കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!

കവിത കൊണ്ടളക്കട്ടെ; കാണുന്നതൊക്കെയും!!
മനയിലാന്‍ ----------------------------------------------------------------------------------------- വര: സനീഷ്, ഡിസൈന്‍ : സുനില്‍

Saturday, January 11, 2014

മരമായിരുന്നെങ്കില്‍

മരമായിരുന്നെങ്കില്‍ മുറ്റത്തെ മാവായ് വളര്‍ - 
ന്നിത്തിരി സ്നേഹത്തണല്‍ കമ്പളം വിരിച്ചേനെ 

ഉള്ളിലാഴത്തില്‍ പ്രേമഗീതികളുണര്‍ത്തുവാന്‍ 
പഞ്ചമം പാടും കുയില്‍പ്പെണ്ണിനെ വിളിച്ചേനെ 

അമ്മിണിക്കുഞ്ഞാവയ്ക്കും കളിമ്പം തേടുന്നോര്‍ക്കും 
ആടുവാനൂഞ്ഞാല്‍ കെട്ടാന്‍ കൊമ്പുകൾ കുനിച്ചേനെ

ഏറെ ദൂരങ്ങള്‍ താണ്ടിപ്പറന്നെത്തിടും ക്ഷീണം-
തീര്‍ക്കുവാന്‍ കിളികള്‍ക്കു കൈത്തലം കൊരുത്തേനെ

മഞ്ഞു തുള്ളിതന്‍ വേര്‍പ്പില്‍ മകരം വിരിയിക്കും
കുഞ്ഞു പൂങ്കുലകളാല്‍ മരന്ദം ചൊരിഞ്ഞേനെ

വേനലിന്‍ നെഞ്ചില്‍ പടര്‍ന്നൊഴുകും മഴയ്ക്കൊപ്പം
വേണുവൂതുവാനിലച്ചാര്‍ത്തുകള്‍ കൊതിച്ചേനെ

ചെറുകാറ്റലയ്ക്കുമ്പോളോടി വന്നെടുക്കുവാന്‍
മൃദുശാഖകളുണ്ണി മാങ്ങകള്‍ പൊഴിച്ചേനെ

'അമ്മ തന്‍ കൈപ്പുണ്യത്തിന്നെന്തു സ്വാദെ'ന്നോതുവാന്‍
മാമ്പഴപ്പുളിശ്ശേരിയ്ക്കുണ്മയായ് നിറഞ്ഞേനെ

അന്നവും ജലവും തന്നൂട്ടിയ കാരുണ്യത്തിന്‍
നെഞ്ചിലേക്കിടിമിന്നല്‍ നീളുമ്പോൾ തടഞ്ഞേനെ

നിദ്ര കൈവിടുന്നൊരു ഗ്രീഷ്മരാവുകള്‍ തോറും
ദലമര്‍മരങ്ങളാല്‍ താരാട്ടു പാട്ടായേനെ

തെക്കിനിക്കോലായിലെപ്പായയില്‍ നിന്നും തേങ്ങല്‍
തെക്കോട്ടേക്കെടുക്കുമ്പോൾ ചിതയായ് പടര്‍ന്നേനെ

മരമായിരുന്നെങ്കില്‍ മാവിനെപ്പോലെന്നോണം
മരണം പുല്‍കിപ്പരസ്സായുജ്യം പകര്‍ന്നേനെ

എങ്കിലോ മനുഷ്യന്‍റെ സങ്കടം തീണ്ടിപ്പെരും -
മായയില്‍ രമിയ്ക്കവേ മാറുമോ പ്രാരബ്ധങ്ങള്‍ ?

No comments: