തൃശൂര്‍ അമൃതാനന്ദമയി മഠം ബ്രഹ്മസ്ഥാനോല്‍സവം 2016 ന്‍റെ ഭാഗമായി പുറത്തിറക്കിയ 'അമൃതരാഗം-2016' സോവനീറില്‍ ഞാന്‍ എഴുതിയ ലേഖനം.
ഇരുട്ടിന്റെ ഗര്‍വം നിലയ്ക്കാന്‍ ഒരു വിളക്കിന്റെ പ്രകാശം ചൊരിഞ്ഞു തുടങ്ങിയാല്‍ മതി. ഒരു കുഞ്ഞിന്റെ കരച്ചില്‍ നില്‍ക്കാന്‍ അമ്മയുടെ സമീപമെത്തിയാല്‍ മതി. അനുഭൂതിയെ അറിയണമെങ്കില്‍ പൂര്‍ണതയുടെ സവിധമണയുക തന്നെ വേണം. കാലങ്ങളായുള്ള കാത്തിരിപ്പിന്റെ അന്ത്യത്തിലാണ് ശിലപോലും അനുഭൂതിയെ സാക്ഷാത്കരിക്കുന്നത്! ആര്‍ഷഭൂമിയുടെ ആത്മസത്തയെ വെളിവാക്കാന്‍ കാലാകാലങ്ങളായി അവതാരം കൊള്ളുന്ന ഗുരുപരമ്പരയാണ് നമ്മെ അനുഭൂതിതലത്തിലേക്ക് ആനയിക്കുന്നത്. അവിടെ പണ്ഡിതപാമര ജന്തുജാല ഭേദഭാവങ്ങളില്ല തന്നെ. ഭാരതത്തിന്റെ ഈ സാര്‍വജനീനസങ്കല്‍പ്പത്തിനെ സാക്ഷാല്‍ക്കാരിക്കാനാകണം അമ്മയുടെ യാത്രകളോരോന്നും. ഒന്നുകൂടി വ്യക്തമാക്കിപ്പറഞ്ഞാല്‍ ലോകത്തിന്റെ വ്യത്യസ്ത കോണുകളില്‍ നിന്നുയരുന്ന ആത്മാവിന്റെ നിലവിളികളെ നെഞ്ചേറ്റുവാനാണ് അമ്മയുടെ പാദസ്പര്‍ശം ഏതൊരു മണ്ണിലും പതിയുന്നത്.
അമ്മയോടൊപ്പം സഞ്ചരിക്കുക എന്നത് ഒരു പൂര്‍വപുണ്യം. ആ അനുഭവത്തിന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കുക എന്നത് അതിലേറെ അനുഭൂതി. ഓര്‍മകള്‍ പത്ത് വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് പിന്‍നടത്തത്തിലാണ്.
2006.
അക്കൊല്ലത്തെ അമ്മയുടെ ഭാരതയാത്രയില്‍ പങ്കെടുക്കാനുള്ള സൗഭാഗ്യം എനിക്കുമുണ്ടായി. വെറും യാത്രയല്ല. യാത്രയെക്കുറിച്ച് അമൃത ടിവിയില്‍ ഒരു പ്രോഗ്രാം നിര്‍മിക്കുക എന്നതായിരുന്നു എന്നിലുള്ള കര്‍ത്തവ്യം. പിന്നീട് അമൃതയില്‍ സംപ്രേഷണം ചെയ്ത അമ്മയോടൊപ്പം' എന്ന പരിപാടിയുടെ പിറവിയിലേക്കുള്ള യാത്രയായിരുന്നു ഇത്. ഈ സഞ്ചാരത്തിനിടയില്‍ വ്യതിരിക്തങ്ങളായ നിരവധി അനുഭവങ്ങളിലൂടെയും അനുഭൂതികളിലൂടെയുമായിരുന്നു അമ്മയോടൊപ്പം സഞ്ചരിച്ചു കൊണ്ടിരുന്നത്. ഈ യാത്രകളില്‍ നിന്നുള്ള ചില നിലവിളികള്‍, അത് ആത്മാവിന്റേതായിരുന്നെന്ന് ഇന്ന് തിരിച്ചറിയുന്നു.
|
സോവനീറിന്‍റെ ഒന്നാം പേജ് |
ഒന്നാം നിലവിളി
നാഗമ്മയുടെ അശ്രുപൂജ
2006 ഫെബ്രുവരി 8
ബാംഗ്ലൂര്‍
നാഗമ്മയെ എല്ലാവര്‍ക്കുമറിയാം. കാരണം, ഓരോ തവണ അമ്മ ബാംഗ്ലൂര്‍ ബ്രഹ്മസ്ഥാന മഹോത്സവത്തിനെത്തുമ്പോഴും നാഗമ്മ ആദ്യാവസാനക്കാരിയായി അവിടെയുണ്ടാകും. അമ്മയെ കണ്ടെത്തിയ കുഞ്ഞിനെപ്പോലെ നാഗമ്മ ആഹ്ലാദിച്ചു. അമ്മയെക്കാണാനെത്തുന്നവരോടു കുശലങ്ങള്‍ ചോദിച്ചറിഞ്ഞു. എങ്ങനെയാണ് നാഗമ്മ അമ്മയെ കണ്ടെത്തിയത്? ജീവിതത്തില്‍ സംഭവിച്ച വലിയൊരു ആകസ്മികതയാണ് നാഗമ്മയെ അമ്മയുടെ സവിധത്തിലെത്തിച്ചത്.
അന്നും പതിവുപോലെ ജോലി കഴിഞ്ഞുവരുന്ന ഭര്‍ത്താവിനെക്കാത്ത് നാഗമ്മയിരുന്നു. ഭര്‍ത്താവ് വരുന്നതും കാത്തിരിക്കുമ്പോള്‍, നാഗമ്മയ്ക്ക് പഴയ തന്റെ കുട്ടിക്കാലം ഓര്‍ത്തെടുക്കുക ഒരു വിനോദമാണ്. അന്നും തന്റെ പിഞ്ഞിപ്പോയ പാവാടത്തുമ്പു പിടിച്ച് ചാണകവറളികള്‍ കൂട്ടിവെക്കുന്ന ബാല്യത്തിന്റെ ഗ്രാമവീഥിയിലൂടെ നാഗമ്മ സഞ്ചരിച്ചുകൊണ്ടിരുന്നു. ഏറെക്കഴിഞ്ഞിട്ടും ഭര്‍ത്താവ് തിരിച്ചെത്താതിരുന്നപ്പോള്‍ മനസ്സില്‍ നിറയെ ആധിയായി. ഒടുവില്‍ നാഗമ്മ ഒരു വാര്‍ത്തയറിഞ്ഞു. ജോലികഴിഞ്ഞ് വരുന്നതിനിടയില്‍ ഭര്‍ത്താവ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിച്ചപ്പിക്കുകയും ചെയ്തു.
ഒരാര്‍ത്തനാദംപോലെ നാഗമ്മ ആശുപത്രിയിലെത്തി. പരിക്കുകളുടെ സങ്കീര്‍ണത കാരണം അയാളുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ നേരിയ പ്രതീക്ഷപോലും വെച്ചുപുലര്‍ത്തിയോ എന്നു സംശയമായിരുന്നു. നാഗമ്മ അറിയാവുന്ന ദൈവങ്ങളെയൊക്കെ വിളിച്ചിരിക്കണം. ജീവിതത്തിന്റെ സകലപ്രതീക്ഷകളും നഷ്ടപ്പെട്ടു പോകുന്നതുപോലെ നാഗമ്മയ്ക്ക് തോന്നി. എന്താണു ചെയ്യേണ്ടതെന്നു ഒരു പിടിയും കിട്ടുന്നില്ല. പെട്ടെന്നാണു പലരും പറഞ്ഞുകേട്ടിട്ടുള്ള അമ്മയുടെ രൂപം നാഗമ്മയുടെ ഉള്ളില്‍ പ്രത്യക്ഷപ്പെട്ടത്. പരിചയക്കാര്‍ പലരും അമ്മയെക്കാണാനും ദര്‍ശനത്തിനും പോയിരുന്നെങ്കിലും നാഗമ്മ പോയിരുന്നില്ല.
പിന്നീട് മറ്റൊന്നും നാഗമ്മ ആലോചിച്ചില്ല. തന്റെ പരിചയക്കാരില്‍ നിന്നും അമ്മയുടെ ഒരു പടം സംഘടിപ്പിച്ചു. അതിനു മുന്നില്‍ വിളക്കുകൊളുത്തി പ്രാര്‍ഥിക്കാന്‍ തുടങ്ങി. ഹൃദയംനൊന്തുള്ള പ്രാര്‍ഥന ദിവസങ്ങള്‍ നീണ്ടുപോയി. ഒടുവില്‍ ആ പ്രാര്‍ഥന ഫലം കണ്ടു. അല്‍പ്പദിവസം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞറിഞ്ഞു, ഭര്‍ത്താവിനെ ജീവിതത്തിലേക്കു തിരികെക്കൊണ്ടു വരാന്‍ പറ്റും എന്ന്! ഡോക്ടര്‍മാരുടെ ഈ വാക്കുകള്‍ കേട്ടപ്പോള്‍ നാഗമ്മയ്ക്ക് അമ്മയുടെ സമീപത്തുവന്നു പൊട്ടിക്കരയണമെന്നു തോന്നി. ആയിടയ്ക്കാണ് അമ്മ ബാംഗ്ലൂരില്‍ വരുന്ന വിവരം നാഗമ്മ അറിഞ്ഞത്. നാഗമ്മ അമ്മയുടെ വരവിനായി കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നു. ഒടുവില്‍ ആ ദിനം വന്നെത്തി. അമ്മയുടെ ദര്‍ശനത്തിനായി ക്യൂ നില്‍ക്കുമ്പോള്‍ നാഗമ്മയുടെ ഹൃദയം പടപടാ മിടിച്ചുകൊണ്ടിരുന്നു. പ്രഥമ സമാഗമം തന്നിലേല്‍പ്പിച്ച സമ്മര്‍ദം ഓര്‍ക്കുമ്പോള്‍ നാഗമ്മ കണ്ണുതുടച്ചു കൊണ്ടു പറയും:
'ഭര്‍ത്താവിനെ ജീവനോടെ തന്ന അമ്മയോടു എന്താണു പറയേണ്ടതെന്നു ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല. ആകെ ഒരു വല്ലാത്ത അവസ്ഥ. അമ്മയുടെ സന്നിധിയിലെത്തിയതും എന്റെ സകല നിയന്ത്രണങ്ങളും വിട്ടുപോയി. പൊട്ടിക്കരഞ്ഞു.'
അമ്മയുടെ ആലിംഗനത്തിലമര്‍ന്ന് നാഗമ്മ വീണ്ടും തന്റെ കുട്ടിക്കാലത്തേക്കു പോയി. ഗ്രാമത്തിലെ പരന്ന വയലുകള്‍. ചാണക വറളികള്‍ പെറുക്കിക്കൂട്ടുന്ന വിരലുകള്‍. ദൂരെ മലകളെ ആലിംഗനം ചെയ്തുപോകുന്ന മേഘക്കൂട്ടങ്ങള്‍. പേരറിയാത്ത ഒരു നിര്‍വൃതിയില്‍ നാഗമ്മ അലിഞ്ഞില്ലാതായി.
അമ്മ പറഞ്ഞതെന്താണെന്നൊന്നും നാഗമ്മയ്ക്ക് മനസ്സിലായില്ല. എങ്കിലും... എങ്കിലും ആത്മാവിന്റെ ഏതോ ഒരു കോണില്‍ അടങ്ങാത്ത ഒരു നിലവിളിയായി നാഗമ്മ അമ്മയെ പിന്തുടരുന്നു. അമ്മയുടെ വാക്കുകള്‍, അവ മനസ്സിലായില്ലെങ്കിലും നാഗമ്മയുടെ സകലദുഃഖങ്ങളും മറഞ്ഞുപോകുന്നു. അതിലപ്പുറം നാഗമ്മയ്ക്ക് മറ്റൊന്നും വേണ്ട.
ഓരോ തവണ കാണുമ്പോഴും നാഗമ്മ കണ്ണീരാല്‍ അമ്മയ്ക്ക് പാദപൂജ നടത്തുന്നു. അതിലപ്പുറം അവര്‍ക്ക് മറ്റൊരു കാര്യവും അറിയുകയും വേണ്ട.
|
ലേഖനത്തിന്‍റെ രണ്ടാം പേജ് |
രണ്ടാം നിലവിളി
മോക്ഷത്തിലേക്കൊരു കണ്ടുമുട്ടല്‍
2006 ഫെബ്രുവരി 14
ദരേശ്വര്‍ ബീച്ചിനു സമീപം, കര്‍ണാടക
കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന മംഗലാപുരത്തെ ദര്‍ശനം സമാപിച്ചു. അടുത്ത സ്ഥലം കര്‍ണാടകയിലെ തന്നെ കാര്‍വാര്‍ എന്ന സ്ഥലമാണ്. അവിടേയ്ക്കുള്ള യാത്രയിലാണ് സംഘാംഗങ്ങള്‍ മുഴുവനും. മനോഹരമായ പ്രകൃതി ദൃശ്യങ്ങളിലൂടെയുള്ള സഞ്ചാരമാണിത്. യാത്രയ്ക്കിടയില്‍ ദരേശ്വര്‍ എന്ന സ്ഥലത്തെത്തി. ഉത്തരകന്നടയിലെ പ്രസിദ്ധമായ ഗോകര്‍ണം ശിവക്ഷേത്രത്തില്‍ നിന്നും ഏതാണ്ട് മുപ്പതു കിലോമീറ്റര്‍ അകലത്തിലായിരുന്നു ദരേശ്വര്‍ സ്ഥിതി ചെയ്തിരുന്നത്. ഗോകര്‍ണം ശിവക്ഷേത്രവുമായി ദരേശ്വര്‍ ഐതിഹ്യപരമായി ബന്ധപ്പെട്ടു കിടക്കുന്നു. ദരേശ്വറിലും പ്രസിദ്ധമായൊരു ശവക്ഷേത്രം സ്ഥിതിചെയ്യുന്നു. ദരേശ്വറിലെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ കടലോര പ്രദേശമാണ്. ദരേശ്വര്‍ ബീച്ച് മനോഹരമായ കാഴ്ചകളിലൊന്നാണ്. സമയം ഏതാണ്ട് വൈകുന്നേരത്തോടടുക്കുന്നു. പോകുന്ന വഴിക്ക് ദരേശ്വര്‍ ബീച്ചിലേക്കുള്ള വഴി കണ്ടുപിടിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ സംഘാംഗങ്ങള്‍ക്ക് ഉല്‍സാഹമായി. യാത്രയിലുടനീളം ഇടയ്ക്കുള്ള ഇത്തരം വേളകള്‍ പറഞ്ഞറിയിക്കാനാവാത്ത ആനന്ദമാണ് പകരുന്നത്. ദരേശ്വര്‍ ബീച്ചിലേക്കുള്ള വഴി കണ്ടുപിടിക്കുന്നതിനായി അമ്മയുടെ വാഹനം നിര്‍ത്തിയപ്പോള്‍ എവിടെ നിന്നോ ഒരു തെരുവു നായ ചിരപരിചിതനെപ്പോലെ വാലാട്ടിക്കൊണ്ട് അമ്മയുടെ വാഹനത്തിനകത്തേക്ക് നോക്കിക്കൊണ്ടിരുന്നു.
തന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്ന ആ നായയുടെ ഭാവംകണ്ട് അമ്മ പറഞ്ഞു:
'നോക്കൂ, പാവം! അതിനു വിശക്കുന്നുണ്ടാവും...'
അമ്മയുടെ വാക്കുകേട്ട് എല്ലാവരുടേയും ശ്രദ്ധ നായയിലേക്കായി. അപ്പോഴും അത് യാതൊരു പേടിയും അന്യഥാത്വവുമില്ലാതെ വാലാട്ടിക്കൊണ്ടിരുന്നു.
തുടര്‍ന്ന് അമ്മ പറഞ്ഞു:
'...എന്തെങ്കിലും ഭക്ഷണം അതിനു കൊടുക്കൂ.'
ഉടന്‍ തന്നെ സ്വാമിജി (അമൃതസ്വരൂപാനന്ദപുരി സ്വാമികള്‍) കുറച്ച് മധുരപലഹാരങ്ങള്‍ എടുത്ത് ഒരു പ്ലേറ്റില്‍ വെച്ചു. ആ പ്ലേറ്റ് തന്റെ കൈകൊണ്ട് വാങ്ങി അമ്മ അത് മന്ത്രപൂരിതമാക്കി സ്വാമിജിക്ക് നല്‍കി. ആ പ്ലേറ്റില്‍ നിന്നും ആഹാരം നിലത്തിട്ടുകൊടുക്കാന്‍ തുനിഞ്ഞ സ്വാമിജിയോടു അമ്മ പറഞ്ഞു:
'വേണ്ട, വേണ്ട. ആ പാത്രത്തില്‍ നിന്നുതന്നെ അത് കഴിക്കട്ടെ.'
്അമ്മയുടെ നിര്‍ദേശമനുസരിച്ച് സ്വാമിജി പ്ലേറ്റോടെ നായയുടെ മുന്നില്‍ പിടിച്ചു. ആര്‍ത്തിയോടെ അത് നക്കിക്കഴിക്കാന്‍ തുടങ്ങി.
പാത്രം മുഴുവന്‍ നക്കിത്തുടച്ചതിനു ശേഷം അത് വീണ്ടും അമ്മയുടെ കണ്ണിലേക്കു നോക്കി. അതുകണ്ട് അമ്മ പറഞ്ഞു:
'പാവം! അതിനു മതിയായില്ലെന്നു തോന്നുന്നു. ഇനിയെന്താണ് നമ്മുടെ കൈയിലുള്ളത്?'
അമ്മയുടെ വാക്കുകേട്ട് സ്വാമിജി പറഞ്ഞു:
'അപ്പുറത്തെ വണ്ടിയില്‍ പായസമിരിക്കുന്നുണ്ട്.'
ഉടന്‍തന്നെ പായസം കൊണ്ടുവരാന്‍ അമ്മ പറഞ്ഞു. ക്ഷണനേരം കൊണ്ട് പായസം വന്നെത്തി. അമ്മ തന്നെ പായസം പ്ലേറ്റില്‍ പകര്‍ന്ന് സ്വാമിജിയെ ഏല്‍പ്പിച്ചു. ആ പായസവും നായ ആര്‍ത്തിയോടെ നക്കിക്കഴിച്ചു. ഒടുവില്‍ ആ പാത്രത്തില്‍ ഉണ്ടായിരുന്ന പായസം മുഴുവനും നായയെ കഴിപ്പിച്ചപ്പോഴാണ് അമ്മയ്ക്കു തൃപ്തിയായത്.
|
ലേഖനത്തിന്‍റെ മൂന്നാം പേജ് |
ഏതൊരു കാലത്തിന്റെ ജന്മപ്രയാണത്തിലൂടെയാണ് ആ നായ അമ്മയെ കണ്ടെത്തിയിട്ടുണ്ടാവുക?
കര്‍മത്തിന്റെ ഗതാനുഗതികക്രമമനുസരിച്ച് പ്രാണന്‍ പല പല ശരീരങ്ങളെ സ്വീകരിച്ചുകൊണ്ടുള്ള നാടകമാണ് പ്രപഞ്ച ജീവിതമെന്ന തിരിച്ചറിവില്‍ ഏതൊരു മുജ്ജന്മപാപ ശാപപരിഹാരാര്‍ത്ഥമായിരിക്കാം ഈ സമാഗമം? ശ്രീരാമചന്ദ്രന്‍ ശിലയില്‍ പാദപത്മങ്ങള്‍ പതിപ്പിച്ചപ്പോള്‍ ഉണര്‍ന്നത് ഏതൊരു പ്രകൃതിയാണ്!ശ്രീകൃഷ്ണന്‍ ഉരല്‍ വലിച്ചപ്പോള്‍ വിടുതല്‍ നേടിയത് ഏതൊരു ശാപവാക്കാണ്!
ആത്മാവിന്റെ നിലവിളിയിലൂടെ മോക്ഷത്തിലേക്കൊരു കണ്ടുമുട്ടല്‍ എന്നല്ലാതെ ചമല്‍ക്കാരങ്ങളില്ലാതെ മറ്റെന്താണ് പറയുക?
മൂന്നാം നിലവിളി
പെയ്‌തൊഴിഞ്ഞ മേഘം
2006 ഫെബ്രുവരി 14
ദരേശ്വര്‍ ബീച്ച്, കര്‍ണാടക
അമ്മയും സംഘവും ദരേശ്വര്‍ ബീച്ചിലേക്ക് നീങ്ങി.
സന്ധ്യ, അതിന്റെ കുങ്കുച്ചെപ്പു തുറന്നു അമ്മയെ സ്വീകരിച്ചു.
കടല്‍ത്തിരകള്‍ തങ്ങളുടെ താളലയങ്ങളാല്‍ അമ്മയ്ക്ക് പരവതാനി വിരിച്ചു.
അപ്പോഴേയ്ക്കും പ്രദേശവാസികള്‍ അമ്മയെ തിരിച്ചറിഞ്ഞു. അവര്‍ ഒന്നൊന്നായി കടപ്പുറത്തേക്ക് ഓടിയടുത്തു കൊണ്ടിരുന്നു. അമ്മയുടെ ദര്‍ശനത്തിനു വേണ്ടി അവര്‍ തിരക്കുകൂട്ടി.
അമ്മയ്ക്കിരിക്കാന്‍ അവരൊരു കസേര കൊണ്ടുവന്നു. കുറച്ചധികം കുട്ടികള്‍ അമ്മയെത്തന്നെ സാകൂതം നോക്കിനിന്നു. അമ്മ അവരെ അടുത്തേക്ക് മാടിവിളിച്ചു.
അമ്മയുടെ സമീപമെത്തിയ ഒരു പെണ്‍കുട്ടി സങ്കടത്തിന്റെ ആഴക്കയത്തിലായിരുന്നു. അവളുടെ കണ്ണില്‍ നിന്നും ദുഃഖത്തിന്റെ തിരമാലകള്‍ കണ്ണീരായി ഒഴുകിക്കൊണ്ടിരുന്നു. ആ ദുഃഖത്തിരമാലയെ അമ്മ ചേര്‍ത്തുപിടിച്ചു.