ഞാനറിയുന്നൊരു മാമഴത്തുള്ളിതന്‍
നീള്‍മിഴിക്കോണിലെ സ്വപ്നമകലുന്നതും
ഞാനറിയുന്നൊരു തൂമഞ്ഞുതുള്ളിതന്‍
നേരിയ തണുപ്പിന്റെ സ്നേഹമകലുന്നതും!
ഓര്‍മതന്‍ നീല നിലാവല തുന്നിയ
ജാലകം വിട്ടു പിരിയുന്ന കാറ്റിനെ
അന്തിക്കു നാമജപം നെഞ്ചിലേറ്റിയ
നെയ്ത്തിരി വെട്ടം മറയുന്ന മാത്രയെ
ഞാനറിയുന്നു; കിനാവിന്റെ ഏകാന്ത-
ശാന്തിയും മോഷ്ടിച്ച ദുഷ്ട രാപ്പനികളെ!
ആരെയോ നെഞ്ചിലേറ്റിയൊരാതിര-
പ്പൂവും പിണങ്ങിക്കൊഴിഞ്ഞൊരു നാളിനെ
കണ്ണിനാല്‍ കാണുമ്പൊഴൊന്നും പറയാതെ
തേങ്ങിക്കരഞ്ഞൊരെന്‍ മൗനമോഹങ്ങളെ
ഞാനറിയുന്നു; ശിലായുഗ സഞ്ചാര-
വേഗങ്ങളില്‍ നിന്നുമെത്തിയൊരെന്നെയും!
ഓര്‍മകളേറെ പ്രിയങ്കരം പിന്നെയും
ഓമനിക്കാന്‍ കൊതിയോടെ നില്‍ക്കുന്നവ!
ഓര്‍മയുണ്ടോ നിനക്കെന്‍ പ്രിയ പ്രേയസി
ആര്‍ദ്രമാം നമ്മള്‍ തന്‍ സ്വപ്നസൗഗന്ധികം!
ആശിച്ചു പോകയാണെന്മനം, ജീവനില്‍ -
വാടാതെ നില്‍ക്കട്ടെയെന്നും പരസ്പരം
നാം നേര്‍ത്ത താമര നൂലിനാല്‍ തുന്നിയ
നീഹാരശീകര* മോഹമാം കഞ്ചുകം !!
ഓര്‍മയുണ്ടാകുമോ, കണ്ണീരു പെയ്തൊരു
സന്ധ്യയില്‍ നീയെന്‍ വിരല്‍ വന്നു തൊട്ടതും
നോവിലാളുന്ന നിന്‍ ജീവനെപ്പൂര്‍ണമായ്
സ്നേഹനിലാവു പോല്‍ ഞാന്‍ വാരിപ്പുണര്‍ന്നതും
വാക്കിന്റെയങ്ങേയഗാധ ഗര്‍ത്തങ്ങളില്‍
നോക്കി നാം നിന്നു പരസ്പരം ചേര്‍ച്ചപോല്‍ !
നാമൊരേ നാളമായ് വെട്ടം പകര്‍ന്നതും
നാമൊരേ പൂവായ് സുഗന്ധം പകര്‍ന്നതും
നാമൊരേ സങ്കടം മെല്ലെ നുണഞ്ഞതും
നാമൊരേയാഹ്ളാദ മഴയായ് പെയ്തതും
നാമൊരേ ജീവന്റെയച്ചു തണ്ടില്‍ നിന്നു
നാളെയിലേക്കുറ്റു നോക്കിച്ചിരിച്ചതും
ഓര്‍മയുണ്ടാകുമോ സ്നേഹം പകുത്തൊരാ
നാളിന്റെ ലോലമാം കാന്തസഞ്ചാരങ്ങള്‍ !
ഓര്‍മകള്‍ക്കൊക്കെയും ക്ലാവു പിടിച്ചൊരാ
കാലത്തിലൂടെ നാം വേര്‍പെട്ടെതെങ്കിലും
ഓര്‍മകളല്ലാതെയെന്തുള്ളു ജീവനില്‍
നേര്‍ത്ത ചിലൊമ്പൊച്ച കാതില്‍ പകരുവാന്‍ ?
എങ്കിലും കാത്തിരിക്കുന്നു ഞാനെന്‍ കരള്‍ -
ക്കൂടില്‍ മയങ്ങുവാന്‍ നീ വരും നാളുകള്‍
മത്സഖീ നീയെന്ന വിദ്യയാര്‍ജിക്കുമ്പോഴേ
ജ്ഞാനമാര്‍ഗത്തിലേക്കെത്തുള്ളു ജീവിതം!