കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Monday, July 30, 2012

രാ മായണം

രാമന്നു കാനന യാത്ര പോയീടുവാന്‍
പാടുന്നു നാം സദാ രാമായണം
സീതയ്ക്കു രാമനെ കാത്തിരുന്നീടുവാന്‍
പാടുന്നു നാം മുദാ രാമായണം

രണ്ടു നഗരങ്ങള്‍ ലങ്ക,യയോദ്ധ്യയും
കണ്ടു നാം പാടുന്നു രാമായണം
രണ്ടു വിചാരങ്ങള്‍ - ധര്‍മ,മധര്‍മവു-
മുള്‍ക്കൊണ്ടു പാടുന്നു രാമായണം

രാ മായുവാന്‍ നമ്മള്‍ പിന്നെയും പിന്നെയും
രാമായണം തന്നെ പാടിടുന്നു
രാ മാഞ്ഞു വെട്ടം പരക്കുന്ന നേരത്തു
രാജീവനേത്രനു സദ് വന്ദനം

Friday, May 11, 2012

ഓര്‍മയ്ക്ക്


















ഞാനറിയുന്നൊരു മാമഴത്തുള്ളിതന്‍
നീള്‍മിഴിക്കോണിലെ സ്വപ്നമകലുന്നതും
ഞാനറിയുന്നൊരു തൂമഞ്ഞുതുള്ളിതന്‍
നേരിയ തണുപ്പിന്റെ സ്നേഹമകലുന്നതും!

ഓര്‍മതന്‍ നീല നിലാവല തുന്നിയ
ജാലകം വിട്ടു പിരിയുന്ന കാറ്റിനെ
അന്തിക്കു നാമജപം നെഞ്ചിലേറ്റിയ
നെയ്ത്തിരി വെട്ടം മറയുന്ന മാത്രയെ
ഞാനറിയുന്നു; കിനാവിന്റെ ഏകാന്ത-
ശാന്തിയും മോഷ്ടിച്ച ദുഷ്ട രാപ്പനികളെ!

ആരെയോ നെഞ്ചിലേറ്റിയൊരാതിര-
പ്പൂവും പിണങ്ങിക്കൊഴിഞ്ഞൊരു നാളിനെ
കണ്ണിനാല്‍ കാണുമ്പൊഴൊന്നും പറയാതെ
തേങ്ങിക്കരഞ്ഞൊരെന്‍ മൗനമോഹങ്ങളെ
ഞാനറിയുന്നു; ശിലായുഗ സഞ്ചാര-
വേഗങ്ങളില്‍ നിന്നുമെത്തിയൊരെന്നെയും!

Friday, May 4, 2012

ജ്ഞാനമാര്‍ഗം

    ഓര്‍മകളേറെ പ്രിയങ്കരം പിന്നെയും
    ഓമനിക്കാന്‍ കൊതിയോടെ നില്‍ക്കുന്നവ!
    ഓര്‍മയുണ്ടോ നിനക്കെന്‍ പ്രിയ പ്രേയസി
    ആര്‍ദ്രമാം നമ്മള്‍ തന്‍ സ്വപ്നസൗഗന്ധികം!
    ആശിച്ചു പോകയാണെന്മനം, ജീവനില്‍ -
    വാടാതെ നില്‍ക്കട്ടെയെന്നും പരസ്പരം
    നാം നേര്‍ത്ത താമര നൂലിനാല്‍ തുന്നിയ
    നീഹാരശീകര* മോഹമാം കഞ്ചുകം !!


    ഓര്‍മയുണ്ടാകുമോ, കണ്ണീരു പെയ്തൊരു
    സന്ധ്യയില്‍ നീയെന്‍ വിരല്‍ വന്നു തൊട്ടതും
    നോവിലാളുന്ന നിന്‍ ജീവനെപ്പൂര്‍ണമായ്
    സ്നേഹനിലാവു പോല്‍ ഞാന്‍ വാരിപ്പുണര്‍ന്നതും
    വാക്കിന്റെയങ്ങേയഗാധ ഗര്‍ത്തങ്ങളില്‍
    നോക്കി നാം നിന്നു പരസ്പരം ചേര്‍ച്ചപോല്‍ !


   നാമൊരേ നാളമായ് വെട്ടം പകര്‍ന്നതും
   നാമൊരേ പൂവായ് സുഗന്ധം പകര്‍ന്നതും
   നാമൊരേ സങ്കടം മെല്ലെ നുണഞ്ഞതും
   നാമൊരേയാഹ്ളാദ മഴയായ് പെയ്തതും
   നാമൊരേ ജീവന്റെയച്ചു തണ്ടില്‍ നിന്നു
   നാളെയിലേക്കുറ്റു നോക്കിച്ചിരിച്ചതും
   ഓര്‍മയുണ്ടാകുമോ സ്നേഹം പകുത്തൊരാ
   നാളിന്റെ ലോലമാം കാന്തസഞ്ചാരങ്ങള്‍ !


   ഓര്‍മകള്‍ക്കൊക്കെയും ക്ലാവു പിടിച്ചൊരാ
   കാലത്തിലൂടെ നാം വേര്‍പെട്ടെതെങ്കിലും
   ഓര്‍മകളല്ലാതെയെന്തുള്ളു ജീവനില്‍
   നേര്‍ത്ത ചിലൊമ്പൊച്ച കാതില്‍ പകരുവാന്‍ ?

   എങ്കിലും കാത്തിരിക്കുന്നു ഞാനെന്‍ കരള്‍ -
   ക്കൂടില്‍ മയങ്ങുവാന്‍ നീ വരും നാളുകള്‍
   മത്സഖീ നീയെന്ന വിദ്യയാര്‍ജിക്കുമ്പോഴേ
   ജ്ഞാനമാര്‍ഗത്തിലേക്കെത്തുള്ളു ജീവിതം!

Sunday, February 26, 2012

ഒരു നാടന്‍ പാട്ട്

താതിന്ത തകതിന്ത താതിന്ത തകതിന്ത താതിന്ത താതിന്ത തന്നാനോ
താതിന്ത തകതിന്ത താതിന്ത തകതിന്ത താതിന്ത താതിന്ത തന്നാനോ

ചെങ്ങന്നൂരില്ലത്ത് ചെട്ടിവരമ്പത്ത്
ചെത്തിപ്പറിച്ചൊരു ചേന നട്ടു
കൊച്ചീലു വേരിട്ട് കൊയിലാണ്ടി നാമ്പിട്ട്
പട്ടാമ്പി ചെന്നു തല നീട്ടി
ചേനത്തല വെട്ടി കൊട്ടേലിട്ടപ്പോ
കൂവിത്തെളിഞ്ഞൊരു കോഴിക്കുഞ്ഞ്
കോഴിക്കുഞ്ഞു കൂവി നേരം വെളുപ്പിച്ച്
സൂര്യ്നുദിച്ചപ്പോ കൊത്തച്ചക്ക
കൊത്തച്ചക്ക വെട്ടി കൂഞ്ഞു വലിച്ചപ്പോ
ചക്കക്കുരുവൊക്കെ കട്ടുറുമ്പ്
കട്ടുറുമ്പിന്‍ കാത് കുത്തിത്തുളച്ചപ്പോ
കായംകുളം കാള പെറ്റിണീച്ച്
കാളക്കു പേറ്റു മരുന്നു കൊടുത്തപ്പോ
കേശവന്‍ നായര്‍ക്കു കൊമ്പു വന്നു
അക്കൊമ്പിലിക്കൊമ്പിലൂഞ്ഞാലിട്ടിട്ട-
യക്കരെയിക്കരെയാടാന്‍ വാ
അക്കരെയിക്കരെ ആടാന്‍ വാ

Sunday, February 19, 2012

റാന്തല്‍


കണ്ണു കാണാത്ത
വെളിച്ചം
ഇരുട്ടിനോടു ചോദിച്ചു:
"സ്വപ്നങ്ങള്‍ക്കു മരിക്കാനും
വേദനകള്‍ക്കു ഉദകക്രിയ ചെയ്യാനും
സ്വയം ജീവിച്ചിരിക്കുന്നില്ല
എന്നു തെളിയിക്കാനും
എനിക്കൊരു
റാന്തല്‍ തരാമോ? -
മറവിയുടെ ഒരു റാന്തല്‍ !!

Friday, February 10, 2012

ആഴം

വേച്ചു പോകുന്ന കാഴ്ചയില്‍ , ഞാനെന്റെ
നേര്‍ത്ത സങ്കടക്കാത്തിരിപ്പിന്‍ നിഴല്‍
ഇറ്റു വീഴുന്ന കണ്ണുനീരുപ്പിനാല്‍
ചേര്‍ത്തു നിര്‍ത്തുന്നിതോര്‍മതന്‍ വാക്കുകള്‍
ദൂരെയേകാന്ത താരമായ് , മുന്നിലെന്‍
ജീവിതത്തിന്റെ പേടിക്കിനാവുകള്‍
മൃതി, വിഷാദം, വെറുപ്പിന്റെ മാത്രകള്‍ ,
ചിരി വരണ്ടു മയങ്ങുന്ന പകലുകള്‍
കനവ്, കള്ളം, നിറം മാഞ്ഞ പരിചയം
കവിത പാടിക്കുഴയുന്ന നേരുകള്‍
ഇനി നിനക്കെന്റെ ശിഥില മന്ദസ്മിതം
ഇനി നിനക്കെന്റെ വിഫല സംഘര്‍ഷണം
ഇനി നിനെക്കെന്റെ ശ്രുതി വിഭാതങ്ങളില്‍
കരളു വെന്ത മഴക്കാറിനംബരം
ഒറ്റുകാരന്റെ കണ്ണിലെക്കാമമായ്
ചത്തുപോകും പ്രതീക്ഷകള്‍ക്കപ്പുറം
മെല്ലെ വന്നെന്റെ നെഞ്ചിലെ സാക്ഷകള്‍
തൊട്ടറിയുന്നിതെന്നെന്റെ കാലമേ...
പട്ടുപോകാതിരിക്കട്ടെയത്രയും
കാത്തിരിപ്പിന്റെയേകാന്ത മൗനത്തി-
നാഴം തിരഞ്ഞു തിരഞ്ഞു പോകട്ടെ ഞാന്‍ !