റേയും കുന്നായ്മയുടേയും പാരവെക്കലിന്റേയും ദുരകളില്‍ സംവിധാനമെന്ന 'അറിയുന്ന' പണി തല്‍കാലം നിര്‍ത്തിവെക്കേണ്ടി വന്ന സംവിധായകന്‍ - ഒരു അനുഭവം ഉണ്ടായി. തിരുവനന്തപുരത്തെ ഒരു പ്രശസ്തമായ സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടി തന്റെ വീട്ടില്‍ വന്ന് പിറ്റേന്ന് സ്കൂളില്‍ പറയാന്‍ അച്ഛനോട് ഒരു കഥ ആവശ്യപ്പെടുന്നു. അച്ഛന് കഥകളുമായി നല്ല ബന്ധമില്ലാതിരുന്നതിനാല്‍ അദ്ദേഹം തന്റെ കൂട്ടുകാരനോട് ഒരു കഥ പറയാന്‍ ആവശ്യപ്പെടുന്നു. അദ്ദേഹം ഒരു കഥ പറഞ്ഞു കൊടുക്കുന്നു. ഇതു കുട്ടി പഠിക്കുന്നു. പിറ്റേന്ന് ക്ലാസില്‍ കഥ പറയുന്നു. അന്നു വരെ കേട്ട് പരിചയമില്ലാത്ത, എന്നാല്‍ വ്യത്യസ്തമായ കഥ കേട്ട് ടീച്ചര്‍ കഥയുടെ ഉത്ഭവം തിരക്കുന്നു. തനിക്കു അച്ഛന്‍ പറഞ്ഞു തന്നതാണെന്നു കുട്ടി പറയുന്നു. ടീച്ചര്‍ കുട്ടിയുടെ അച്ഛനോട് തിരക്കുന്നു. തനിക്കു തന്റെ സുഹൃത്ത് പറഞ്ഞു തന്നതാണെന്നു അച്ഛന്‍ പറയുന്നു. ഉടന്‍ സുഹൃത്തിനെ വിളിച്ചു ചോദിക്കുന്നു. സുഹൃത്ത് പറയുന്നു തനിക്കീ കഥ അമൃതാ ടീവിയിലെ സന്ധ്യാദീപം എന്ന പരിപാടിയില്‍ നിന്നും കിട്ടിയതാണെന്നു്. ടീച്ചര്‍ തുടര്‍ന്നു അമൃതയുമായി ബന്ധപ്പെടുന്നു, ഈ കഥകളുടെ പുസ്തം ഇറങ്ങിയിട്ടുണ്ടോ എന്നു്. ഇല്ല എന്നു കേട്ടപ്പോള്‍ ടീച്ചര്‍ക്കു നിരാശ. 
അതിനു ശേഷമാണ് ഈ പുസ്തം ഇറങ്ങുന്നത്. 
മുപ്പത് കഥകളുടെ സമാഹാരമാണ് ' സന്ധ്യാദീപം ഗുണപാഠ കഥ '. 48 പേജുകള്‍ . കഥകള്‍ക്ക് മനോഹരമായ ചിത്രങ്ങള്‍ . ഒരോ കഥയ്ക്കൊപ്പവും അതിന്റെ ഗുണപാഠം ചേര്‍ത്തിരിക്കുന്നത് എളുപ്പത്തില്‍ കുട്ടികള്‍ക്ക് കഥയുടെ സാരം മനസ്സിലാവാന്‍ വേണ്ടിയാണ്. 25 രൂപയാണ് പുസ്തകത്തിന്റെ വില. പ്രമുഖ പുസ്തകശാലകളില്‍ പുസ്തകം ലഭിക്കും. കുരുക്ഷേത്ര പ്രകാശനിലേക്കു എഴുതിയാലും പുസ്തകം ലഭിക്കും. വിലാസം: കുരുക്ഷേത്ര പ്രകാശന്‍ , കലൂര്‍ ടവേഴ്സ് , കലൂര്‍ , കൊച്ചി - 682 017. ഫോണ്‍  : 0484 2338324. ഇ മെയില്‍ : kurukshethra1975@yahoo.com . വെബ് URL : www.kurukshethrabooks.org .  പുസ്തകം ആവശ്യമുള്ളവര്‍ക്കു ഈ വിലാസത്തില്‍ ഏതെങ്കിലുമൊന്നില്‍ ബന്ധപ്പെടാം. 
  
  **   **   **   **  **   **  **   **   **   **   **   **   **   **  **  **

ഒരു ദിവസം എന്റെ പ്രിയപ്പെട്ട സുഹൃത്ത് ശ്രീ എം.ആര്‍ . രാജേഷ് എന്നെ വിളിച്ചു പറഞ്ഞു:
" മനോജ് , കഥകളുടെ സമാഹാരമുണ്ടെങ്കില്‍ തരൂ... നമുക്കു പ്രസിദ്ധീകരിക്കാം. " 
ശ്രീ രാജേഷിനെ എനിക്കു നേരത്തെ പരിചയമുണ്ട്, ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ . പിന്നീട് രാജേഷ് മാതൃഭൂമി വാരികയില്‍ സബ് എഡിറ്ററായി. 
എന്നാല്‍ രാജേഷിന്റെ  പ്രത്യേകത അതൊന്നുമല്ല. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ സ്ഥാപകന്‍ . ആയിരക്കണക്കിനു ജ്ഞാനാന്വേഷികള്‍ക്ക് ആചാര്യന്‍ , ഭാരതീയ മൂല്യങ്ങളെ തെറ്റിദ്ധരിപ്പിക്കപ്പെടാതെ അവതരിപ്പിക്കുന്നയാള്‍ , അനേകം പുസ്തകങ്ങളുടെ കര്‍ത്താവ് എന്നിങ്ങനെ പ്രായത്തിനപ്പുറം പ്രതിഭയുടെ അനുഗ്രഹം കിട്ടിയ പുണ്യാത്മാവ്. 
കശ്യപവേദ റിസര്‍ച്ച് ഫൗണ്ടേഷന് ഒരു പ്രസിദ്ധീകരണ വിഭാഗമുണ്ട്. കെ.വി.ആര്‍ . എഫ്. പബ്ളിക്കേഷന്‍സ്. ഇതിനു വേണ്ടിയാണ് രാജേഷ് കഥകള്‍ ആവശ്യപ്പെട്ടത്. ആദ്യം ഞാനൊന്നു മടിച്ചു. അദ്ദേഹത്തിന്റെ സ്നേഹത്തിനു മുന്നില്‍ പിന്നീട് എനിക്കു മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. ഞാന്‍ 101 കഥകള്‍ അയച്ചു കൊടുത്തു.
കഥകള്‍ വായിച്ചപ്പോള്‍ രാജേഷ് മറ്റൊരു നിര്‍ദേശം മുന്നോട്ടു വെച്ചു. കശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഒരു മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. ഹിരണ്യ എന്നാണ് അതിന്റെ പേര്. അതില്‍ ഈ കഥകള്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാം. ഞാന്‍ സമ്മതിച്ചു. അങ്ങനെ ഹിരണ്യയില്‍ കഥകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. 
ഈ കഥകളില്‍ 11 കഥകള്‍ എടുത്ത് ഈശ്വരകൃപ എന്ന പേരില്‍ ആദ്യത്തെ പുസ്തകമാക്കാന്‍ തീരുമാനിച്ചു. 101 കഥകള്‍ ഒന്നിച്ചു ഇറക്കുന്നതിനേക്കാള്‍ 5 പുസ്തകങ്ങളേയി ഇറക്കാമെന്നു രാജേഷ് നിര്‍ദേശിച്ചു. എനിക്കും ആ നിര്‍ദേശം ഇഷ്ടമായി. അങ്ങനെ എന്റെ രണ്ടാമത്തെ പുസ്തകവും ഇറങ്ങി. 'ഈശ്വരകൃപ'. 


48 പേജുകളാണ് ഈ പുസ്തകത്തിലുള്ളത്. മനോഹരമായ ലേ ഔട്ടും ചിത്രങ്ങളും ഈ പുസ്തകത്തിന്റെ പ്രത്യേകതകളാണ്. കവര്‍ ആരേയും ആകര്‍ഷിക്കുന്ന വിധത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. 
രാജേഷിനും കെ വി ആര്‍ എഫിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും നന്ദി.
30 രൂപയാണ് പുസ്തകത്തിന്റെ വില. പുസ്തകം പ്രമുഖ ബുക് സ്റ്റാളുകളില്‍ നിന്നും തപാലിലും ലഭിക്കും. തപാലില്‍ ലഭിക്കേണ്ട വിലാസം: K.V.R.F PUBLICATION, KOZHIKODE. www.hinduveda.org

ഈ വിധം എന്റെ രണ്ട് പുസ്തകങ്ങള്‍ പുറത്തിറങ്ങി. കുട്ടികള്‍ക്കും അതിലേറെ മുതിര്‍ന്നവര്‍ക്കും. കഥ മറന്നു പോയ തലമുറയ്ക്ക്. കഥകള്‍ കേള്‍ക്കാന്‍ താല്‍പര്യമുള്ള തലമുറയ്ക്ക്. 

Thursday, August 11, 2011

പെണ്ണ്


കൊലുസ്സുകള്‍ക്കില്ലാ നാണം, നഖമുന-
കൊണ്ടു മണ്ണില്‍ വരയ്ക്കില്ല ചിത്രങ്ങള്‍
കൊതിയോടെ നോക്കുന്ന കണ്ണിലെ-
ക്കാമ കലയില്‍ കൊരുക്കില്ല ചാട്ടുളി

കുതികുതിച്ചും കിതച്ചും പറക്കുന്ന
ശകട സഞ്ചാര നേരം തിരക്കുകള്‍
പതിയിരുന്നു പരതുന്ന കൈയുകള്‍
ദുരിത നോവും കുടിച്ചു സഹിക്കുവാന്‍
പതിതയല്ലിവള്‍ - പതിവു തെറ്റിച്ചവള്‍

പ്രണയമെന്ന പുറമ്പോക്കിലേക്കൊരു
ശിഖരമായി ചായുന്ന നേരത്തു
പതിവു ശൈലിയില്‍ പാതിരാ നേരത്തു
പ്രണയ കേളിക്കു ലോഡ്ജിലൊളിക്കുവാന്‍
കുലടയല്ലിവള്‍ -  കൂത്തച്ചിയല്ലിവള്‍

പഴയ കാലത്തു ദേവഗൃഹങ്ങളില്‍
മല്ലികപ്പൂ ചൂടിയും മടിക്കുത്തില-
വസരം പോല്‍ മദനാര്‍ത്തി ചാര്‍ത്തിയും
ഛത്ര ചാമര കങ്കാണി മക്കള്‍ക്കു
പൂതി തീര്‍ക്കുന്ന രതി മരങ്ങളായ്
ചരിത നാരായ മുനയില്‍ത്തെളിഞ്ഞൊരു
ദേവദാസീ പ്രതിധ്വനിയല്ലിവള്‍

ഊഴമാര്‍ന്നു പകുത്തു ഭോഗിക്കുവാന്‍
വ്യാസ തൂലിക വ്യാസം വരച്ചൊരു
കൃഷ്ണയല്ലിവള്‍ - തൃഷ്ണയുമല്ലിവള്‍

ആദികാവ്യത്തിലുള്ള നൃപോത്തമന്‍ 
ധര്‍മവിഗ്രഹ രൂപനാം രാമന്റെ
സംശയത്തിന്റെ രോഗം ശമിക്കുവാന്‍ ,
പാതിവ്രത്യത്തിന്റെ മാറ്റുരച്ചീടുവാന്‍
അഗ്നി യാത്ര നടത്താന്‍ തുനിഞ്ഞൊരു
സീതയല്ലിവള്‍ - ദാസിയുമല്ലിവള്‍


ഘോരം ഘോരം സദാചാര വാക്കുകള്‍
മൈക്കു കെട്ടി പ്രസംഗിച്ചു പോകവേ
മുന്നിലുള്ളൊരു പെണ്ണിന്റെ ചന്തിയില്‍
നുള്ളിനോവിച്ചു സംതൃപ്തി പൂകുന്ന
അല്പജന്മ നികൃഷ്ട സത്വങ്ങളേ
നിങ്ങളെ പെറ്റു പോറ്റിയ പെണ്ണിനെ
അമ്മയെന്നു വിളിച്ചുള്ള പെണ്ണിനെ
അമ്മിഞ്ഞ തന്നു വളര്‍ത്തിയ പെണ്ണിനെ
കൊഞ്ഞനം കുത്താതെ നില്‍ക്കാന്‍ പഠിക്കുവിന്‍ .

Wednesday, August 3, 2011

ഒരു ഉച്ചയൂണിന്റെ ഓര്‍മ

2008 ല്‍ ആണന്നാണ് ഓര്‍മ. ഞാന്‍ അമൃതാ ടെലിവിഷനില്‍ ജോലി ചെയ്യുന്ന കാലം. അത്തവണത്തെ ശ്രീകൃഷ്ണജയന്തി അടുത്തു വരുന്നു. സന്ധ്യാദീപത്തില്‍ പ്രത്യേകതയുള്ള എന്തെങ്കിലും ചെയ്യണമെന്നു തീരുമാനിച്ചു. എന്തു ചെയ്യും? മനസ്സില്‍ ഒരുപാട് കാര്യ്ങ്ങള്‍ വന്നു പോയ്ക്കൊണ്ടിരുന്നു.ആലോചിക്കാന്‍ അധികം സമയവുമില്ല.
പെട്ടെന്നാണ് മനസ്സില്‍ ആ രൂപം ഓടിവന്നത്. മള്ളിയൂര്‍ തിരുമേനി. ഭാഗവതഹംസം. തിരുമേനിയെക്കവിഞ്ഞ് മറ്റൊരാള്‍ ഇത്തരം ഒരു കര്‍മത്തിനു വേറെയാരുള്ളു. പിന്നീട് മറ്റൊന്നും ആലോചിച്ചില്ല. നേരെ ക്യാമറാ ക്രൂവുമൊന്നിച്ചു കോട്ടയം ജില്ലയിലെ മള്ളിയൂരിലേക്കു പുറപ്പെട്ടു. 
പിറ്റേന്നു രാവിലെ മള്ളിയൂരിലെത്തി. തിരുമേനിയെക്കണ്ടു. പക്ഷെ അപ്പോഴേക്കും ഒരു ദീര്‍ഘസംഭാഷണത്തിനുള്ള സ്വസ്ഥത തിരുമേനിക്കുണ്ടായിരുന്നില്ല. എന്നാല്‍ തിരുമേനി എന്തിനും തയ്യാറായും നില്‍ക്കുന്നു. ഒടുവില്‍ ഞാന്‍ പറഞ്ഞു:
"തിരുമേനി ഒരു അനുഗ്രഹം പറഞ്ഞാല്‍ മതി".
തിരുമേനി പറഞ്ഞു തുടങ്ങി. ഇടയ്ക്കു നിര്‍ത്തി. കൃഷ്ണാവതാരത്തിന്റെ സമ്മോഹനം. ആശയം. ഭാഗവതാചാര്യ്ന്റെ കൃഷ്ണാവിഷ്കാരം. അമേയമായിരുന്നു ആ ആവിഷ്കാരം. ഇടയ്ക്കു തിരുമേനി കിതയ്ക്കുന്നുണ്ടായിരുന്നു. അവിരാമമായ കര്‍മകാണ്ഡം. പുണ്യപ്രാണന്‍ . പ്രാതസ്മരണീയന്‍ . ഭക്തനും ഭഗവാനും ഒന്നു ചേരുന്ന അത്ഭുതം. അതു ഒരാളില്‍ ദര്‍ശിക്കുവാന്‍ കഴിയുക! അഹോ! ആ മഹാത്മാവിനെ ദര്‍ശിക്കാന്‍ കഴിഞ്ഞതു തന്നെ മഹാഭാഗ്യം. 
സമയം ഏതാണ്ട് ഉച്ചയായി. തിരുമേനി പറഞ്ഞു. ഊണ് കഴിച്ചെ പോകാവൂ. പോയിട്ട് തിരക്കുണ്ടായിട്ടും ആ ആജ്ഞക്കു മുമ്പില്‍ ശിരസ്സു നമിക്കാനേ കഴിഞ്ഞൂള്ളൂ.
മള്ളിയൂര്‍ തിരുമേനിയുടെ അനുഗ്രഹവുമെടുത്തു തിരികെ വരുമ്പോള്‍ ഞാന്‍ എന്തൊക്കെയോ ഓര്‍ത്തു. ഒരു നിമിത്തം. ഇനി എപ്പോഴാണ്  മലയാളത്തിനു സാക്ഷാത്കാരം ലഭിച്ച ഇമ്മാതിരിയൊരു ഭഗവത്ഭക്തനെ ലഭിക്കുക. എത്ര കാലം അത്തരമൊരു അവതാരത്തിനു വേണ്ടി നാം കാത്തിരിക്കണം. 
ഈ കൊച്ചു കേരളത്തിന്റെ ഭൂമികയില്‍ ഭഗവത് ഭക്തി ഒന്നു മാത്രം കൈമുതലാക്കി ജീവിച്ച ഈ യശപ്പുരുഷനെ കാണാന്‍ കഴിയുന്നതു തന്നെ എത്ര ഭാഗ്യം. എത്ര പേര്‍ക്കു ആ ഭാഗ്യം ഉണ്ടായിട്ടുണ്ടാവും. അറിയില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ്. മള്ളിയൂര്‍ തിരുമേനിയെപ്പോലെയുള്ള ഭക്തര്‍ അടുത്ത കാലത്തൊന്നും മലയാളത്തില്‍ ഭൂജാതരാവില്ല.

മള്ളിയൂരിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇവിടെ ക്ലിക്കു ചെയ്യുക 
മള്ളിയൂരിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇവിടെ ക്ലിക്കു ചെയ്യുക
മള്ളിയൂരിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇവിടെ ക്ലിക്കു ചെയ്യുക


Tuesday, February 22, 2011

മരണം, പിന്നെയൊരു ജനനവും


                  










1.
ഒന്നും കണ്ടില്ലെന്നു നടിയ്ക്കാന്‍
ഒന്നും കേട്ടില്ലെന്നു വരുത്താന്‍
സ്വന്തം നാഡിഞരമ്പാല്‍ പതിയെ
ബ്ലേഡിന്‍ മൂര്‍ച്ചയറുത്തു നിശ്ശബ്ദം!

2.

പിന്നെ വിമൂകം സകലം;
-നേര്, വെറുപ്പ്, പകല്‍ , പലിശക്കടം,
നാട്ടുവഴിത്തണ,ലീറന്‍ വെയിലൊളി,
കൂട്ടുകിടപ്പ്, കിരാതപഥങ്ങള്‍ !

3.

ആത്മന്‍
നീ വഴി പോയത് തിരയുന്നുണ്ട്
സഹസ്രശരീരികളഹം തിരയുന്നവര്‍ !


4.

പുല്ലും പുഴുവും നായും നരിയും
നരനും നാരിയും, നാളിതു വരെയും
ലോകം കാണാതുഴറി നടക്കും
നേര്‍ത്ത നിലാവല പോലും
-അനുരാഗികളാണെല്ലാം
ആത്മന്‍ , നീ വഴി പോയത്
തിരയുന്നാരും!


5.

ഒന്നും കണ്ടില്ലെന്നു നടിയ്ക്കെ
ഒന്നും കേട്ടില്ലെന്നു വരുത്തെ
ജാഗ്രത് സ്വപ്ന സുഷുപ്തിയിലെങ്ങോ
വന്നു പിറന്നത് ഞാനോ നീയോ?